കോച്ചിംഗ് സെന്ററുകളില്‍ നിന്നുള്ള ജിഎസ്ടി; അഞ്ച് വര്‍ഷത്തിനുള്ളില്‍ 5,500 കോടി രൂപയായി
- കോച്ചിംഗ് സെക്ടറില്‍ കുതിച്ചുയര്‍ന്ന് ജിഎസ്ടി
- കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 17,685.57 കോടി രൂപ
രാജ്യത്തെ കോച്ചിംഗ് സെന്ററുകളില്‍ നിന്നുള്ള കേന്ദ്രത്തിന്റെ ജിഎസ്ടി വരുമാനം 2024 സാമ്പത്തിക വര്‍ഷത്തില്‍ 5,500 കോടി രൂപയായി ഉയര്‍ന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ 150ശതമാനം വര്‍ധനയാണ് ഈ രംഗത്തുണ്ടായതെന്ന് വിദ്യാഭ്യാസ മന്ത്രാലയം രാജ്യസഭയെ അറിയിച്ചു.
2020-21-ല്‍ കോച്ചിംഗ് സെന്ററുകളില്‍ നിന്ന് പിരിച്ചെടുത്ത തുക 2,215.24 കോടി രൂപയായിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അത് ഗണ്യമായി വര്‍ധിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 17,685.57 കോടി രൂപയാണ് സര്‍ക്കാര്‍ ഈ ഇനത്തില്‍ സമാഹരിച്ചത്.
വിദ്യാര്‍ത്ഥികളുടെ സ്വകാര്യ ട്യൂഷനുകളേയും കോച്ചിംഗ് സെന്ററുകളേയും ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് എന്തെങ്കിലും കാര്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്നും സഭയില്‍ ചോദ്യമുണ്ടായി. വിദ്യാഭ്യാസ മന്ത്രാലയത്തിലെ സഹമന്ത്രി സുകാന്ത മജുംദാര്‍, ദേശീയ വിദ്യാഭ്യാസ നയം പോലുള്ള നിരവധി സംരംഭങ്ങള്‍ ഇതിനു മറുപടിയായി എടുത്തുകാണിച്ചു. അതില്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സ്വകാര്യ കോച്ചിംഗിന്റെ ആവശ്യകത കുറയ്ക്കുന്നതിനുമുള്ള ശുപാര്‍ശകള്‍ ഉള്‍പ്പെടുന്നു.
കൂടാതെ, ഇന്ത്യയിലെ എല്ലാ സ്‌കൂള്‍ ബോര്‍ഡുകളിലുടനീളമുള്ള വിദ്യാര്‍ത്ഥികളുടെ മൂല്യനിര്‍ണ്ണയത്തിന് സ്റ്റാന്‍ഡേര്‍ഡ് സജ്ജീകരിക്കുന്നതിനായി ആരംഭിച്ച സംരംഭവും മന്ത്രി സൂചിപ്പിച്ചു. ഉയര്‍ന്ന നിലവാരമുള്ള ഉള്ളടക്കം നല്‍കുന്നതിനുള്ള പ്ലാറ്റ്ഫോമും ആവിഷ്‌ക്കരിക്കുന്നു.
വിദ്യാഭ്യാസ മന്ത്രാലയം 2024 ജനുവരി 16-ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കോച്ചിംഗ് സെന്ററുകളുടെ നിയന്ത്രണത്തിനായി നിര്‍ദ്ദിഷ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. ഇതുസംബന്ധിച്ച് ഉചിതമായി നിയമ ചട്ടക്കൂട് സൃഷിക്കാന്‍ ഇത് ശുപാര്‍ശ ചെയ്തു.