ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ കര്‍ഷകരെ സഹായിക്കുമെന്ന് ചൗഹാന്‍

  • ഭക്ഷ്യ എണ്ണകള്‍ക്ക് മുന്‍പ് തീരുവ ഏര്‍പ്പെടുത്തിയിരുന്നില്ല
  • ഇത് രാജ്യത്തേക്ക് വിലകുറഞ്ഞ എണ്ണ വരുന്നതിനും സോയാബീന്‍ വില കുറയുന്നതിനും കാരണമായി

Update: 2024-09-18 02:49 GMT

ഭക്ഷ്യ എണ്ണകള്‍ക്ക് 20 ശതമാനം ഇറക്കുമതി തീരുവ ചുമത്താനുള്ള സര്‍ക്കാര്‍ തീരുമാനം രാജ്യത്തെ എണ്ണക്കുരു കര്‍ഷകരെ സഹായിക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍.

'കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ക്ക് അര്‍ഹമായ വില ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍, ഞങ്ങള്‍ ഒരു വലിയ തീരുമാനമെടുത്തിട്ടുണ്ട്, പ്രത്യേകിച്ച് സോയാബീന്‍ എണ്ണയ്ക്ക്. ഇതുവരെ രാജ്യത്ത് ഉല്‍പാദനക്കുറവ് കാരണം ഞങ്ങള്‍ ആവശ്യാനുസരണം ഭക്ഷ്യ എണ്ണകള്‍ ഇറക്കുമതി ചെയ്യുകയായിരുന്നു. ഭക്ഷ്യ എണ്ണകള്‍ക്ക് മുന്‍പ് തീരുവ ഏര്‍പ്പെടുത്തിയിരുന്നില്ല. ഇത് രാജ്യത്തേക്ക് വിലകുറഞ്ഞ എണ്ണ വരുന്നതിനും സോയാബീന്‍ വില കുറയുന്നതിനും കാരണമായി,' ചൗഹാന്‍ പറഞ്ഞു.

ഇപ്പോള്‍ സോയാബീനോ മറ്റേതെങ്കിലും ഭക്ഷ്യ എണ്ണയ്ക്കോ ഇറക്കുമതി തീരുവ 20 ശതമാനം ചുമത്തുമെന്നും അധിക സെസ്സിനൊപ്പം ഇത് 27.5 ശതമാനമാകുമെന്നും അദ്ദേഹം അറിയിച്ചു.

ഗണേശോത്സവത്തില്‍ പങ്കെടുക്കാന്‍ തന്റെ മണ്ഡലമായ വിദിഷ സന്ദര്‍ശിക്കുകയായിരുന്നു മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി. ശുദ്ധീകരിച്ച എണ്ണകളുടെ ഇറക്കുമതി തീരുവയും വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ചൗഹാന്‍ ചൂണ്ടിക്കാട്ടി.

കൂടാതെ, കര്‍ഷകരുടെ താല്‍പര്യം കണക്കിലെടുത്ത് ഉള്ളിയുടെ കയറ്റുമതി തീരുവ 40 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി കുറയ്ക്കാനും ബസ്മതി അരിയുടെ 9.5 ശതമാനം കയറ്റുമതി തീരുവ നിര്‍ത്തലാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ നടപടികള്‍ മൂലം കര്‍ഷകര്‍ക്ക് സോയാബീന്‍, പരുത്തി, ഉള്ളി എന്നിവയ്ക്ക് ശരിയായ വില ലഭിക്കുമെന്നും ചൗഹാന്‍ പറഞ്ഞു.

സോയാബീന്‍ മിനിമം താങ്ങുവിലയ്ക്ക് വാങ്ങാനുള്ള മധ്യപ്രദേശ് സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിന് തന്റെ മന്ത്രാലയം അനുമതി നല്‍കിയതായും അദ്ദേഹം അറിയിച്ചു.

പിന്നീട് വൈകുന്നേരം സംസ്ഥാന തലസ്ഥാനമായ ഭോപ്പാലില്‍ ഗണേശ വിഗ്രഹ നിമജ്ജന ചടങ്ങില്‍ ചൗഹാനും കുടുംബാംഗങ്ങളും പങ്കെടുത്തു.

Tags:    

Similar News