ഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

  • ആഗോള സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച ദുര്‍ബലം
  • 2030-ല്‍ 1.2 ബില്യണ്‍ തൊഴിലവസരങ്ങള്‍ ആവശ്യമെന്ന് കണക്കുകള്‍
  • ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 6.7% ആയിരിക്കുമെന്നാണ് ലോകബാങ്ക് വിലയിരുത്തുന്നത്
;

Update: 2025-03-08 09:09 GMT

ആഗോള സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച ദുര്‍ബലം. ഇന്ത്യയടക്കമുള്ള വികസിത, എമര്‍ജിങ് വിപണികളില്‍ മാന്ദ്യമുണ്ടാവാമെന്ന്് ലോക ബാങ്ക് മുന്നറിയിപ്പ്.

ആഗോള സമ്പദ് വ്യവസ്ഥ സ്ഥിരത കൈവരിക്കുന്നുണ്ട്. എന്നാല്‍ വളര്‍ച്ച മന്ദഗതിയിലാണ്. ഇത് ഇന്ത്യ അടക്കമുള്ള വികസിത രാജ്യങ്ങളിലും എമര്‍ജിങ് വിപണികളിലും മാന്ദ്യമുണ്ടാക്കാമെന്നുമാണ് ലോകബാങ്കിലെ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ അന്ന ബ്ജെര്‍ഡെ വ്യക്തമാക്കിയത്.

ഈ സ്തംഭനാവസ്ഥ ആഗോളതലത്തില്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും സാമ്പത്തിക വീണ്ടെടുക്കലിനും വെല്ലുവിളികള്‍ ഉയര്‍ത്തും.

2030 ആകുമ്പോഴേക്കും 1.2 ബില്യണ്‍ തൊഴിലവസരങ്ങള്‍ ആവശ്യമാണ്. എന്നാല്‍ നിലവില്‍ 420 ദശലക്ഷം അവസരങ്ങള്‍ മാത്രമേ പ്രവചിക്കാന്‍ സാധിക്കു. വര്‍ധിച്ചുവരുന്ന വ്യാപാര പിരിമുറുക്കങ്ങള്‍ കുറയേണ്ടത് അനിവാര്യമാണ്. എങ്കിലേ വ്യാപാരം, സാങ്കേതികവിദ്യ, നവീകരണം എന്നിവയിലൂടെയുള്ള ആഗോള സാമ്പത്തിക ഏകീകരണം നടക്കു. തൊഴില്‍ വിപണി ഉണരാന്‍ ഇത് ആവശ്യമാണെന്നും അവര്‍ ചൂണ്ടികാട്ടി.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ശ്രദ്ധേയമാണ്. 2000 മുതല്‍ 2019 വരെ ശരാശരി 6.6% ആണ് വളര്‍ച്ചാ നിരക്ക്. കോവിഡിന് ശേഷമുള്ള ശക്തമായ വീണ്ടെടുക്കലും രാജ്യം കാഴ്ച വച്ചു. നിലവില്‍ ലോകബാങ്ക് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 6.7% ആയിരിക്കുമെന്നാണ് വിലയിരുത്തുന്നത്.

2047 ഓടെ സാമ്പത്തിക ശക്തിയായി രാജ്യം മാറണമെങ്കില്‍ ഈ വളര്‍ച്ച നിരക്ക് അപര്യാപ്തമാണെന്നും അവര്‍ വ്യക്തമാക്കി. ഇതിനായി അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ അതിന്റെ നിക്ഷേപ-ജിഡിപി അനുപാതം 33% ല്‍ നിന്ന് 40% ആയി ഉയര്‍ത്തേണ്ടതുണ്ട്.

ഇന്ത്യയുടെ തൊഴില്‍ അവസരങ്ങളിലെ വനിതാ പങ്കാളിത്തം മറ്റ് പല രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്. സ്ത്രീകളുടെ പങ്കാളിത്തം 35.6% ല്‍ നിന്ന് 50% ആയി വര്‍ധിപ്പിച്ചാല്‍ ജിഡിപിയില്‍ 1% വര്‍ധന ദൃശ്യമാവും. ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ രാജ്യം പുത്തന്‍ സാങ്കേതിക വിദ്യകളിലേക്ക് അതിവേഗം ചുവട് മാറ്റണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു. 

Tags:    

Similar News