ഒക്ടോബറില്‍ പലിശ നിരക്ക് കുറച്ചേക്കുമെന്ന് എസ് &പി

  • ഭക്ഷ്യവില വര്‍ധനയില്‍ കുറവ് ഉണ്ടായില്ലെങ്കില്‍ പണപ്പെരുപ്പ നിരക്ക് നിയന്ത്രിക്കുന്നതില്‍ തടസമുണ്ടാകും
  • നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ പണപ്പെരുപ്പം ശരാശരി 4.5 ശതമാനമായിരിക്കും
  • എംപിസി 2023 ഫെബ്രുവരി മുതല്‍ പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടില്ല

Update: 2024-09-24 06:38 GMT

റിസര്‍വ് ബാങ്ക് (ആര്‍ബിഐ) ഒക്ടോബറില്‍ പലിശ നിരക്ക് കുറച്ചേക്കുമെന്ന് എസ് ആന്റ് പി ഗ്ലോബല്‍ റേറ്റിംഗ്‌സ്. ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം 6.8 ശതമാനമായി ഏജന്‍സി നിലനിര്‍ത്തിയിട്ടുമുണ്ട്.

ഏഷ്യ-പസഫിക് മേഖലയ്ക്കുള്ള സാമ്പത്തിക വീക്ഷണത്തില്‍, 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ചാ പ്രവചനം 6.9 ശതമാനമായി എസ് ആന്റ് പി നിലനിര്‍ത്തി. ഇത് ഇന്ത്യയുടെ ശക്തമായ വളര്‍ച്ച പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ആര്‍ബിഐയെ സഹായിക്കുമെന്ന് ഏജന്‍സി അഭിപ്രായപ്പെട്ടു.

2024 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ശ്രദ്ധേയമായ 8.2 ശതമാനത്തിലെത്തിയിരുന്നു.

ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ വിവരിച്ചതുപോലെ, സാമ്പത്തിക ഏകീകരണത്തില്‍ കേന്ദ്രത്തിന്റെ ശ്രദ്ധയും എസ് ആന്‍ഡ് പി ഊന്നിപ്പറഞ്ഞു. മൊത്തം 11.11 ലക്ഷം കോടി രൂപയാണ് മൂലധനച്ചെലവിനായി ബജറ്റില്‍ വകയിരുത്തിയത്. 2026 സാമ്പത്തിക വര്‍ഷത്തോടെ ധനക്കമ്മി ജിഡിപിയുടെ 4.5 ശതമാനത്തില്‍ താഴെയാക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

'ഞങ്ങളുടെ കാഴ്ചപ്പാട് മാറ്റമില്ലാതെ തുടരുന്നു: ഒക്ടോബറില്‍ തന്നെ ആര്‍ബിഐ നിരക്കുകള്‍ കുറയ്ക്കാന്‍ തുടങ്ങുമെന്നും ഈ സാമ്പത്തിക വര്‍ഷം (മാര്‍ച്ച് 2025 അവസാനത്തോടെ) രണ്ട് നിരക്കുകള്‍ വെട്ടിക്കുറയ്ക്കുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,' എസ് ആന്റ് പി പറഞ്ഞു.

അതേസമയം ഭക്ഷ്യവില വര്‍ധനയില്‍ കുറവ് ഉണ്ടായില്ലെങ്കില്‍ പണപ്പെരുപ്പ നിരക്ക് നാല് ശതമാനത്തില്‍ നിലനിര്‍ത്തുന്നത് ബുദ്ധിമുട്ടായിരിക്കും.

നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ പണപ്പെരുപ്പം ശരാശരി 4.5 ശതമാനമായിരിക്കുമെന്നും ഏജന്‍സി കണക്കാക്കുന്നു.

ഒക്ടോബര്‍ 7-9 തീയതികളില്‍ ആര്‍ബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗം ചേരുന്നുണ്ട്. ഭക്ഷ്യ വിലക്കയറ്റത്തെക്കുറിച്ചുള്ള ആശങ്കകള്‍ കാരണം 2024 ല്‍ ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യതയില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിങ്കളാഴ്ച അഭിപ്രായപ്പെട്ടിരുന്നു.

ആര്‍ബിഐ എംപിസി 2023 ഫെബ്രുവരി മുതല്‍ നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടില്ല, കഴിഞ്ഞ ഒമ്പത് നയ അവലോകനങ്ങളില്‍ ഇത് 6.5 ശതമാനമായി നിലനിര്‍ത്തുകയായിരുന്നു.

യുഎസ് സമ്പദ്വ്യവസ്ഥയിലെ മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍, നിരക്കുകളില്‍ പ്രതീക്ഷിച്ചതിലും വലിയ കുറവ് പ്രഖ്യാപിക്കാനുള്ള യുഎസ് ഫെഡറല്‍ റിസര്‍വിന്റെ തീരുമാനത്തെ തുടര്‍ന്ന് ആര്‍ബിഐ നിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ ഉയരുകയാണ്.

Tags:    

Similar News