റോഡ് അപകടങ്ങള്‍ കുറയ്ക്കാന്‍ കടുത്ത നടപടികളുമായി സര്‍ക്കാര്‍
- കൂടുതല്‍ എഐ ക്യാമറകള്‍ സ്ഥാപിക്കും
- നിലവില്‍ സംസ്ഥാനത്ത് 675 എഐ കാമറകള്‍ ആണ് ഉള്ളത്
- റോഡുകളില്‍ 24 മണിക്കൂറും പൊലീസിനെയും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെയും വിന്യസിക്കും
റോഡ് അപകടങ്ങള്‍ കുറയ്ക്കാന്‍ നടപടികള്‍ കടുപ്പിച്ച് സര്‍ക്കാര്‍. കര്‍ശന പരിശോധനയോടൊപ്പം സംസ്ഥാനത്തെ ട്രാഫിക് നിയമലംഘകരെ കണ്ടെത്താന്‍ നിലവില്‍ സംസ്ഥാനത്ത് 675 എഐ കാമറകള്‍ ആണ് ഉള്ളത്.
ഇല്ലാത്ത സ്ഥലങ്ങളില്‍ കൂടുതല്‍ എഐ കാമറകള്‍ സ്ഥാപിക്കാന്‍ എഡിജിപി മനോജ് എബ്രഹാം വിളിച്ചു ചേര്‍ത്ത ഉന്നതതല പൊലീസ് യോഗത്തില്‍ തീരുമാനമായി. എഐ കാമറകള്‍ പുതുതായി സ്ഥാപിക്കേണ്ട സ്ഥലങ്ങള്‍ കണ്ടെത്താന്‍ യോഗം ട്രാഫിക് ഐജിയോട് നിര്‍ദേശിച്ചു. ഐജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും പുതിയ കാമറകള്‍ സ്ഥാപിക്കുക.
അടുത്തിടെ ഉണ്ടായ അപകടങ്ങളില്‍ നിരവധിപ്പേരുടെ ജീവന് പൊലിഞ്ഞ പശ്ചാത്തലത്തിലാണ് ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനുള്ള തീരുമാനം.
മദ്യപിച്ച് വാഹനം ഓടിക്കല്‍, അമിത വേഗത, അശ്രദ്ധമായി വണ്ടി ഓടിക്കല്‍ എന്നിവയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇതിന് പുറമേ ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിക്കല്‍, സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാര്‍ ഓടിക്കല്‍ എന്നിവയ്ക്കെതിരെയും നടപടികള്‍ ശക്തമാക്കും.
ഇതിനായി റോഡുകളില്‍ 24 മണിക്കൂറും പൊലീസിനെയും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെയും വിന്യസിച്ച് കര്‍ശന പരിശോധന നടത്തും. ഹൈവേകളില്‍ 24 മണിക്കൂറും സ്പീഡ് റഡാറുമായാണ് പരിശോധന നടത്തുക.