ഇന്ത്യയും ഉസ്‌ബെക്കിസ്ഥാനും ഉഭയകക്ഷി നിക്ഷേപ ഉടമ്പടിയില്‍ ഒപ്പുവച്ചു
- ധനമന്ത്രി നിര്‍മ്മല സീതാരാമനും ഉസ്‌ബെക്കിസ്ഥാന്‍ ഉപപ്രധാനമന്ത്രിയുമാണ് കരാറില്‍ ഒപ്പുവെച്ചത്
- കരാര്‍ നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും
ഉഭയകക്ഷി നിക്ഷേപ ഉടമ്പടിയില്‍ ഇന്ത്യയും ഉസ്‌ബെക്കിസ്ഥാനും ഒപ്പുവെച്ചു. ഇരു രാജ്യങ്ങളിലെയും നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കരാറില്‍ (ബിഐടി) ധനമന്ത്രി നിര്‍മ്മല സീതാരാമനും ഉസ്‌ബെക്കിസ്ഥാന്‍ ഉപപ്രധാനമന്ത്രി ഖോജയേവ് ജംഷിദ് അബ്ദുഖാകിമോവിച്ചുമാണ് ഒപ്പുവെച്ചത്. കരാര്‍ പ്രകാരം ഇന്ത്യയിലെ ഉസ്ബെക്കിസ്ഥാന്‍ നിക്ഷേപകര്‍ക്കും ഉസ്ബെക്കിസ്ഥാനിലെ ഇന്ത്യന്‍ നിക്ഷേപകര്‍ക്കും ഉചിതമായ സംരക്ഷണം ഉറപ്പുനല്‍കുന്നതായി ഒരു ഔദ്യോഗിക പ്രസ്താവന പറയുന്നു.
കരാര്‍ നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനൊപ്പം വിവേചനമില്ലായ്മ ഉറപ്പു നല്‍കുകയും ചെയ്യും. ഈ ഉടമ്പടി നിക്ഷേപങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നു.
സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ കരുത്തുറ്റതും സുസ്ഥിരവുമായ നിക്ഷേപ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമാണ് കരാര്‍ ലക്ഷ്യമിടുന്നത്. ഇരു രാജ്യങ്ങളിലെയും ബിസിനസുകള്‍ക്കും സമ്പദ് വ്യവസ്ഥകള്‍ക്കും പ്രയോജനം ചെയ്യുന്ന ഉഭയകക്ഷി നിക്ഷേപം വര്‍ധിപ്പിക്കുന്നതിന് ഉടമ്പടി വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
2000 ഏപ്രില്‍ മുതല്‍ 2024 ഓഗസ്റ്റ് വരെ ഇന്ത്യയില്‍ നിന്ന് ഉസ്‌ബെക്കിസ്ഥാനിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം 20 മില്യണ്‍ ഡോളറായിരുന്നു.
ഇന്ത്യന്‍ കമ്പനികളുടെ ശ്രദ്ധേയമായ നിക്ഷേപങ്ങളില്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, ഓട്ടോമൊബൈല്‍ ഘടകങ്ങള്‍, ഹോസ്പിറ്റാലിറ്റി വ്യവസായം എന്നിവ ഉള്‍പ്പെടുന്നു.