ബിസിനസ് പരിവര്‍ത്തനം; ചൈനീസ് കമ്പനികള്‍ ഇന്ത്യയെ നോട്ടമിടുന്നു

  • യുഎസ് താരിഫ് ഇന്ത്യയില്‍ താരതമ്യേന കുറവാണ്
  • ഇത് ഉപയോഗപ്പെടുത്തുകയാണ് ചൈനീസ് കമ്പനികളുടെ ലക്ഷ്യം
;

Update: 2025-04-07 09:24 GMT
ബിസിനസ് പരിവര്‍ത്തനം; ചൈനീസ്  കമ്പനികള്‍ ഇന്ത്യയെ നോട്ടമിടുന്നു
  • whatsapp icon

ബിസിനസ് പരിവര്‍ത്തനത്തിനായി ഇന്ത്യയെ നോട്ടമിട്ട് ചൈന. ചൈനീസ് ഇലക്ട്രോണിക്‌സ് കമ്പനികളായ ഹെയര്‍ , ലെനോവോ , ഹിസെന്‍സ് എന്നിവയാണ് താരതമ്യേന കുറഞ്ഞ യുഎസ് താരിഫുകളില്‍ നിന്ന് പ്രയോജനം നേടുന്നതിനായി ഇന്ത്യയെ ഉറ്റുനോക്കുന്നത്.

ചൈനയുടെ 54%, വിയറ്റ്‌നാമിന്റെ 46%, തായ്ലന്‍ഡിന്റെ 36%, തായ്വാന്‍ 32% എന്നിങ്ങനെയുള്ള താരിഫുകള്‍ ട്രംപ് ചുമത്തിയിട്ടുണ്ട്. ഇവ ഏപ്രില്‍ 9 മുതല്‍ പ്രാബല്യത്തില്‍ വരും. അതിനാല്‍ ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിയാണ് ചൈനക്ക് ലാഭകരം.

ഇന്ത്യയില്‍നിന്നുള്ള കയറ്റുമതി വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ചൈനീസ് കമ്പനികള്‍ വിവരങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണനിലയിലാകുന്നതോടെ കയറ്റുമതി സാധ്യമാകുമെന്നാണ് ചൈന കരുതുന്നത്. ഉല്‍പാദന നിക്ഷേപങ്ങളില്‍ ഇന്ത്യയുടെ കര്‍ശനമായ നിയമങ്ങള്‍ ലഘൂകരിക്കുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.നിലവില്‍, ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന ചൈന പോലുള്ള ഒരു രാജ്യത്തെ ഒരു സ്ഥാപനത്തില്‍ നിന്നുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് സര്‍ക്കാര്‍ അനുമതി ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമാണ്.

2020-ല്‍ അതിര്‍ത്തിയില്‍ ഉണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്നാണ് ഉഭയകക്ഷി ബന്ധം വഷളായത്. എന്നാല്‍ ഇപ്പോള്‍ ഇരു രാജ്യങ്ങളും നയതന്ത്രബന്ധം ഊഷ്മളമാക്കാന്‍ ശ്രമിക്കുകയാണ്. യുഎസ് താരിഫ് പ്രഖ്യാപനം നടത്തിയതിനെത്തുടര്‍ന്ന് ഇക്കാര്യത്തില്‍ ചൈന കൂടുതല്‍ താല്‍പ്പര്യം കാട്ടുന്നു.

യുഎസില്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കായി ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് മോള്‍ഡുകള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള ഓപ്ഷനുകള്‍ ഹെയര്‍ അന്വേഷിക്കുന്നുണ്ടെന്ന് രണ്ട് വ്യവസായ എക്‌സിക്യൂട്ടീവുകള്‍ പറഞ്ഞു. യുഎസില്‍ ജിഇ ബ്രാന്‍ഡിന് കീഴില്‍ വില്‍ക്കുന്ന എയര്‍ കണ്ടീഷണറുകള്‍, മൈക്രോവേവ് ഓവനുകള്‍, മറ്റ് വീട്ടുപകരണങ്ങള്‍ എന്നിവയ്ക്കായി ഗ്രേറ്റര്‍ നോയിഡയിലെയും പൂനെയിലെയും ക്വിംഗ്ഡാവോ ആസ്ഥാനമായുള്ള ഉപകരണ നിര്‍മ്മാതാക്കളുടെ ഫാക്ടറികളില്‍ പുതിയ അസംബ്ലി ലൈനുകള്‍ സ്ഥാപിക്കുന്നതിന് ഇവ ഉപയോഗിക്കും.

ഹെയര്‍, ഹിസെന്‍സ്, ലെനോവോ, മോട്ടറോള, ഓപ്പോ, വിവോ, ടിസിഎല്‍ തുടങ്ങിയ ചൈനീസ് ബ്രാന്‍ഡുകള്‍ക്ക് യുഎസില്‍ പ്രവര്‍ത്തനമുണ്ട്. മിക്ക ഉല്‍പ്പന്നങ്ങളും അവരുടെ ഫാക്ടറികളില്‍ നിന്നോ ചൈനയിലെയും വിയറ്റ്‌നാമിലെയും കരാര്‍ നിര്‍മ്മാതാക്കളില്‍ നിന്നോ ആണ് സോഴ്സിംഗ് ചെയ്യുന്നത്. വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ കരാര്‍ നിര്‍മ്മാതാക്കള്‍ വഴി ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനാണ് കമ്പനികള്‍ തയ്യാറെടുക്കുന്നത്.

നിലവിലെ സാഹചര്യത്തില്‍ ചൈനീസ് കമ്പനികള്‍ക്കുള്ള എഫ്ഡിഐ അംഗീകാരങ്ങളില്‍ ന്യൂഡല്‍ഹി ഇളവ് വരുത്തിയാല്‍, അത് ഇന്ത്യന്‍ ഇലക്ട്രോണിക്‌സ് നിര്‍മ്മാണത്തിനും കയറ്റുമതിക്കും ഒരു വഴിത്തിരിവാകും.

ഇന്ത്യയ്ക്കും ചൈനയ്ക്കും പതുക്കെ സഹകരണ ബന്ധങ്ങളിലേക്ക് മടങ്ങാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാസം പറഞ്ഞിരുന്നു. അതിനുശേഷം ബന്ധം മെച്ചപ്പെടുകയും 'ഡ്രാഗണ്‍-എലിഫന്റ് ടാംഗോ' രൂപമെടുക്കുകയും ചെയ്യണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും പറഞ്ഞു.

2025 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതി 37.5 ബില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതില്‍ 13.5 ബില്യണ്‍ ഡോളര്‍ യുഎസില്‍ നിന്നാണ് വരുന്നത്. ഇതില്‍ പ്രധാനം ആപ്പിളിന്റെ കയറ്റുമതിയാണ്.

2024 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ യുഎസിലേക്ക് 10 ബില്യണ്‍ ഡോളറിന്റെ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്തു. സ്മാര്‍ട്ട്ഫോണുകള്‍ മാത്രം 5.6 ബില്യണ്‍ ഡോളര്‍ സംഭാവന ചെയ്യുന്നു.ഇത് ഇന്ത്യയുടെ മൊത്തം സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയുടെ 36% ആണ്. 

Tags:    

Similar News