വരാനിരിക്കുന്നത് താരിഫ് കൊടുങ്കാറ്റ്; 5.76 ബില്യണ്‍ ഡോളറിന്റെ തിരിച്ചടി നേരിടും
- ഇന്ത്യയുടെ യുഎസിലേക്കുള്ള ചരക്ക് കയറ്റുമതി 6.41 ശതമാനം കുറയും
- സമുദ്രോല്‍പ്പന്ന കയറ്റുമതി 20.2 ശതമാനം കുറയും
- ഇലക്ട്രോണിക്സ്, സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയും ഇടിയും
;

യുഎസ് ഇറക്കുമതി താരിഫ് വര്‍ധിപ്പിച്ചതിനാല്‍ ഇന്ത്യ 5.76 ബില്യണ്‍ ഡോളറിന്റെ തിരിച്ചടി നേരിടുമെന്ന് ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവ് (ജിടിആര്‍ഐ). ചില മേഖലകള്‍ക്ക് പരിമിതമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞേക്കാമെങ്കിലും, പുതിയ തീരുവ പ്രകാരം മിക്ക ഉല്‍പ്പന്ന വിഭാഗങ്ങള്‍ക്കും ആഘാതം നേരിടേണ്ടിവരുമെന്ന് തിങ്ക് ടാങ്ക് പറഞ്ഞു.
ഏപ്രില്‍ 9 മുതല്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, സെമികണ്ടക്ടറുകള്‍, തുടങ്ങി ചില ഇനങ്ങള്‍ ഒഴികെയുള്ള ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് 26 ശതമാനം അധിക താരിഫ് ചുമത്തും. 2025 ല്‍ ഇന്ത്യയുടെ യുഎസിലേക്കുള്ള ചരക്ക് കയറ്റുമതി 6.41 ശതമാനം കുറയുമെന്നാണ് കണക്കാക്കുന്നത്.
2024ല്‍ ഇന്ത്യ യുഎസിലേക്ക് 89.81 ബില്യണ്‍ ഡോളറിന്റെ സാധനങ്ങള്‍ കയറ്റുമതി ചെയ്തു. തിങ്ക് ടാങ്കിന്റെ കണക്കനുസരിച്ച്, നിരവധി പ്രധാന മേഖലകളില്‍ ഗണ്യമായ കയറ്റുമതി നഷ്ടം ഉണ്ടാകാന്‍ സാധ്യതയുണ്ട്.
സമുദ്രോല്‍പ്പന്ന കയറ്റുമതി 20.2 ശതമാനം കുറയുമെന്നും, ഇരുമ്പ് അല്ലെങ്കില്‍ ഉരുക്ക് വസ്തുക്കള്‍ 18 ശതമാനം കുറയുമെന്നും കണക്കാക്കപ്പെടുന്നു. സ്വര്‍ണാഭരണങ്ങള്‍, വജ്രങ്ങള്‍ എന്നിവയുടെ കയറ്റുമതി 15.3 ശതമാനം കുറയും. കൂടാതെ ഇലക്ട്രോണിക്, ടെലികോം, ഇലക്ട്രിക്കല്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 12ശ ശതമാനം ഇടിയുമെന്നും ജിടിആര്‍ഐ പറഞ്ഞു.
മേഖലാധിഷ്ഠിത എക്‌സ്‌പോഷര്‍, താരിഫ് നിരക്ക് മാറ്റങ്ങള്‍, ചൈന, മെക്‌സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ആഗോള മത്സരം എന്നിവ വിലയിരുത്തലില്‍ പരിഗണിച്ചതായി ജിടിആര്‍ഐ പറഞ്ഞു. ഡല്‍ഹി ആസ്ഥാനമായുള്ള തിങ്ക് ടാങ്കിന്റെ കണക്കനുസരിച്ച്, പെട്രോളിയം, സോളാര്‍ പാനലുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, ചെമ്പ് എന്നിവയ്ക്ക് രാജ്യാധിഷ്ഠിത താരിഫുകളില്‍ നിന്നുള്ള ഇളവുകള്‍ ബാധകമാണ്.
2024 ല്‍ ഇന്ത്യ 14.4 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇലക്ട്രോണിക്സും സ്മാര്‍ട്ട്ഫോണുകളും യുഎസിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്തിരുന്നു. ഇത് ഈ വിഭാഗത്തിലെ ആഗോള കയറ്റുമതിയുടെ 35.8 ശതമാനം വരും. നിലവിലെ ശരാശരി തീരുവ വെറും 0.4 ശതമാനം മാത്രമാണെങ്കിലും, ഈ ഉല്‍പ്പന്നങ്ങള്‍ക്ക് ഇപ്പോള്‍ ഗണ്യമായി ഉയര്‍ന്ന താരിഫ് നേരിടേണ്ടിവരും.
ചൈന, മെക്‌സിക്കോ, വിയറ്റ്‌നാം എന്നിവയ്ക്ക് പിന്നില്‍ 6.68 ശതമാനം വിപണി വിഹിതമുള്ള ഇന്ത്യ നിലവില്‍ യുഎസിലേക്ക് ഇലക്ട്രോണിക്സും സ്മാര്‍ട്ട്ഫോണുകളും വിതരണം ചെയ്യുന്ന നാലാമത്തെ വലിയ രാജ്യമാണ്.
ഇലക്ട്രോണിക്സിലും സ്മാര്‍ട്ട്ഫോണുകളിലും ഉണ്ടാകുന്ന താരിഫ് വര്‍ദ്ധനവിന്റെ ആഘാതം ഇന്ത്യയുടെ യുഎസിലേക്കുള്ള കയറ്റുമതി 12 ശതമാനം അല്ലെങ്കില്‍ ഏകദേശം 1.78 ബില്യണ്‍ ഡോളര്‍ കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍. യന്ത്രസാമഗ്രികളുടെയും മെക്കാനിക്കല്‍ ഉപകരണങ്ങളുടെയും കയറ്റുമതിയില്‍ 2 ശതമാനം അഥവാ 142.1 മില്യണ്‍ ഡോളര്‍ കുറയാനും സാധ്യതയുണ്ട്.
സമുദ്രോത്പന്ന കയറ്റുമതിയെ സാരമായി ബാധിക്കുമെന്ന് ജിടിആര്‍ഐ മുന്നറിയിപ്പ് നല്‍കി. 2024-ല്‍ യുഎസ് 2 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇന്ത്യന്‍ ശീതീകരിച്ച മത്സ്യവും ചെമ്മീനും ഇറക്കുമതി ചെയ്തു. ഈ വിഭാഗത്തില്‍ ഇന്ത്യയുടെ ആഗോള കയറ്റുമതിയുടെ ഏകദേശം മൂന്നിലൊന്ന് വരും ഇത്. നേരത്തെ തീരുവ പൂജ്യം ആയിരുന്ന ഈ ഇനങ്ങള്‍ ഇപ്പോള്‍ 26 ശതമാനം താരിഫിന് വിധേയമാണ്.
വാഹന, ഓട്ടോ ഘടക വിഭാഗത്തിനും തിരിച്ചടി നേരിടേണ്ടിവരും, കയറ്റുമതി 12.1 ശതമാനം അഥവാ ഏകദേശം 339.4 മില്യണ്‍ ഡോളര്‍ കുറയുമെന്ന് പ്രവചിക്കപ്പെടുന്നു. 2024 ല്‍ ഇന്ത്യ 2.8 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഈ സാധനങ്ങള്‍ യുഎസിലേക്ക് കയറ്റുമതി ചെയ്തിരുന്നു.