എണ്ണയ്ക്ക് യുവാൻ നൽകണമെന്ന റഷ്യയുടെ ആവശ്യം ഇന്ത്യ തള്ളി

  • അന്താരാഷ്ട്ര തലത്തില്‍ രൂപ പൂര്‍ണമായും പരിവര്‍ത്തനം ചെയ്യാവുന്ന കറന്‍സിയല്ല
  • രൂപയുടെ ചെലവില്‍ യുവാന്‍ ജനപ്രീതിയാര്‍ജ്ജിക്കുന്നത് ഇന്ത്യയ്ക്ക് ഒരിക്കലും പ്രോത്സാഹിപ്പിക്കാനാകില്ല

Update: 2023-10-20 06:07 GMT

ന്യൂഡല്‍ഹിയും ബീജിംഗും തമ്മിലുള്ള സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഇറക്കുമതിക്ക് ചൈനീസ് കറന്‍സിയായ യുവാൻ  നല്‍കണമെന്ന റഷ്യന്‍ എണ്ണ വിതരണക്കാരുടെ ആവശ്യം ഇന്ത്യ നിരസിച്ചു.

നേരത്തെ, റഷ്യന്‍ ക്രൂഡ് ഇറക്കുമതി ചെയ്തപ്പോള്‍ ഏറ്റവും വലിയ റിഫൈനറായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ യുവാൻ നൽകിയിരുന്നു. എന്നാല്‍ യുവാൻ നൽകുന്നതിൽ നിന്ന് ഐ ഒ സി യെ സര്‍ക്കാര്‍ തടഞ്ഞു.

ഇന്ത്യയുടെ പ്രധാന സാമ്പത്തിക സഖ്യകക്ഷിയാണ് റഷ്യ. എന്നാല്‍ രാഷ്ട്രീയ എതിരാളിയാണ് ചൈന. എതിരാളിയായ ചൈനയുടെ കറന്‍സിയില്‍ അതുകൊണ്ടു തന്നെ പേയ്‌മെന്റ് നടത്താന്‍ ഇന്ത്യ ഇഷ്ടപെടുന്നില്ല . ഇതാണ് യുവാനില്‍ പേയ്‌മെന്റ് നടത്തണമെന്ന റഷ്യയുടെ ആവശ്യം ഇന്ത്യ നിരസിക്കാന്‍ കാരണം.

ഇന്ത്യയിലെ റിഫൈനറികളില്‍ 70 ശതമാനവും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണ്. ഇറക്കുമതിക്കുള്ള പേയ്‌മെന്റ് നടത്തുന്നത് കേന്ദ്ര ധനമന്ത്രാലയത്തില്‍ നിന്നുള്ള നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ്. യുവാനില്‍ പണം നല്‍കണമെന്ന റഷ്യന്‍ എണ്ണ വിതരണക്കാരുടെ ആവശ്യം നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ഒരിക്കലും അനുവദിക്കില്ലെന്നു കേന്ദ്ര സര്‍ക്കാരിലെ രണ്ട് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

രൂപയുടെ ചെലവില്‍ യുവാന്‍ ജനപ്രീതിയാര്‍ജ്ജിക്കുന്നത് ഇന്ത്യയ്ക്ക് ഒരിക്കലും പ്രോത്സാഹിപ്പിക്കാനാകില്ല. പ്രത്യേകിച്ച് രൂപയെ അന്താരാഷ്ട്രവത്കരിക്കാന്‍ ഇന്ത്യ ശ്രമം നടത്തുമ്പോള്‍.

ചൈനയും, റഷ്യയും ഇന്ത്യയും ഉള്‍പ്പെടുന്ന ബ്രിക്‌സ് ചേരിയില്‍ പൊതു കറന്‍സിയെ അവതരിപ്പിക്കാനുള്ള നീക്കം എതിര്‍ത്ത ഒരേയൊരു രാജ്യം ഇന്ത്യയാണ്. കാരണം പൊതു കറന്‍സി വന്നാല്‍ അത് ഏറ്റവുമധികം ഗുണം ചെയ്യുന്നത് യുവാനായിരിക്കും.

റഷ്യ ഇപ്പോള്‍ ചൈനയെ കൂടുതല്‍ ആശ്രയിക്കുന്ന സാഹചര്യം ഉണ്ട്. ചൈനയില്‍നിന്നുള്ള ഇറക്കുമതിക്ക് റഷ്യയ്ക്ക് യുവാന്റെ വന്‍തോതിലുള്ള ശേഖരം ആവശ്യമാണ്. റഷ്യയില്‍ ഏറ്റവും കൂടുതല്‍ വ്യാപാരം ഇപ്പോള്‍ നടക്കുന്നത് ഡോളറിലല്ല. യുവാനിലാണ്. റഷ്യയുടെ ഭൂരിഭാഗം ബിസിനസ്സുകളും തീര്‍പ്പാക്കുന്നത് യുവാനിലാണ്.

അതേസമയം, റഷ്യയിലേക്ക് രൂപയുടെ സപ്ലൈ ആവശ്യത്തിലധികമാണ്. ഇന്ത്യയുമായുള്ള വിശാലമായ വ്യാപാരത്തിലൂടെ റഷ്യ കോടിക്കണക്കിനു ഡോളറിന്റെ മൂല്യമുള്ള രൂപ ആസ്തിയായി നേടിയിട്ടുണ്ട്.

അത് ആഗോള വ്യാപാരത്തിന് ഉപയോഗപ്പെടുത്താന്‍ പാടുപെടുന്നുമുണ്ട്. കാരണം അന്താരാഷ്ട്ര തലത്തില്‍ രൂപ പൂര്‍ണമായും പരിവര്‍ത്തനം ചെയ്യാവുന്ന കറന്‍സിയല്ല.

സാധാരണയായി റഷ്യയില്‍ നിന്നുള്ള എണ്ണയുടെ ഇറക്കുമതിക്ക് ഇന്ത്യന്‍ റിഫൈനര്‍മാര്‍ യുഎഇയുടെ കറന്‍സിയായ ദിര്‍ഹത്തിലും യുഎസ് ഡോളറിലുമാണ് പേയ്‌മെന്റ് നടത്തുന്നത്. ഒരു ചെറിയ തുക ഇന്ത്യന്‍ രൂപയിലും പേയ്‌മെന്റ് നടത്താറുണ്ട്.

ചില ചെറിയ ഇടപാടിനു യുവാന്‍ ഉപയോഗിക്കാറുണ്ടെങ്കിലും എണ്ണ ഇടപാടിന് ചൈനീസ് കറന്‍സി ഉപയോഗിക്കണമെന്നാണ് റഷ്യന്‍ എണ്ണ വിതരണക്കാര്‍ ആവശ്യപ്പെടുന്നത്.

ഇപ്പോള്‍ ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ ക്രൂഡ് വിതരണക്കാര്‍ റഷ്യയാണ്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്ക് റഷ്യ കയറ്റുമതി ചെയ്യുന്ന എണ്ണയുടെ പകുതിയും ഇന്ത്യയിലേക്കാണ്.

Tags:    

Similar News