ജി20 ഉച്ചകോടി: ന്യൂഡെല്‍ഹി മുഖം മിനുക്കുന്നു

  • യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ താമസിക്കുന്നത് ഐടിസി മൗര്യയില്‍
  • നഗരത്തെ കൂടുതല്‍ മനോഹരമാക്കാന്‍ പദ്ധതികള്‍
  • ശുചീകരണ പ്രവര്‍ത്തനങ്ങള്‍, റോഡുകളുടെ പരിപാലനം എന്നിവക്കായി നിരീക്ഷണ സംവിധാനം

Update: 2023-08-16 06:42 GMT

ജി 20  ഉച്ചകോടിക്ക് മുന്നോടിയായി രാഷ്ട്രത്തലവന്‍മാര്‍ക്ക് താമസ സൗകര്യമൊരുക്കുന്നതിന് ന്യൂഡെല്‍ഹിയിലെ മുന്തിയ ഹോട്ടലുകള്‍ തയ്യാറെടുക്കുന്നു. 18-ാമത് ഉച്ചകോടി സെപ്റ്റംബര്‍ 9,10 തീയതികളിലാണ് ദേശീയ തലസ്ഥാനത്ത് നടക്കുക.  പ്രഗതി മൈതാനിയിലെ  അടുത്തിടെ ഉദ്ഘാടനം ചെയ്ത അത്യാധുനിക കണ്‍വെന്‍ഷന്‍ കോംപ്ലക്‌സ് സമ്മേളനത്തിന് വേദിയാകുക. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്കും വിശിഷ്ടാതിഥികള്‍ക്കുമായി 35 ഓളം ഹോട്ടലുകളാണ് ഇവിടെ ബുക്കുചെയ്തിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്തു.

മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, സിവില്‍ സൊസൈറ്റികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത നിരവധി യോഗങ്ങളുടെ പരിസമാപ്തിയാകും ഉച്ചകോടി. താജ്മഹല്‍, താജ് പാലസ്, മൗര്യ ഷെറാട്ടണ്‍, ലെ മെറിഡിയന്‍, ഷാംഗ്രി-ലാ, ഇംപീരിയല്‍, ഒബ്റോയ്, ലീല തുടങ്ങിയവ ലോകത്തിലെ പ്രമുഖ വ്യക്തികള്‍ക്ക് ആതിഥ്യമരുളാന്‍ പോകുന്ന പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഉള്‍പ്പെടുന്നു.

യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഐടിസി മൗര്യയിലും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് താജ് പാലസിലും താമസിക്കാന്‍ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

റിപ്പോര്‍ട്ട് അനുസരിച്ച്, ഹോട്ടലുകള്‍ അവരുടെ അലങ്കാരത്തിനും സേവന നിലവാരത്തിനും ഒപ്പം അവരുടെ ഭക്ഷണ ഓഫറുകള്‍ നവീകരിക്കുകയാണ്. ``അതിഥി ദേവോ ഭവ'' എന്ന ജി 20 ആശയത്തിന് അനുസൃതമായി, നിരവധി ഹോസ്പിറ്റാലിറ്റി ശൃംഖലകളും ചില പ്രത്യേക നിയമനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

ജി 20 വെബ്സൈറ്റ് അനുസരിച്ച്, ന്യൂഡല്‍ഹി ഉച്ചകോടിയുടെ സമാപനത്തില്‍  ജി 20 നേതാക്കളുടെ സംയുക്ത പ്രഖ്യാപനം ഉണ്ടാകും. അതാത് മന്ത്രിമാരുടെയും വര്‍ക്കിംഗ് ഗ്രൂപ്പ് യോഗങ്ങളിൽ  ചര്‍ച്ച ചെയ്തതും അംഗീകരിച്ചതുമായ അജണ്ടകൾ  ഇവിടെ പ്രസ്താവിക്കുമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

നഗരത്തിലെ 26 പ്രമുഖ റോഡുകള്‍ വൃത്തിയാക്കുന്നതിനും പരിപാലിക്കുന്നതിനുമായി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫ് ഡല്‍ഹി (എംസിഡി) ഓഗസ്റ്റ് 16 മുതല്‍ ഒരു പ്രത്യേക ഡ്രൈവ് ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പിടിഐയോട് പറഞ്ഞു. മഥുര റോഡ്, ഭൈറോണ്‍ മാര്‍ഗ്, സച്ചിവലയ റോഡ്, പുരാണ ക്വില റോഡ്, ലോധി റോഡ്, മൗലാന മുഹമ്മദ് അലി ജൗഹര്‍ മാര്‍ഗ്, സൂരജ് കുണ്ഡ് റോഡ്, മഹാത്മാഗാന്ധി റോഡ് തുടങ്ങിയ 26 റോഡുകളാണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളത്.

നോഡല്‍ ഓഫീസര്‍മാര്‍ അവരുടെ ടീമുകള്‍ക്കൊപ്പം എംആര്‍എസ്എം (മെക്കാനിക്കല്‍ റോഡ് സ്വീപ്പിംഗ് മെഷീനുകള്‍), മള്‍ട്ടി പര്‍പ്പസ് വാഹനങ്ങള്‍ എന്നിവയുടെ വിന്യാസത്തിലൂടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍, റോഡുകളുടെ പരിപാലനം, എന്നിവ നിരീക്ഷിക്കുമെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇതുകൂടാതെ, മെച്ചപ്പെട്ട സൗകര്യങ്ങളോടെ നഗരത്തെ മനോഹരമാക്കുന്നതിന് ഒരു തീമാറ്റിക് പാര്‍ക്ക് വികസിപ്പിച്ച് ദേശീയ തലസ്ഥാനത്തെ അലങ്കരിക്കാനും എംസിഡി പദ്ധതിയിട്ടിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രേറ്റര്‍ കൈലാഷ്-2-ലെ എം-ബ്ലോക്കിലെ പാര്‍ക്കിന്റെ പരിസരത്താണ് ജി20-തീം പാര്‍ക്ക് വികസിപ്പിക്കുക. ''ഉച്ചകോടിക്ക് മുന്നോടിയായി നഗരത്തെ മനോഹരമാക്കുന്നതിനും നാഗരിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി ഞങ്ങള്‍ നിരവധി കാര്യങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. വിവിധ പ്രമുഖ സ്ഥലങ്ങളില്‍ ഒരു ലക്ഷത്തിലധികം പൂച്ചട്ടികള്‍ സ്ഥാപിക്കാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നു. പ്രധാന സ്ഥലങ്ങളിലും മാര്‍ക്കറ്റുകളിലും മാലിന്യം തള്ളുന്നത് നിയന്ത്രിക്കാന്‍ തെരുവുകളില്‍ അധിക ഡസ്റ്റ്ബിന്നുകള്‍ സൂക്ഷിക്കും,' മുതിര്‍ന്ന എംസിഡി ഉദ്യോഗസ്ഥന്‍ പിടിഐ ഉദ്ധരിച്ച് പറഞ്ഞു.

Tags:    

Similar News