വെള്ളക്കോളര്‍ നിയമനങ്ങളില്‍ 8.6% ഇടിവ്

  • ഏറ്റവും വലിയ തിരിച്ചടി ഐടി , ബിപിഒ മേഖലകളില്‍
  • ബാങ്കിംഗ്, ധനകാര്യ മേഖലകളില്‍ 7 ശതമാനം നിയമന വളര്‍ച്ച
  • മുന്‍ മാസത്തെ അപേക്ഷിച്ച് മൊത്തം നിയമനങ്ങള്‍ ഉയര്‍ന്നു

Update: 2023-10-09 08:05 GMT

ഐടി, ബിപിഒ, എഫ്എംസിജി എന്നിവയുൾപ്പെടെയുള്ള മേഖലകളിലെ നെഗറ്റീവ് പ്രവണതയെത്തുടർന്ന് വൈറ്റ് കോളർ തൊഴിലുകളിലെ നിയമനങ്ങളില്‍ ഇടിവ്. സെപ്റ്റംബറിൽ 8.6 ശതമാനം ഇടിവാണ് വാര്‍ഷികാടിസ്ഥാനത്തില്‍ രേഖപ്പെടുത്തിയത്. പക്ഷേ, ഓഗസ്റ്റുമായുള്ള താരതമ്യത്തില്‍ നിയമനങ്ങളിൽ ഏകദേശം 6 ശതമാനം വളർച്ചയുണ്ടായിട്ടുണ്ട്.

സെപ്തംബറിൽ, 2,835 വൈറ്റ് കോളർ ജോലി പോസ്റ്റിംഗുകൾ ഉണ്ടായെന്ന് നൗക്രി ഡോട്ട് കോമിന്റെ പ്രതിമാസ 'നൗക്രി ജോബ്‌സ്‌പീക്ക് ഇൻഡക്‌സ്' പറയുന്നു. മുന്‍ വർഷം ഇതേ മാസത്തില്‍ 3,103 ജോലികളാണ് പോസ്റ്റ് ചെയ്യപ്പെട്ടിരുന്നത്. ഇന്ത്യൻ തൊഴിൽ വിപണിയുടെ അവസ്ഥയെ പ്രതിനിധീകരിക്കുന്ന പ്രതിമാസ സൂചികയാണ് നൗക്രി ജോബ്‌സ്‌പീക്ക്. Naukri.com-ൽ റിക്രൂട്ടർമാർ നടത്തുന്ന പുതിയ തൊഴിൽ ലിസ്റ്റിംഗുകളും ജോലി സംബന്ധിയായ തിരയലുകളും അടിസ്ഥാനമാക്കിയാണ് ഇത് തയാറാക്കുന്നത്.

ആഗോളതലത്തിലെ വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഐടി മേഖലയിലെ നിയമനങ്ങളുടെ എണ്ണം കുറയുകയാണ്. ബിപിഒ/ഐടിഇഎസ്, എഫ്എംസിജി എന്നിവ സെപ്റ്റംബറിൽ യഥാക്രമം 25 ശതമാനത്തിന്‍റെയും 23 ശതമാനത്തിന്‍റെയും നെഗറ്റീവ് വളർച്ച രേഖപ്പെടുത്തിയതായി സർവേ പറയുന്നു. 

ബാങ്കിംഗും ടൂറിസവും തിളങ്ങുന്നു

"ഐടി മേഖല തിരിച്ചടി നേരിടുകയാണെങ്കിലും, ബാങ്കിംഗ് മേഖലയിലെ ശക്തമായ വളർച്ച ശ്രദ്ധേയമാണ്. മുന്‍ മാസത്തെ അപേക്ഷിച്ച് 6 ശതമാനം വളർന്നു എന്നത് വൈവിധ്യമാര്‍ന്ന മേഖലകളില്‍ പടര്‍ന്നു കിടക്കുന്ന ഇന്ത്യൻ തൊഴിൽ വിപണിയുടെ പ്രതിരോധശേഷിയെ അടിവരയിടുന്നു," നൗക്രി ഡോട്ട് കോം ചീഫ് ബിസിനസ് ഓഫീസർ പവൻ ഗോയൽ കൂട്ടിച്ചേർത്തു.

കുടുംബത്തോടെയും ഒറ്റയ്ക്കും യാത്ര ചെയ്യുന്നവര്‍ മഴക്കാലം പരമാവധി പ്രയോജനപ്പെടുത്തിയതിനാൽ ഹോസ്പിറ്റാലിറ്റി, ട്രാവൽ വ്യവസായം പരമാവധി വളർച്ച കൈവരിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഈ മേഖലയിലേക്കുള്ള പുതിയ തൊഴിൽ ഓഫറുകൾ ഏറ്റവും ഉയർന്നത് മുംബൈ നഗരത്തിലാണ്. റസ്‍റ്റോറന്‍റ് മാനേജര്‍, ഗസ്റ്റ് സര്‍വീസ് റോളുകള്‍ക്കായിരുന്നു ഏറ്റവും വലിയ ആവശ്യകത. 

ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസ്, ഇൻഷുറൻസ് (ബിഎഫ്എസ്ഐ), ഹെൽത്ത് കെയർ മേഖലകളിലെ നിയമനങ്ങളില്‍ സെപ്റ്റംബറിൽ 7 ശതമാനം വാർഷിക വളർച്ച ഉണ്ടായെന്നും ബ്രാഞ്ച് മാനേജര്‍ ഫിനാൻഷ്യൽ കൺസൾട്ടന്‍റ് റോളുകളിലായിരുന്നു വലിയ ഡിമാന്‍ഡെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എണ്ണ, വാതകം, ഓട്ടൊമൊബൈല്‍ തുടങ്ങിയ മേഖലകളിലെ നിയമനം 6 ശതമാനം വാര്‍ഷിക വളർച്ച രേഖപ്പെടുത്തി.

തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതില്‍ മെട്രോ ഇതര നഗരങ്ങൾ മെട്രോകളെക്കാൾ തിളങ്ങുന്നത് തുടരുന്നതായി റിപ്പോർട്ട് കണ്ടെത്തി. വഡോദര, അഹമ്മദാബാദ്, ജയ്പൂർ നഗരങ്ങൾ യഥാക്രമം 4 ശതമാനം, 3 ശതമാനം, 2 ശതമാനം വളർച്ച രേഖപ്പെടുത്തി.

Tags:    

Similar News