ഭക്ഷ്യവിലക്കയറ്റം ആശങ്കയെന്ന് നെസ്ലെ ഇന്ത്യ സിഎംഡി
- കാലവര്‍ഷത്തില്‍ 30 ശതമാനം കുറവുണ്ടായാല്‍ ഖാരിഫ് വിളയെ ബാധിക്കും
- ഗ്രമീണ സമ്പദ് വ്യവസ്ഥ നെസ്ലെക്ക് പ്രധാനം
- മഴയുടെ കുറവ് ഗ്രാമീണ മേഖലയിലെ ആവശ്യകതയെ പ്രതിസന്ധിയിലാക്കും
ഭക്ഷ്യ വിലക്കയറ്റം ഇപ്പോഴും ആശങ്കാജനകമാണെന്ന് നെസ്ലെ ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സുരേഷ് നാരായണന്‍ പറയുന്നു. മൊത്തത്തിലുള്ള വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ പലവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും വിലകളുടെ ഏറ്റക്കുറച്ചിലുകള്‍ സൂക്ഷമമായി നിരീക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാലവര്‍ഷത്തില്‍ 30ശതമാനം കുറവുണ്ടായാല്‍ വിത്ത് എത്ര മികച്ചതാണെങ്കിലും അത് ഖാരിഫ് വിളകളെ ബാധിച്ചേക്കാമെന്ന് വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. എല്‍ നിനോ ആഘാതം പൂര്‍ണ്ണമായി പുറത്തുവരാത്തതിനാല്‍, ഭക്ഷ്യ വിലക്കയറ്റത്തിന്റെ സാധ്യത നാം മുന്നില്‍ കാണേണ്ടതുണ്ട്. സര്‍ക്കാര്‍ സ്വീകരിക്കുന്ന വിവിധ നടപടികള്‍ വിലക്കയറ്റം ലഘൂകരിച്ചേക്കാമെങ്കിലും ഭക്ഷ്യ വിലക്കയറ്റം ആശങ്കാജനകമായി നമ്മുടെ മുന്നിലുണ്ടെന്ന് സുരേഷ് നാരായണന്‍ പറഞ്ഞു.
ഭക്ഷ്യവസ്തുക്കളുടെ വില ഉടനേ അപകടകരമായ സ്ഥിതിയില്‍ എത്തുമെന്നു കരുതുന്നില്ല. എങ്കിലും ഈ അവസ്ഥ തിരിച്ചറിയുകയും അതിനെ നാം നിരീക്ഷിക്കുകയും വിലയിരുത്തുകയും വേണം. ഒരു പക്ഷേ, അടുത്ത വര്‍ഷമായിരിക്കാം അതിന്റെ പ്രത്യാഘാതം സമൂഹത്തില്‍ ഉണ്ടാകുക.
പാലിന്റെ വിലവര്‍ധനയില്‍ ഘടനാപരമായി ചില പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ഷീര കര്‍ഷകരോട് കോവിഡിന് ശേഷമുള്ള ആഘാതത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ പശുക്കള്‍ക്ക് ത്വക്ക് രോഗമുള്ളതിന്റെ പ്രശ്‌നങ്ങള്‍ അവര്‍ വിവരിച്ചു. കൂടാതെ ഉല്‍പ്പാദനച്ചെലവ് കുത്തനെ ഉയര്‍ന്നു. ഏതാണ്ട് 30 ശതമാനം. കാലിത്തീറ്റയ്ക്ക് 40 ശതമാനം വില വര്‍ധിച്ചു. .
എല്ലാ സീസണിലും ഒരേപോലെ പാല്‍ കിട്ടണമെന്നില്ല. അതിന് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. ഇത് നാം അറിയണമെന്നില്ല. എന്നാല്‍ ഭക്ഷ്യവസ്തുക്കളുടെ കാര്യങ്ങള്‍ അങ്ങനെയല്ല. അത് ഖാരിഫ്, റാബി ഉത്പാദനത്തെ ആശ്രയിച്ചിരിക്കുന്നു. എന്നിട്ടും, അവിടെ ചെറിയ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.
ഗ്രാമീണ മേഖലയിലെ ഡിമാന്‍ഡ് മഴയെ ആശ്രയിച്ചിരിക്കും. മഴ ഗ്രാമീണ മേഖലയെ മോശമായി ബാധിച്ചാല്‍ ആ മേഖലയില്‍ നിന്നുള്ള വരവ് തീര്‍ച്ചയായും കുറവായിരിക്കും. നെസ്ലെ അതിന്റെ വിവിധ ഉല്‍പ്പന്നങ്ങളുമായി വിദൂര മേഖലയിലെ വിപണി വിപുലീകരിക്കുകയാണ്. നിലവില്‍ വില്‍പ്പനയുടെ അഞ്ചിലൊന്ന് ഈ മേഖലയില്‍നിന്നാണ്.
ജൂണിലവസാനിച്ച പാദത്തില്‍, ഗ്രാമീണ സമ്പദ് വ്യവസ്ഥയില്‍ നിന്ന് നെസ്ലെ ഉത്പന്നങ്ങള്‍ക്ക് ഡിമാണ്ട് ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ മഴ വിട്ടുനില്‍ക്കുകയാണെങ്കില്‍ അത് കമ്പനിക്ക് ഒരു ആഘാതമായിരിക്കും.
മണ്‍സൂണിന്റെ കുറഞ്ഞാല്‍ വിപണിയിലെ തന്ത്രങ്ങള്‍ കമ്പനി പുനപരിശോധിക്കേണ്ടിവരും. സെപ്റ്റംബറില്‍ മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും സുരേഷ് നാരായണ്‍ പറഞ്ഞു. ഗ്രാമീണ, ചെറുകിട, ഇടതത്രം പട്ടണങ്ങളിലെ ചെറിയ വിഭാഗങ്ങളില്‍ ശക്തമായ ഡിമാന്‍ഡ് ഇപ്പോഴുമുണ്ട്. എന്നാല്‍ മഴക്കുറവ് തുടര്‍ന്നാല്‍ സ്ഥിതി മാറുമെന്നും അദ്ദേഹം വിലയിരുത്തുന്നു.