വിഴിഞ്ഞം തുറമുഖത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; വ്യാജ തൊഴിൽ പരസ്യങ്ങൾ വ്യാപകം
വിഴിഞ്ഞം തുറമുഖത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നതായി പരാതി. ഇമെയിൽ, വാട്ട്സാപ് സന്ദേശങ്ങളിലൂടെ വ്യാജ തൊഴിൽ വാഗ്ദാനം നൽകി ഉദ്യോഗാർത്ഥികളിൽ പണം വാങ്ങുന്നതായാണ് ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത്. തുറമുഖത്തെ നിയമനങ്ങൾക്കായി ഒരു ഏജൻസിയേയും നിയോഗിച്ചിട്ടില്ലെന്ന് മാനേജിങ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഐഎഎസ് അറിയിച്ചു.
വിഴിഞ്ഞം തുറമുഖത്തെ തൊഴിലവസരങ്ങളുടെ വിവരങ്ങൾ പ്രമുഖ മാധ്യമങ്ങളിലും കമ്പനി വെബ്സൈറ്റായ www.vizhinjamport.in ലും പ്രസിദ്ധീകരിക്കുന്നതാണെന്നും വ്യാജ തൊഴിൽ പരസ്യങ്ങളിൽപ്പെട്ട് വഞ്ചിതരാവരുതെന്നും തുറമുഖ കമ്പനി അറിയിച്ചു. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിനെ പ്രതിനിധീകരിക്കുന്നുവെന്ന് വ്യാജമായി അവകാശപ്പെടുന്ന വ്യക്തികളുടെയോ സംഘടനകളുടെയോ വാഗ്ദാനങ്ങളിൽപ്പെട്ട് ഉദ്യോഗാർത്ഥികൾക്ക് ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്ക് കമ്പനി ഉത്തരവാദി ആയിരിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.