മൃഗസംരക്ഷണത്തിനു ജി20 യിൽ നിന്ന് 25 ദശലക്ഷം ഡോളര്‍

  • മൃഗങ്ങളില്‍ നിന്നുള്ള പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തിലാണ് നടപടി
  • ലബോറട്ടറി ശൃംഖല നവീകരിക്കുകയും ഡാറ്റാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനും തുക വിനിയോഗിക്കും

Update: 2023-08-21 11:51 GMT

ഇന്ത്യയുടെ മൃഗസംരക്ഷണ വകുപ്പിന് പകര്‍ച്ചവ്യാധികള്‍ നേരിടുന്നതിനായി 25 ദശലക്ഷം ഡോളര്‍ ജി 20 പാന്‍ഡെമിക് ഫണ്ടില്‍നിന്നും അനുവദിച്ചു. ഈ ഫണ്ടിംഗ് ഇന്ത്യയുടെ മൃഗാരോഗ്യ സംവിധാനം മെച്ചപ്പെടുത്തും. സമീപ ദശകങ്ങളില്‍ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച അന്താരാഷ്ട്ര തലത്തിലുള്ള ആരോഗ്യ അടിയന്തരാവസ്ഥകളില്‍ അഞ്ചെണ്ണം മൃഗങ്ങളില്‍ നിന്നുള്ളതാണ്. ഇത് മൃഗങ്ങളുടെ ആരോഗ്യത്തെ പരിപാലിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുപറയുന്നു.

ഇന്ത്യ സമര്‍പ്പിച്ച പ്രസ്തുത പദ്ധതിക്ക് ജി 20 പാന്‍ഡമിക് ഫണ്ട് അംഗീകാരം നല്‍കുകയായിരുന്നു. ഇന്തോനേഷ്യയുടെ ജി 20 പ്രസിഡന്‍സിക്ക് കീഴില്‍ സ്ഥാപിതമായ പാന്‍ഡെമിക് ഫണ്ട്, താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ദേശീയ, പ്രാദേശിക, ആഗോള തലങ്ങളില്‍ പകര്‍ച്ചവ്യാധിപ്രതിരോധം, തയ്യാറെടുപ്പ് തുടങ്ങിയവ ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ണായക നിക്ഷേപങ്ങള്‍ക്ക് ധനസഹായം നല്‍കുന്നു.

രോഗ നിരീക്ഷണവും മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനവും ശക്തിപ്പെടുത്തുകയും സമന്വയിപ്പിക്കുകയും ചെയ്യുക, ലബോറട്ടറി ശൃംഖല നവീകരിക്കുകയും വിപുലീകരിക്കുകയും ചെയ്യുക, ഡാറ്റാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക, അപകടസാധ്യത വിശകലനത്തിനും ആശയവിനിമയത്തിനുമായി ഡാറ്റാ അനലിറ്റിക്സിന്റെ ശേഷി വര്‍ധിപ്പിക്കുക, അതിര്‍ത്തി കടന്നുള്ള ആരോഗ്യ സുരക്ഷ ശക്തിപ്പെടുത്തുക എന്നിവയാണ് ഫണ്ടിന്റെ നിര്‍ദ്ദേശങ്ങളും ഇടപെടലുകളും.

മന്ത്രാലയം പറയുന്നതനുസരിച്ച്, പാന്‍ഡെമിക് ഫണ്ട് പാന്‍ഡെമിക് പ്രതിരോധം, തയ്യാറെടുപ്പ്, പ്രതികരണം എന്നിവയ്ക്കായി കൂടുതല്‍ ശക്തിപകരും. ഇത് പങ്കാളികള്‍ക്കിയില്‍ ഏകോപനം വര്‍ധിപ്പിക്കാനും സഹായകരമാകും. മൃഗങ്ങളില്‍ നിന്ന് (വളര്‍ത്തുമൃഗങ്ങളില്‍ നിന്നും വന്യജീവികളില്‍ നിന്നും) ഒരു രോഗാണു മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത കുറയ്ക്കുന്നതായിരിക്കും പദ്ധതിയുടെപ്രയോജനം.

ലോകബാങ്ക്, ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ (എഫ്എഒഒ) എന്നിവയുമായി ചേര്‍ന്ന് ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക.

Tags:    

Similar News