തുഹിന്‍ കാന്ത പാണ്ഡെ സെബി ചെയര്‍മാന്‍
- മാധവി പുരി ബുച്ചിന് പകരമായാണ് പാണ്ഡെ സെബി മേധാവിയായി ചാര്‍ജെടുക്കുന്നത്
- മൂന്ന് വര്‍ഷത്തേക്കാണ് തുടക്കത്തില്‍ ചെയന്‍മാന്റെ നിയമനം
;
സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) 11-ാമത് ചെയര്‍മാനായി ധനകാര്യ സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെയെ നിയമിച്ചു. ഒഡീഷ കേഡര്‍ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (ഐഎഎസ്) ഉദ്യോഗസ്ഥയായ മാധവി പുരി ബുച്ചിന് പകരമായാണ് പാണ്ഡെ ചാര്‍ജെടുക്കുന്നത്.
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം, സെബി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ധനകാര്യ സെക്രട്ടറിയും റവന്യൂ വകുപ്പിലെ സെക്രട്ടറിയുമായ പാണ്ഡെയെ നിയമിക്കുന്നതിന് മന്ത്രിസഭയുടെ നിയമന സമിതി അംഗീകാരം നല്‍കി.
പാണ്ഡെ ചുമതലയേല്‍ക്കുന്ന ദിവസം മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് തുടക്കത്തില്‍ നിയമനം, ഉത്തരവില്‍ പറയുന്നു.
വിദേശ സ്ഥാപന നിക്ഷേപകരുടെ (എഫ്ഐഐ) പിന്‍മാറ്റത്തെത്തുടര്‍ന്ന് വിപണികളില്‍ സമ്മര്‍ദ്ദം അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് പാണ്ഡെ സെബിയുടെ മേധാവിയായി ചുമതലയേല്‍ക്കുന്നത്. ജനുവരി മുതല്‍ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) ഒരു ലക്ഷം കോടിയിലധികം രൂപയാണ് ഇന്ത്യന്‍ വിപണിയില്‍നിന്ന് പിന്‍വലിച്ചത്.
1987 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം ധനകാര്യ മന്ത്രാലയത്തിലെ റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനാണ്. പൊതുമേഖലാ കമ്പനികളിലെ സര്‍ക്കാര്‍ ഇക്വിറ്റി കൈകാര്യം ചെയ്യുന്ന ധനകാര്യ മന്ത്രാലയത്തിലെ ഒരു വകുപ്പായ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് വകുപ്പിലും പബ്ലിക് എന്റര്‍പ്രൈസസ് വകുപ്പിലും ഏറ്റവും കൂടുതല്‍ കാലം സെക്രട്ടറിയായി സേവനമനുഷ്ഠിച്ച വ്യക്തിയായിരുന്നു പാണ്ഡെ.
മുന്‍ഗാമിയായ സഞ്ജയ് മല്‍ഹോത്ര റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ഗവര്‍ണറായി സ്ഥാനമേറ്റതിനെത്തുടര്‍ന്ന് ജനുവരി 9 ന് അദ്ദേഹം റവന്യൂ വകുപ്പിന്റെ ചുമതല ഏറ്റെടുത്തു. മധ്യവര്‍ഗത്തിന് ഒരു ലക്ഷം കോടി രൂപയുടെ നികുതി ഇളവുകള്‍ നല്‍കിയ 2025-26 ബജറ്റ് തയ്യാറാക്കുന്നതില്‍ പാണ്ഡെ നിര്‍ണായക പങ്ക് വഹിച്ചു. 64 വര്‍ഷം പഴക്കമുള്ള 1961 ലെ ആദായനികുതി നിയമത്തിന് പകരമായി പുതിയ ആദായനികുതി ബില്ലിന്റെ കരട് തയ്യാറാക്കലിലും അദ്ദേഹം പങ്കാളിയായിരുന്നു.