അവശ്യ സാധനങ്ങളുടെ ജിഎസ്ടി കുറച്ചേക്കും
- ജിഎസ്ടി 12 ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമായാണ് കുറയ്ക്കാന്‍ സാധ്യത
- ഇന്‍ഷുറന്‍സ് പ്രീമിയത്തിന്‍മേലുള്ള ജിഎസ്ടി നിരക്ക് കുറയ്ക്കുന്നതില്‍ തീരുമാനമായില്ല
അവശ്യ സാധനങ്ങളുടെ ജിഎസ്ടി 12 ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കാന്‍ സാധ്യത.
100 ലധികം ഇനങ്ങളുടെ ജിഎസ്ടി നിരക്കുകള്‍ പരിഷ്‌കരിക്കുന്നത് മന്ത്രിമാരുടെ സംഘം അവലോകനം ചെയ്തു. ഒക്ടോബര്‍ 20ന് നടക്കുന്ന യോഗത്തില്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.
ആരോഗ്യ-ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിന്‍മേലുള്ള ജിഎസ്ടി നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ല. ഒക്ടോബര്‍ 19ന് ഇക്കാര്യം വീണ്ടും ചര്‍ച്ച ചെയ്യും.
അവശ്യ സാധനങ്ങളുടെ ജിഎസ്ടി 12 ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കുന്നകാര്യം പരിഗണനയിലാണെന്ന് പശ്ചിമ ബംഗാള്‍ ധനമന്ത്രി ചിന്ദ്രിമ ഭട്ടാചാര്യ പറഞ്ഞു. കുപ്പിവെള്ളവും സൈക്കിളും ഉള്‍പ്പടെയുള്ളവയുടെ നികുതി കുറയ്ക്കുന്ന കാര്യമാണ് പരിഗണിക്കുക. ബുധനാഴ്ച നടന്ന യോഗത്തില്‍ നിലവില്‍ 12 ശതമാനം നികുതി സ്ലാബിലുള്ള മെഡിക്കല്‍, ഫാര്‍മ ഇനങ്ങളുടെ നികുതി നിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തു.
നിലവില്‍ 5 , 12 , 18 , 28 ശതമാനം എന്നിങ്ങനെ നാല് സ്ലാബുകളിലാണ് ജിഎസ്ടി നിരക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജിഎസ്ടി വ്യവസ്ഥകള്‍ അനുസരിച്ച് ചരക്കുകളുടെയും സേവനങ്ങളുടെയും നിരക്ക് 40 ശതമാനം വരെ ഉയര്‍ത്താം.
ഭക്ഷ്യ ഉത്പന്നങ്ങള്‍ ഉള്‍പ്പടെയുള്ള അവശ്യവസ്തുക്കളുടെ ജിഎസ്ടി 12 ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമാക്കിയാല്‍ സാധാരണക്കാര്‍ക്കുമേലുള്ള അധികഭാരം കുറയ്ക്കാന്‍ കഴിയുമെന്ന് യോഗം വിലയിരുത്തി. അതേസമയം, നിലവില്‍ 18 ശതമാനം നിരക്കിലുള്ള ഹെയര്‍ ഡ്രെയര്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ തുടങ്ങിയവയുടെ നിരക്ക് 28 ശതമാനത്തിലേക്ക് ഉയര്‍ത്താനും യോഗം ശുപാര്‍ശ ചെയ്തു. 1000 രൂപക്ക് മുകളിലുള്ള വസ്ത്രങ്ങളുടെ നിരക്ക് 12 ശതമാനത്തില്‍നിന്ന് 18 ശതമാനമായി ഉയര്‍ത്താനും സാധ്യതയുണ്ട്.
ഒക്ടോബര്‍ 20ന് ചേരുന്ന യോഗത്തിന് ശേഷം കേന്ദ്ര ധനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ ശുപര്‍ശകള്‍ അവതരിപ്പിക്കും. എല്ലാ സംസ്ഥാനങ്ങളുടെയും പ്രതിനിധികള്‍ കൗണ്‍സിലിലുണ്ട്.