കുട്ടികൾക്ക് ഹെൽമറ്റ് നിർബന്ധം, കാറുകളിൽ പ്രത്യേക സീറ്റ്:പാലിച്ചില്ലെങ്കില്‍ പിഴ
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ പുതിയ പരിഷ്കാരങ്ങളുമായി ഗതാഗത കമ്മീഷണർ. സംസ്ഥാനത്ത് 4 വയസിന് മുകളിലുള്ള കുട്ടികൾക്ക് ഹെൽമറ്റും 4-14 വയസുവരെയുള്ള കുട്ടികള്‍ക്ക് കാറുകളില്‍ പ്രത്യേക സീറ്റും നിർബന്ധമാക്കി.
നാല് മുതല്‍ 14 വയസ് വരെയുള്ള, 135 സെ.മീറ്ററിൽ താഴെ ഉയരവുമുള്ള കുട്ടികള്‍ കാറിന്റെ പിന്‍സീറ്റില്‍ ചൈല്‍ഡ് ബൂസ്റ്റര്‍ കുഷ്യനില്‍ സുരക്ഷാ ബെല്‍റ്റ് ധരിച്ചു വേണം ഇരിക്കാന്‍. നാലു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കാറുകളുടെ പിന്‍സീറ്റില്‍ പ്രായത്തിന് അനുസരിച്ച്, ബെല്‍റ്റ് ഉള്‍പ്പെടെയുള്ള പ്രത്യേക ഇരിപ്പിടം സജ്ജമാക്കണം. സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഡ്രൈവര്‍ ഉറപ്പാക്കണമെന്നും ഗതാഗത കമ്മീഷണർ നിർദ്ദേശിച്ചു. ഇരുചക്ര വാഹനയാത്രയിൽ കുട്ടികളെ രക്ഷിതാക്കളുമായി ബെൽറ്റ് ഉപയോഗിച്ച് ബന്ധിപ്പിക്കുന്നത് അപകടം കുറയ്ക്കുമെന്നും ഇത് സംബന്ധിച്ച് ഒക്ടോബർ നവംബർ മാസങ്ങളിൽ പ്രചാരണവും മുന്നറിയിപ്പ് നല്കുകയും ഡിസംബർ മാസം മുതൽ പിഴ ഈടാക്കുമെന്നും ഗതാഗത കമ്മീഷണർ വ്യക്തമാക്കി.