പുതിയ പദ്ധതികൾക്കായി ജി സി ഡി എ ബോണ്ടുകൾ ഇറക്കിയേക്കും

ഈ വർഷം 127.68 കോടി ജി സി ഡി എ ചെലവഴിക്കും;

Update: 2023-09-23 12:01 GMT
Greater Cochin Development Authority
  • whatsapp icon

കൊച്ചി: ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (ജിസിഡിഎ) ഭാവി പദ്ധതികള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതിനായി ബോണ്ടുകള്‍ ഇറക്കാനുള്ള  സാധ്യതകള്‍ പരിശോധിക്കുന്നു. അതോറിറ്റി നിരവധി പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഈ പദ്ധതികള്‍ക്ക് ബാങ്ക് ധനസഹായം മാത്രം മതിയാകില്ലെന്നും ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍ പിള്ള മൈഫിന്‍പോയിന്റ് ഡോട്ട്‌കോമിനോട് പറഞ്ഞു.

' ബോണ്ടുകളിലൂടെ ഫണ്ട് സ്വരൂപിക്കുന്നത് സമീപകാലത്ത്, പ്രത്യേകിച്ച് ഉത്തരേന്ത്യയിലെ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കിടയില്‍ ആക്കം സൃഷ്ടിച്ചിട്ടുണ്ട്. മുന്നോട്ട് പോകുമ്പോള്‍ നമ്മുടെ സംസ്ഥാനത്തും ഇത് ശ്രദ്ധ  നേടുമെന്നാണ് ഞാന്‍ കരുതുന്നത്' പിള്ള പറഞ്ഞു .

 ആദ്യഘട്ടത്തിലെ ബോണ്ട്  കുടിവെള്ള പദ്ധതികള്‍ക്കും വന്‍കിട റോഡ് പദ്ധതികള്‍ക്കും ഉപയോഗിക്കാനാണ്  ജിസിഡിഎ ആലോചിക്കുന്നത്. ബോണ്ട് ഇഷ്യു വളരെയധികം വെല്ലുവിളികള്‍ നേരിടുന്ന ഒന്നാണ്. പ്രത്യേകിച്ച് കോര്‍പറേറ്റുകള്‍ ഉള്‍പ്പെടെയുള്ള ബോണ്ട് ഇഷ്യു ചെയ്യുന്ന സ്ഥാപനങ്ങളൊന്നും സംസ്ഥാനത്ത് അത്ര പരിചിതമല്ല. മാത്രവുമല്ല അത് നീണ്ട പ്രക്രിയകളിലൂടെ കടന്നു പോകുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു.

കിഫ്ബി 2018 ല്‍ മാസാല ബോണ്ട് അല്ലെങ്കില്‍ രൂപ ബോണ്ട് ഇഷ്യു ചെയ്ത് 2150 കോടി രൂപ സമാഹരിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് ഇതുവരെ ജനപ്രീതി നേടിയിട്ടില്ലാത്ത ഒരു പ്രക്രിയയാണിത്. ബോണ്ട് ഇഷ്യു ചെയ്യുന്ന സ്ഥാപനങ്ങള്‍ ഇഷ്യുവര്‍ റേറ്റിംഗ് ഏജന്‍സികളെ സമീപിക്കുന്നത് ഉള്‍പ്പെടെ വളരെയധികം അടിസ്ഥാനപരമായ നടപടിക്രമങ്ങള്‍ ഇതിന് ആവശ്യമാണ്.

2023-24 ബജറ്റ്

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ അവതരിപ്പിച്ച ബജറ്റില്‍ 127.68 കോടി രൂപയുടെ ചെലവഴിക്കലാണ് ജിസിഡിഎ നിര്‍ദ്ദേശിച്ചിട്ടുള്ളത്. അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള മൈതാനങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവയില്‍ നിന്നും വാടകയിനത്തില്‍ ഈടാക്കുന്ന വാടകയാണ് അതേറിറ്റിയുടെ പ്രധാന വരുമാനമെന്നും പിള്ള വ്യക്തമാക്കി. ഇതിനു പുറമേ സര്‍ക്കാര്‍ പ്രതിവര്‍ഷം രണ്ട് കോടി രൂപ അതേറിറ്റിക്കായി വകയിരുത്താറുണ്ട്.

പദ്ധതികള്‍

കലൂര്‍-കടവന്ത്ര റോഡില്‍ നോണ്‍ മോട്ടോറൈസ്ഡ് ട്രാന്‍സ്‌പോര്‍ട്ട് (എന്‍എംടി) ഇടനാഴി, 150 കോടി രൂപയുടെ സിറ്റി സ്‌ക്വയര്‍ പദ്ധതി, കൊമേഴ്‌സ്യല്‍ കം റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സ്, കരിമുഗൾ  മള്‍ട്ടിപര്‍പ്പസ് ഹാള്‍, മറൈന്‍ ഡ്രെവിലെ ഷോപ്പിംഗ് കോപ്ലക്‌സ് എന്നിവ അതോറിറ്റിയുടെ പദ്ധതികളില്‍ ചിലതാണ്.

കലൂര്‍-കടവന്ത്ര എന്‍എംടി ഇടനാഴിക്കായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡുമായി (കെഎംആര്‍എല്‍) ജിസിഡിഎ ഇതിനകം ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. ഫ്രഞ്ച് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള എ എഫ്  ഡി  ഈ പദ്ധതിക്ക് 17 കോടി രൂപ ധനസഹായം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കലൂരിലെ ജി.സി.ഡി.എയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പൊതു-സ്വകാര്യ പങ്കാളിത്ത (പി.പി.പി) പദ്ധതിയായി സിറ്റി സ്‌ക്വയര്‍ പദ്ധതിയും ജി സി ഡി എ യുടെ പരിഗണനയിലുണ്ട്..

Tags:    

Similar News