മുംബൈ : രാജ്യത്തെ കറന്റ് അക്കൗണ്ട് കമ്മി(സിഎഡി), നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ജിഡിപിയുടെ 4.4 ശതമാനമായി ഉയര്‍ന്നു. ഇത് എക്കാലത്തെയും റെക്കോര്‍ഡ് വര്‍ധനയാണ്. ഇതോടെ കറന്റ് അക്കൗണ്ട് കമ്മി 36.4 ബില്യണ്‍ ഡോളറായി. രാജ്യത്തെ കയറ്റുമതി ഇറക്കുമതി സേവനങ്ങളുടെ അന്തരമാണ് സിഎഡി ഉയര്‍ത്തുന്നത്. വ്യപാര കമ്മി ഉയര്‍ന്നതാണ് ഇതിനു കാരണം.
ബ്ലൂംബെര്‍ഗ് പുറത്തു വിട്ട കണക്കു പ്രകാരം ഇതിനു മുന്‍പ് 2012 -13 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തിലാണ് ഉയര്‍ന്ന സിഎഡി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അന്ന് സിഎഡി 31.8 ബില്യണ്‍ ഡോളറായിരുന്നു.
നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ സിഎഡി, ജിഡിപിയുടെ 2.2 ശതമാനം അഥവാ 18.2 ബില്യണ്‍ ഡോളറായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഇത് 9.7 ബില്യണ്‍ ഡോളറായിരുന്നു. ഇത് ജിഡിപിയുടെ 1.3 ശതമാനമായിരുന്നു.
വ്യാപാര കമ്മി നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 63 ബില്യണ്‍ ഡോളറില്‍ നിന്നും 83.5 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്നും ആര്‍ബിഐ വ്യക്തമാക്കി. വിദേശ നിക്ഷേപത്തിന്റെ പിന്‍വാങ്ങല്‍ വര്‍ധിച്ചത് വ്യാപാര കമ്മി ഉയരുന്നതിനു കാരണമായി. സേവനങ്ങളുടെ കയറ്റുമതിയില്‍ ശക്തമായ പുരോഗതി ഉണ്ടായിരുന്നുവെങ്കിലും ആഗോള തലത്തിലെ കയറ്റുമതി ഡിമാന്റില്‍ ഉണ്ടായ കുറവ് വ്യാപാര കമ്മിയെ സാരമായി ബാധിച്ചു.