ഇന്ത്യയും ഫ്രാന്‍സും പ്രതിരോധ സഹകരണം വര്‍ധിപ്പിക്കും

  • ഇന്ത്യ-ഫ്രാന്‍സ് പങ്കാളിത്തം ഉഭയകക്ഷി സഹകരണത്തിന് അതീതം
  • ആഗോളതലത്തിലെ ഭിന്നിപ്പിനെ ചെറുക്കാന്‍ ഇരുരാജ്യങ്ങളും ശഹകരിക്കും
  • പ്രതിരോധം മുതല്‍ വിദ്യാഭ്യാസം വരെ ചര്‍ച്ചകളില്‍ ഇടംപിടിച്ചു

Update: 2023-09-11 05:34 GMT

ഇന്ത്യയും ഫ്രാന്‍സും പ്രതിരോധ സഹകരണം വര്‍ധിപ്പിക്കും. ജി20 ഉച്ചകോടിയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.ഇന്തോ-പസഫിക് മേഖലയിലെ മറ്റ് രാജ്യങ്ങളും നൂതന പ്രതിരോധ സംവിധാനങ്ങളുടെ രൂപകല്‍പ്പന, വികസനം, ഉല്‍പ്പാദനം എന്നിവയില്‍ സഹകരിക്കേണ്ടതിന്റെ പ്രാധാന്യം ഇന്ത്യയും ഫ്രന്‍സും എടുത്തു പറഞ്ഞു. കൂടാതെ, ഒരു മികച്ച പ്രതിരോധ വ്യാവസായിക റോഡ്മാപ്പ് വേഗത്തില്‍ പൂര്‍ത്തീകരിക്കാനും അവര്‍ ആവശ്യപ്പെട്ടു.

ജയ്താപൂര്‍ ആണവ പദ്ധതിക്ക് വേണ്ടിയുള്ള ചര്‍ച്ചകളില്‍ നല്ല പുരോഗതി ഉണ്ടെന്ന് സംയുക്ത പ്രസ്താവന പറയുന്നു. എസ്എംആര്‍ (ചെറിയ മോഡുലാര്‍ റിയാക്ടറുകള്‍), എഎംആര്‍ (അഡ്വാന്‍സ്ഡ്) എന്നിവ വികസിപ്പിക്കുന്നതിനുള്ള സഹകരണം വിപുലീകരിക്കും.

ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ഒരു ഉഭയകക്ഷി സഹകരണത്തിന് അതീതമാണെന്ന് മാക്രോണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വര്‍ധിച്ചുവരുന്ന ഭിന്നിപ്പിന്റെ ആഗോള പ്രവണതയെ ചെറുക്കാന്‍ ഇരു രാജ്യങ്ങളും സഹകരിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.

ഇന്ത്യ-ഫ്രാന്‍സ് ബന്ധം വളരെ ശക്തമാണെന്ന് മാക്രോണ്‍ വിശേഷിപ്പിച്ചു. വിശദാംശങ്ങള്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഇനി കൂടുതല്‍ കരാറുകളും ഏറ്റെടുക്കലുകളും ഉണ്ടാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

''പ്രതിരോധം, ബഹിരാകാശം, ആണവോര്‍ജം, ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യങ്ങള്‍, നിര്‍ണായക സാങ്കേതികവിദ്യ, കാലാവസ്ഥാ വ്യതിയാനം, വിദ്യാഭ്യാസം, ജനങ്ങളുമായുള്ള സമ്പര്‍ക്കം തുടങ്ങിയ മേഖലകളിലെ ലക്ഷ്യങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള നടപടികളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായി സംയുക്ത പ്രസ്താവന പറയുന്നു.

ഇന്തോ-പസഫിക് മേഖലയിലും ആഫ്രിക്കയിലും ഉള്ള ഇന്ത്യ-ഫ്രാന്‍സ് പങ്കാളിത്തത്തെക്കുറിച്ചും ചര്‍ച്ചകളുണ്ടായി. എന്നാല്‍ ഇന്ത്യന്‍ നാവികസേനയ്ക്കായി 26 റാഫേല്‍-എം യുദ്ധവിമാനങ്ങള്‍ ഇന്ത്യ ഏറ്റെടുക്കുന്നതിനുള്ള കരാര്‍ അന്തിമമാക്കുന്നതിനുള്ള സമയപരിധി സംബന്ധിച്ച ചോദ്യത്തിന് മാധ്യമ സമ്മേളനത്തില്‍ മാക്രോണ്‍ മറുപടി നല്‍കിയില്ല. ഫ്രാന്‍സില്‍ നിന്ന് ഈ നാവിക വേരിയന്റ് റാഫേല്‍ ജെറ്റുകള്‍ വാങ്ങുന്നതിനും ഫ്രഞ്ച് രൂപകല്‍പ്പന ചെയ്ത മൂന്ന് സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികള്‍ വാങ്ങുന്നതിനും ജൂലൈയില്‍ ഇന്ത്യ അനുമതി നല്‍കിയിരുന്നു.

ജൂലൈയില്‍ പാരീസില്‍ നടന്ന അവസാന കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതി ഇരു നേതാക്കളും ചര്‍ച്ച ചെയ്യുകയും വിലയിരുത്തുകയും ചെയ്തതായി പ്രസ്താവന പറയുന്നു. ജൂലൈ 14ന് നടന്ന ബാസ്റ്റില്‍ ഡേ പരേഡില്‍ വിശിഷ്ടാതിഥിയായി മോദി പങ്കെടുത്തിരുന്നു.

പ്രാദേശികവും ആഗോളവുമായ വെല്ലുവിളികളെ നേരിടാന്‍ ഇന്ത്യ-ഫ്രാന്‍സ് സഹകരണം വിപുലീകരിക്കേണ്ടതിന്റെ ആവശ്യകത മോദിയും മാക്രോണും എടുത്തുപറഞ്ഞതായും പ്രസ്താവന വിശദീകരിക്കുന്നു.

Tags:    

Similar News