ജിഎസ്ടി വരുമാനത്തില്‍ 9 ശതമാനത്തിന്റെ മുന്നേറ്റം

  • ജിഎസ്ടി 1.7 ലക്ഷം കോടിയ്ക്ക് മുകളില്‍ നില്‍ക്കുന്നത് തുടര്‍ച്ചയായ 12-ാം മാസം
  • ഇറക്കുമതിയില്‍ നിന്നുള്ള വരുമാനത്തില്‍ 5.4 ശതമാനം വര്‍ധന
;

Update: 2025-03-01 11:24 GMT

ഫെബ്രുവരിയില്‍ ജിഎസ്ടി വരുമാനത്തില്‍ 9 ശതമാനത്തിന്റെ മുന്നേറ്റം. വരുമാനം 1.84 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.

വാര്‍ഷികാടിസ്ഥാനത്തില്‍ ജിഎസ്ടി വരുമാനത്തില്‍ ഉയര്‍ച്ചയാണ് ഫെബ്രുവരിയിലും രേഖപ്പെടുത്തിയിരിക്കുന്നത്. 9.1 ശതമാനത്തിന്റെ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. തുടര്‍ച്ചയായ 12-ാം മാസമാണ് ചരക്കുസേവന നികുതി വരുമാനം 1.7 ലക്ഷം കോടിയ്ക്ക് മുകളില്‍ നില്‍ക്കുന്നത്.

ജിഎസ്ടിയിലെ ഇറക്കുമതിയില്‍ നിന്നുള്ള വരുമാനത്തില്‍ 5.4 ശതമാനമാണ് ഇത്തവണത്തെ വര്‍ധന. അതായത് 41,702 കോടി രൂപ. ഈ മാസം കേന്ദ്ര ജിഎസ്ടിയില്‍ നിന്നുള്ള സമാഹരണം 35,204 കോടി രൂപയും സംസ്ഥാന ജിഎസ്ടി 43,704 കോടി രൂപയും സംയോജിത ജിഎസ്ടി 90,870 കോടി രൂപയും നഷ്ടപരിഹാര സെസ് 13,868 കോടി രൂപയുമാണ്.

അതേസമയം ജനുവരിയിലെ 12.3 ശതമാനത്തിന്റെ മുന്നേറ്റവുമായി താരതമ്യം ചെയ്യുമ്പോള്‍ നേരിയ കുറവുമാണിത്. ജനുവരിയിലെ ജിഎസ്ടി വരുമാനം 1.96 ലക്ഷം കോടി രൂപയിലെത്തിയിരുന്നു. ജിഎസ്ടി വരുമാനത്തില്‍ 11% വര്‍ധനവാണ് ഈ വര്‍ഷം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. കേന്ദ്ര ബജറ്റ് പ്രഖ്യാപന വേളയില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

ഡിസംബറില്‍ ജിഎസ്ടി വരുമാനം 1.77 ലക്ഷം കോടി രൂപയായിരുന്നു, ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 7.3% വര്‍ധനയാണ്. ജനുവരിയിലെ കേന്ദ്ര ജിഎസ്ടി വരുമാനം 36,100 കോടി രൂപയാണ്. സംസ്ഥാനങ്ങള്‍ക്ക് 44,900 കോടി രൂപയും ലഭിച്ചു. സംയോജിത ജിഎസ്ടി വരുമാനം 1.01 ലക്ഷം കോടി രൂപയും ജിഎസ്ടി സെസ് വരുമാനം 13,400 കോടി രൂപയുമായിരുന്നു. 

Tags:    

Similar News