10 ലക്ഷം നിക്ഷേപിച്ചാൽ മാസം 50,000 രൂപ പലിശ ; സഹോദരങ്ങൾ തട്ടിയത് 150 കോടി, സംഭവം ഇരിങ്ങാലക്കുടയിൽ
ഇരിങ്ങാലക്കുടയിൽ വൻ നിക്ഷേപ തട്ടിപ്പ്. ഇരിങ്ങാലക്കുട സ്വദേശി ബിബിൻ കെ.ബാബുവും രണ്ട് സഹോദരങ്ങൾക്കുമെതിരെയാണ് പരാതി. ബില്യൺ ബീസ് എന്ന നിക്ഷേപ പദ്ധതിയിലൂടെയാണ് സഹോദരങ്ങൾ തട്ടിപ്പ് നടത്തിയത്. 10 ലക്ഷം മുടക്കിയാൽ പ്രതിമാസം 30,000 മുതൽ 50,000 രൂപ വരെ ലാഭം വാഗ്ദാനം ചെയ്താണ് തട്ടിപ്പ്.
കേരളത്തിൽ ആകെ 150 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക വിലയിരുത്തൽ. സ്ഥാപനത്തിനെതിരെ 32 നിക്ഷേപകരാണ് പരാതി നൽകിയിരിക്കുന്നത്. ഇരിങ്ങാലക്കുട പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. തട്ടിപ്പ് നടത്തിയ സ്ഥാപനത്തിൻറെ ഉടമകൾ ഒളിവിലാണ്.
2020-മുതലാണ് ബില്യൺ ബീസ് തട്ടിപ്പ് ആരംഭിച്ചത്. ട്രേഡിംഗിലൂടെ അമിതമായ പലിശ നൽകാമെന്നായിരുന്നു വാഗ്ദാനം. ഈ വാഗ്ദാനത്തിൽ വീണ നിരവധി പേർ നിക്ഷേപം നടത്തി. ആദ്യത്തെ അഞ്ച് മാസത്തോളം ഇവർക്ക് വാഗ്ദാനം ചെയ്ത പലിശ ലഭിച്ചിരുന്നു. പലിശ ലഭിച്ചവർ വീണ്ടും ഇതേ സ്ഥാപനത്തിൽത്തന്നെ നിക്ഷേപം നടത്തി. എന്നാൽ പിന്നീട് സ്ഥാപന ഉടമകൾ മുങ്ങുകയായിരുന്നു.