സമ്പദ് വ്യവസ്ഥയില്‍ ഏഴ് ശതമാനം വരെ വളര്‍ച്ചയെന്ന് ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ്
- രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റ പ്രവചനങ്ങളില്‍ പ്രതീക്ഷ
- മിക്ക റേറ്റിങ് ഏജന്‍സികളും രാജ്യത്തിന്റെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തുകയോ നിലനിര്‍ത്തുകയോ ചെയ്തു
;
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 7ശതമാനം വരെ വളരുമെന്ന് ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ്. വളര്‍ച്ചാ പ്രതീക്ഷ സ്ഥിരയുള്ളതെന്നും റിപ്പോര്‍ട്ട്.
രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റ പ്രവചനങ്ങളില്‍ പ്രതീക്ഷയുണ്ടെന്നാണ് ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ജിഡിപി വളര്‍ച്ച 6% നും 7% നും ഇടയില്‍ തുടരും. ശക്തമായ ആഭ്യന്തര ഉപഭോഗം തുണയാവും. അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും സര്‍ക്കാര്‍ മൂലധന വിനിയോഗം ഉയര്‍ന്നതും പ്രതീക്ഷ നല്‍കുന്നു.
കാര്‍ഷികമേഖലയില്‍ തളര്‍ച്ച നേരിട്ടുവെങ്കിലും സേവനമേഖലയിലെ പുരോഗതി തുണയാവുമെന്നാണ് വിലയിരുത്തല്‍. അതേസമയം ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, ആഗോള സാമ്പത്തിക മാന്ദ്യം എന്നിവയില്‍ ജാഗ്രത പുലര്‍ത്തണമെന്നും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.
2025ല്‍ മിക്ക റേറ്റിങ് ഏജന്‍സികളും രാജ്യത്തിന്റെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തുകയോ നിലനിര്‍ത്തുകയോ ആണ് ചെയ്തത്. ഫിക്കി 6.4 ശതമാനമായും ഐഎംഎഫ് 6.5 ശതമാനമായും വളര്‍ച്ച പ്രവചനം നിലനിര്‍ത്തുന്നു. നോമുറ മാത്രമാണ് പ്രവചനം 6 ശതമാനമായി ചുരുക്കിയത്. മൂഡീസാണ് ഏറ്റവും ഉയര്‍ന്ന പ്രതീക്ഷ പുലര്‍ത്തുന്നത്. 7 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷ. ഇതെല്ലാം പോസീറ്റീവ് ഘടകമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.
നഗരമേഖലയിലെ തൊഴിലില്ലായ്മ വര്‍ധിച്ചപ്പോള്‍ 2025 ജനുവരിയില്‍ ഗ്രാമീണ തൊഴിലവസരങ്ങളില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി തൊഴില്‍ നേടിയവരുടെ എണ്ണം ജനവരിയില്‍ 7 മാസത്തെ ഉയരത്തിലാണ്. ഭക്ഷ്യവിലപ്പെരുപ്പം കുറഞ്ഞതും മൊത്ത വില പണപ്പെരുപ്പം ഇടിഞ്ഞതും ശുഭാപ്തി വിശ്വാസം നല്‍കുന്നു. സിപിഐ പണപ്പെരുപ്പം അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലുമെത്തി.