കാലാവസ്ഥാ വ്യതിയാനത്തില്‍ തകരുന്ന കൃഷിയിടം

  • ബസ്മതി ഇതര അരിയുടെ കയറ്റുമതി ഇന്ത്യ നിര്‍ത്തിവെച്ചത് ഇതിനുദാഹരണം
  • തക്കാളിക്കുപിറകേ ഉള്ളിവിലയും ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കുതിച്ചുയരാം
  • അതിതീവ്രമഴയും കഠിനമായ വരള്‍ച്ചയും ഇന്ത്യ നേരിടുന്നു

Update: 2023-07-25 06:31 GMT

ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യമാണ് ഇന്ന് ഇന്ത്യ. എന്നാല്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി രാജ്യത്തെ കാര്‍ഷിക സമ്പദ് വ്യവസ്ഥ തകിടം മറിഞ്ഞിരിക്കുകയാണ്. ആഗോളതാപനം എല്ലാരാജ്യങ്ങളും നേരിടുന്ന പ്രതിസന്ധിയാണ്. അത് മഴയുടെയും സൂര്യന്റെയും ചക്രങ്ങളെ അസ്ഥിരപ്പെടുത്തുന്നതിനാല്‍ ജനജീവിതത്തെ ദുഷ്‌കരമാക്കും.

കാലം തെറ്റിയുള്ള മഴയും വരള്‍ച്ചയും എല്ലാം കാര്‍ഷിക മേഖലയെ തകര്‍ച്ചയിലേക്ക് നയിക്കുകയാണ്. ബസ്മതി ഇതര അരിയുടെ കയറ്റുമതി ഇന്ത്യ കഴിഞ്ഞയാഴ്ച നിര്‍ത്തിവെച്ചത് ഇതിന് ഉദാഹരണമാണ്. അരി ചില്ലറവില്‍പ്പന വില കഴിഞ്ഞ മാസത്തില്‍ 3% ഉം കഴിഞ്ഞ വര്‍ഷം 11.5% ഉം വര്‍ധിച്ചതിനാല്‍, ആഭ്യന്തര വിപണിയില്‍ കൂടുതല്‍ ധാന്യം നിലനിര്‍ത്തുന്നതിനുവേണ്ടിയാണ് അരിയുടെ കയറ്റുമതി നിര്‍ത്തിവെച്ചത്. ഈ നടപടിയിലൂടെ ഭക്ഷ്യ വിലക്കയറ്റം തടയാനാകുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ ഇത് ആഗോളതലത്തില്‍ പ്രതിസന്ധി തീര്‍ക്കും.

അരിമാത്രമല്ല പ്രതിസന്ധിയിലായത്. കഴിഞ്ഞ മാസങ്ങളില്‍ തക്കാളിവില അഞ്ചിരട്ടിയോ അതില്‍ കൂടുതലോ വര്‍ധിച്ചു. വന്‍വില വന്നതോടെ തക്കാളിമോഷണവും പതിവായി. ഇതിന്റെ പേരില്‍ രാജ്യത്ത് കൊലപാതം വരെ നടന്നു. കര്‍ഷകര്‍ക്ക് തക്കാളിപ്പാടങ്ങളില്‍ കാവല്‍കിടക്കേണ്ട അവസ്ഥയും ഉണ്ടായി. തക്കാളി ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളില്‍ ഉണ്ടായ കനത്ത മഴയാണ് വന്‍വിലക്കയറ്റത്തിന് വഴിതെളിച്ചത്.

വിലക്കയറ്റമുണ്ടായാല്‍ ഇന്ത്യയില്‍ വലിയ പ്രശ്‌നമാകുന്ന മറ്റൊരുവിള ഉള്ളിയാണ്. 1980, 1998, 2014 എന്നീ വര്‍ഷങ്ങളിലെ സര്‍ക്കാരുകളുടെ പതനത്തിനുവരെ ഉള്ളിയും കാരണമായി. ഉള്ളി വില ഈ അടുത്ത മാസങ്ങളില്‍ നേരിയ തോതില്‍ ഉയര്‍ന്നു. എങ്കിലും ഇവയുടെ വില ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് കുതിച്ചുയരുന്നത്. അടുത്ത വര്‍ഷം പൊതുതെരഞ്ഞെടുപ്പിനെ നേരിടാന്‍ രാജ്യം തയ്യാറെടുക്കുമ്പോള്‍ ഉള്ളിവിലയില്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധവെയ്ക്കുന്നു.

രാജ്യത്ത് പക്ഷേ അസാധാരണമായൊരു മണ്‍സൂണ്‍ ഇല്ലെന്നാണ് കണക്കുകള്‍ പറയുന്നത്. ഇതുവരെയുള്ള ശരാശരി നിലവാരത്തേക്കാള്‍ ഏകദേശം 5% മഴ ലഭിച്ചിട്ടുണ്ട്. എന്നാല്‍ കുറച്ചുസമയത്തിനുള്ളില്‍ കൂടുതല്‍ മഴ എന്ന പ്രതിഭാസം കൃഷിയെ നശിപ്പിക്കുന്നു. വളരെ ഉയര്‍ന്ന ചൂടും അതിതീവ്രമായ മഴയും ആണ് ഇപ്പോള്‍ രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത് കൂടുതല്‍ വരള്‍ച്ചയുടെയും വെള്ളപ്പൊക്കത്തിന്റെയും അവസ്ഥയിലേക്ക് രാജ്യത്തെ നയിക്കുന്നു. ഈ സാഹചര്യം രാജ്യത്തെ സമ്പദ് വ്യവസ്ഥക്ക് തിരിച്ചടിയാകും. 2017-ല്‍ ഇന്ത്യയ്ക്ക് 10 ബില്യണ്‍ ഡോളറിന്റെ നഷ്ടം കാലാവസ്ഥാവ്യതിയാനം മൂലം ഉണ്ടായി.

കാര്‍ബണ്‍പുറംതള്ളല്‍ പല വികസിത രാജ്യങ്ങളേയും അപേക്ഷിച്ച് ഇവിടെ കുറവാണ്. പക്ഷേ കാലാവസ്ഥാവ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങള്‍ ഇവിടെ കുറവാകുന്നില്ല. കാര്‍ബണ്‍ പുറംതള്ളലില്‍ ഇന്ത്യ കര്‍ശന നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്. പക്ഷേ ചൂടാകുന്ന ഗ്രഹത്തെ തണുപ്പിക്കാന്‍ ഈ നടപടികള്‍ ഒന്നും പോരാ എന്ന അവസ്ഥയാണ് ഉള്ളത്.

പുനരുല്‍പ്പാദിപ്പിക്കാവുന്നവയുടെ കാര്യത്തിലും ഇന്ത്യ അതിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തേണ്ടതുണ്ട്.

കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച കാറ്റില്‍നിന്നും സൗരോര്‍ജ്ജത്തില്‍ നിന്നും ലഭിക്കുന്ന 15.7 ഗിഗാവാട്ട് വൈദ്യുതി എന്നത് സര്‍ക്കാരിന്റെ ലക്ഷ്യത്തിലെത്താന്‍ ആവശ്യമായതിന്റെ പകുതിയോളം മാത്രമാണ്. കൂടുതല്‍ വിളനാശം, വെള്ളപ്പൊക്കം, വരള്‍ച്ച, കയറ്റുമതി നിരോധനം ഇവയോക്കെ ഒഴിവാക്കണമെങ്കില്‍ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് നാം കൂടുതല്‍ ജാഗരൂകരാകണം. കൂടുതല്‍ നടപടികള്‍ ഉണ്ടാകേണ്ടതുമുണ്ട്.

Tags:    

Similar News