ജൈവവൈവിധ്യ സംരക്ഷണത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധം: പ്രധാനമന്ത്രി

  • ഭൂമിയെ സംരക്ഷിക്കുക എന്നത് ആഗോള ഉത്തരവാദിത്തം
  • പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ്ജ ശേഷിയില്‍ ഇന്ത്യ മികവില്‍
  • പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കാന്‍ ആഗോള ശ്രമങ്ങള്‍വേണം

Update: 2023-07-28 12:03 GMT

ജൈവവൈവിധ്യ സംരക്ഷണം, കാലാവസ്ഥാ പ്രവര്‍ത്തനം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്കുള്ള ഇന്ത്യയുടെ അചഞ്ചലമായ പ്രതിബദ്ധത എടുത്തുപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെന്നൈയില്‍ നടന്ന ജി20 പരിസ്ഥിതി, കാലാവസ്ഥാ മന്ത്രിമാരുടെ യോഗത്തെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂമിയെ സംരക്ഷിക്കാനുള്ള ആഗോള ഉത്തരവാദിത്തം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, കാലാവസ്ഥാ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ വളരെക്കാലമായി അവഗണിക്കപ്പെട്ട ഒരു അടിസ്ഥാന കടമയാണെന്ന് പറഞ്ഞു.

ഫോസില്‍ ഇതര ഇന്ധന സ്രോതസുകളില്‍ നിന്നുള്ള സ്ഥാപിത വൈദ്യുത ശേഷിയുടെ നേട്ടം കാലാവധിക്കുമുമ്പുതന്നെ ഇന്ത്യ കൈവരിച്ചു.

പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ്ജ ശേഷിയുടെ കാര്യത്തില്‍ ആഗോളതലത്തില്‍ ഏറ്റവും മികച്ച അഞ്ച് രാജ്യങ്ങളില്‍ ഇന്ത്യ ഇപ്പോള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. 2070-ഓടെ 'നെറ്റ് സീറോ' ഉദ്വമനം ലക്ഷ്യമിട്ട് അതിലും ഉയര്‍ന്ന ബാര്‍ സജ്ജമാക്കുകയും ചെയ്തു.

ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ്, സിഡിആര്‍ഐ, 'ലീഡര്‍ഷിപ്പ് ഗ്രൂപ്പ് ഫോര്‍ ഇന്‍ഡസ്ട്രി ട്രാന്‍സിഷന്‍' എന്നിവയുള്‍പ്പെടെയുള്ള പങ്കാളികളുമായി ഇന്ത്യ സഹകരിക്കുന്നതില്‍ പ്രധാനമന്ത്രി മോദി പ്രത്യാശ പ്രകടിപ്പിച്ചു.

'ഇന്റര്‍നാഷണല്‍ ബിഗ് ക്യാറ്റ് അലയന്‍സ്' ആരംഭിച്ചതിനെ അദ്ദേഹം അഭിനന്ദിച്ചു. 'പ്രോജക്റ്റ് ടൈഗര്‍' സംരക്ഷണ സംരംഭത്തിന്റെ വിജയത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. അതിന്റെ ഫലമായി ലോകത്തിലെ 70% കടുവകളും ഇപ്പോള്‍ ഇന്ത്യയില്‍ വസിക്കുന്നു. പ്രോജക്ട് ലയണ്‍, പ്രോജക്ട് ഡോള്‍ഫിന്‍ തുടങ്ങിയ നിലവിലുള്ള പ്രോജക്ടുകളെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

ഒരു വര്‍ഷത്തിനുള്ളില്‍ 63,000-ലധികം ജലാശയങ്ങള്‍ വികസിപ്പിച്ചെടുത്ത 'മിഷന്‍ അമൃത് സരോവര്‍' എന്നസംരഭത്തെപ്പറ്റി പരാമര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രി അവയിലുള്ള സമൂഹ പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും എടുത്തുപറഞ്ഞു.ഗംഗാ നദിയെ പുനരുജ്ജീവിപ്പിക്കുന്നതില്‍ വിജയിച്ചതിന് 'നമാമി ഗംഗെ മിഷന്‍' അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. ഗംഗാ ഡോള്‍ഫിന് നദിയുടെ വിവിധ ഭാഗങ്ങളില്‍ തിരിച്ചെത്താന്‍ കഴിഞ്ഞു.

സുസ്ഥിരമായ നീല, സമുദ്ര അധിഷ്ഠിത സമ്പദ് വ്യവസ്ഥയ്ക്കായുള്ള ജി 20 ഉന്നതതല തത്വങ്ങള്‍ സ്വീകരിക്കുന്നതില്‍ പ്രധാനമന്ത്രി ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുകയും പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കാനുള്ള ആഗോള ശ്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്യുകയും ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിന് വ്യക്തിപരവും കൂട്ടായതുമായ പ്രവര്‍ത്തനത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് യുഎന്‍ സെക്രട്ടറി ജനറലിനൊപ്പം 'മിഷന്‍ ലൈഫ് - ലൈഫ് സ്‌റ്റൈല്‍ ഫോര്‍ എന്‍വയോണ്‍മെന്റ്' ആരംഭിച്ചത് പ്രധാനമന്ത്രി മോദി അനുസ്മരിച്ചു.

Tags:    

Similar News