ഗാര്‍ഹിക സമ്പാദ്യം ഇടിയുന്നു; വില്ലന്‍ സുരക്ഷിതമല്ലാത്ത പേഴ്‌സണല്‍ ലോണ്‍

  • ഗാര്‍ഹിക സമ്പാദ്യം ഇടിയുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് ഭീഷണി
  • എന്‍ബിഎഫ്‌സികളില്‍ നിന്ന് കടമെടുപ്പ് കൂടുതല്‍
  • കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത ഉയരുന്നു
;

Update: 2025-03-01 11:45 GMT

വായ്പകള്‍ ഇന്ത്യക്കാരുടെ കീശ ചോര്‍ത്തുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. വില്ലനാവുന്നത് സുരക്ഷിതമല്ലാത്ത വ്യക്തിഗത വായ്പകള്‍. ഗാര്‍ഹിത സമ്പാദ്യം ഇടിയുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഭീഷണിയെന്നും കണ്ടെത്തല്‍.

ബ്ലും റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ഗാര്‍ഹിക സമ്പാദ്യം താഴ്ന്ന നിലയിലെത്തി. ഗാര്‍ഹിക സമ്പാദ്യം 2000 ല്‍ മൊത്തം സമ്പാദ്യത്തിന്റെ 84% ല്‍ നിന്ന് 2023ല്‍ 61% ആയിട്ടാണ് കുറഞ്ഞത്. വ്യക്തിഗത വായ്പകളുടെ വര്‍ധനവ് മൂലമാണ് ഈ കുറവെന്നാണ് വിലയിരുത്തല്‍. പ്രത്യേകിച്ച് സുരക്ഷിതമല്ലാത്ത വായ്പകളിലാണ് വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്.

ഭവന ഇതര വായ്പകളാണ് ഇവയെന്നതും എന്‍ബിഎഫ്‌സികളില്‍ നിന്നാണ് കടമെടുപ്പ് കൂടുതലെന്നതും ശ്രദ്ധേയമാണ്. ഇന്ത്യക്കാര്‍ തങ്ങളുടെ വരുമാനത്തിന്റെ 33%ലധികം തുക ഇഎംഐ ആയി അടയ്ക്കുകയാണ്. വിലക്കയറ്റം, ഉയര്‍ന്ന പലിശനിരക്ക്, അത്യാവശ്യമില്ലാത്ത കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കുന്നതിലെ വര്‍ധന തുടങ്ങി നിരവധി ഘടകങ്ങളും ഇടിവിന് കാരണമായി റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നുണ്ട്.

രാജ്യത്തിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിലെ ഇടിവ് കണക്കിലെടുക്കുമ്പോള്‍ ഇത് ആശങ്കാജനകമാണെന്നും ബ്ലും റിസര്‍ച്ച് അറിയിച്ചു. 2021-22 സാമ്പത്തിക വര്‍ഷം ജിഡിപിയുടെ 7.2 ശതമാനമായിരുന്ന കുടുംബങ്ങളുടെ സമ്പാദ്യം അടുത്തവര്‍ഷം 5.1 ശതമാനമായി കുറഞ്ഞു. കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യതയാകട്ടെ ജിഡിപിയുടെ 5.8 ശതമാനമായി ഉയരുകയും ചെയ്തു. ഈ പ്രവണത ഇപ്പോഴും തുടരുകയാണ്.

ചുരുക്കത്തില്‍ രാജ്യത്തെ ഗാര്‍ഹിക സമ്പാദ്യത്തില്‍ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഇടിവുണ്ടാകുന്നു. 2020-21 സാമ്പത്തിക വര്‍ഷത്തിലെ 22.8 ലക്ഷം കോടി രൂപയില്‍നിന്ന് 2021-22ലെത്തിയപ്പോള്‍ 16.96 ലക്ഷം കോടി രൂപയായി കുറഞ്ഞു. 2022-23 സാമ്പത്തിക വര്‍ഷത്തിലെത്തിയപ്പോഴാകാട്ടെ 13.76 ലക്ഷം കോടിയുമായി. ഗാര്‍ഹിക കടമാകട്ടെ ജിഡിപിയുടെ 36.9 ശതമാനത്തില്‍നിന്ന് 37.6 ശതമാനമായി ഉയരുകയും ചെയ്തു. കുറയുന്ന വരുമാനവും രൂക്ഷമായ വിലക്കയറ്റവുമാണ് ഗാര്‍ഹിക സമ്പാദ്യത്തെ ബാധിക്കുന്നത്. വരുംവര്‍ഷങ്ങളില്‍ ജനങ്ങളുടെ ഉപഭോഗശേഷിയെ ഇത് ബാധിച്ചേക്കും. 

Tags:    

Similar News