2022 -ന് ലോകം വിട പറയുമ്പോൾ: കോവിഡിനെ പിന്തുടർന്നുള്ള ഒരു വര്ഷം

  • യു എസിലും , യുകെ യിലും 40 വർഷത്തെ ഉയർച്ചയിലായി വില വർധന. സെൻട്രൽ ബാങ്കുകൾ പലിശ നിരക്കുകൾ വർധിപ്പിച്ചു.
  • ടെക് ഭീമന്മാരായ ഗൂഗിളിന്റെയും മെറ്റയുടെയും ട്വിറ്റെറിന്റേയും ആമസോണിന്റെയും സിസ്‌കോയുടെയും ഉൾപ്പെടെ അനവധി വമ്പൻ കോർപറേറ്റുകളുടെ കൂട്ടപിരിച്ചുവിടലിനും ഈ വര്ഷം സാക്ഷിയാകേണ്ടി വന്നു ,

Update: 2023-01-01 11:15 GMT

കൊച്ചി: 2022 അവസാനിക്കുമ്പോൾ ലോകം കടന്നു പോയത് ഒട്ടനവധി സംഭവങ്ങളിലൂടെയാണ്. ഇതിൽ നഷ്ടങ്ങളും നേട്ടങ്ങളുമൊക്കെ ഉൾക്കൊണ്ടിട്ടുണ്ട്. ലോക സമ്പദ് വ്യവസ്ഥയെ സ്വാധീനിച്ച കുറച്ചു കാര്യങ്ങൾ മാത്രമാണ് ഇവിടെ പ്രതിപാദിക്കുന്നത്.

കോവിഡിന്റെ പിടിയിൽ നിന്ന് കുതറിമാറാനുള്ള ലോക ജനതയുടെ ശ്രമങ്ങളോടെയാണ് ഈ വർഷം ആരംഭിച്ചത്. വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ കണക്കുകളനുസരിച് ലോകമെമ്പാടുമായി ഇതിനകം ഏകദേശം 67 ലക്ഷം ജനങ്ങളുടെ ജീവൻ അപഹരിച്ച ആ മഹാമാരി ഇന്ത്യയിലും 6 ലക്ഷത്തോളം ജനങ്ങൾക്ക് മരണ കാരണമായി. ആഗോള സമ്പദ് വ്യവസ്ഥ തന്നെ തകിടം മറിഞ്ഞു; ഉത്പാദനം കുറഞ്ഞു; പട്ടിണി മരണങ്ങൾ തുറിച്ചു നോക്കി.

ഇതിൽ നിന്നെല്ലാം മോചനം നേടാനൊരുങ്ങി നിൽക്കുമ്പോഴാണ് 2022 ഫെബ്രുവരി ഇരുപത്തി നാലിന് ലോകജനതയെ തന്നെ ഞെട്ടിച്ചു കൊണ്ട് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ യുക്രൈനിലേക്ക് പട്ടാളത്തെ അയക്കുന്നത്. നാറ്റോയുടെ അംഗത്വത്തിന് അപേക്ഷിച്ചു നിന്ന യുക്രൈൻ റഷ്യക്കൊരു ഭീഷണിയായി മാറുമെന്ന കണക്കുകൂട്ടലിലാണ് യുദ്ധം ആരംഭിച്ചത്. ലോകത്തിന്റെ ഏതുകോണിലും ആക്രമണമഴിച്ചു വിടാൻ കെല്പുള്ള ആയുധ ശേഖരമുള്ള റഷ്യയെ സൈനികമായി നേരിടുന്നത് ആത്മഹത്യാപരമായിരിക്കുമെന്നറിയാവുന്ന നാറ്റോ സഖ്യ കക്ഷികൾ ഉപരോധങ്ങളിലൂടെ പുട്ടിനെ പൂട്ടാനുള്ള നടപടികളാരംഭിച്ചെങ്കിലും അത് ഫലം കാണാതെ യുദ്ധം ഇപ്പോഴും തുടരുന്നു.

അതിന്റെ തുടർച്ചയെന്നോണം ലോകമെമ്പാടും പണപ്പെരുപ്പം കുതിച്ചുയർന്നു; യു എസിലും , യുകെ യിലും 40 വർഷത്തെ ഉയർച്ചയിലായി വില വർധന. സെൻട്രൽ ബാങ്കുകൾ പലിശ നിരക്കുകൾ വർധിപ്പിച്ചു. Dec 13 നു ഫെഡറൽ റിസർവ് വീണ്ടും അതിന്റെ ബെഞ്ച്മാർക്ക്പലിശ നിരക്ക്, 15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർത്തി. അതായത്, നിരക്ക് നിശ്ചയിക്കുന്ന ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി ഇപ്പോൾ ഇത് 4.25 ശതമാനത്തിനും 4.5 ശതമാനത്തിനും ഇടയിൽ ടാർഗെറ്റുചെയ്‌ത ശ്രേണിയിലേക്ക് കൊണ്ടുപോയിരിക്കയാണ്.

ഇന്ത്യയിൽ റിസേർവ് ബാങ്കും വെറുതെയിരുന്നില്ല; മെയ് മാസം മുതൽ 5 പ്രാവശ്യമായി ആർ ബി ഐ-യുടെ ഗവർണർ ശക്തികാന്ത ദാസ് അധ്യക്ഷനായ ആറംഗ മോണിറ്ററി പോളിസി കമ്മിറ്റി 2.25 ശതമാനമാണ് പലിശ നിരക്ക് ഉയർത്തിയത്. അതോടെ റിപ്പോ നിരക്ക് 6.25 ശതമാനമായി. തന്മൂലം വായ്പകൾ ചെലവേറിയതായി. 2018 ഓഗസ്റ്റിനുശേഷമുള്ള ഏറ്റവും ഉയർന്നാണ് ഇപ്പോൾ പലിശ നിരക്ക്.

യുദ്ധത്തിന്റെ അലയൊലികൾ ഓഹരിവിപണികളിലും പ്രതിധ്വനിച്ചു. 2023-ലും സാമ്പത്തിക മാന്ദ്യം തുടരാമെന്ന നിലയിലാണിപ്പോൾ കാര്യങ്ങൾ.

മസ്ക് ട്വിറ്ററിനെ അടിമുടി ഉടച്ചു വാർത്തതും ഇതേ വര്ഷം തന്നെയായിരുന്നു. കോടീശ്വരനായ ഇലോൺ മസ്ക് 4400 കോടി ഡോളറിന്, അതായത് ഏകദേശം 3 ലക്ഷത്തി 65,000 കോടി രൂപയ്ക്കു, ട്വിറ്റെർ ഏറ്റെടുക്കുന്നു എന്ന വാർത്ത വ്യാപകമായി പ്രചരിച്ചു. അദ്ദേഹം കരാറുറപ്പിക്കും വരെ പല ഊഹാപോഹങ്ങളും പൊട്ടിപ്പുറപ്പെട്ടുകൊണ്ടിരുന്നു. കമ്പനി കൈപിടിയിലെത്തിയപ്പോൾ നേതൃത്വത്തിലും നയങ്ങളിലും മസ്‌ക് മാറ്റങ്ങൾ വരുത്തി. ഒറ്റരാത്രികൊണ്ട് 7500 ലധികം ജോലിക്കാരെ പിരിച്ചുവിടുക, ജോലിയിൽ തുടരുന്നവർക്ക് 12 മണിക്കൂറായി ജോലിസമയം നീജപ്പെടുത്തുക തുടങ്ങി ട്വിറ്ററിന്റെ ഗതി തന്നെ മാറ്റിയ നിരവധി നടപടികളാണ് മസ്ക് സ്വീകരിച്ചത്. ഒരു പക്ഷെ മസ്കിന്റെ ഈ നയങ്ങളാവാം ഒരു നിമിഷമെങ്കിലും അദ്ദേഹത്തിന്റെ ഹൃദയമിടുപ്പ് കൂട്ടി ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി എന്ന മുൻനിര സ്ഥാനത്തുനിന്നും മസ്കിനെ പിൻനിരയിലേക്ക് നയിച്ചത്. എല്ലാം കഴിഞ്ഞ് ഒടുവിൽ പകരക്കാരനെ കണ്ടെത്തിയാൽ സി ഇ ഓ സ്ഥാനം ഒഴിയുമെന്ന ഒരു വെല്ലുവിളിയുമായി മസ്ക് ഇപ്പോഴും തലപ്പത്തു തുടരുകയാണ്.

ബിഗ് ബുൾ എന്നറിയപ്പെടുന്ന രാകേഷ് ജുൻജുൻവാലയെ ഇന്ത്യയ്ക്ക് നഷ്ടമായതും ഇതേ വർഷം തന്നെ. മരിക്കുമ്പോൾ ഫോർബ്‌സ് ന്റെ കണക്കു പ്രകാരം 5800 കോടി ഡോളർ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളിൽ 438 മത് ആയിരുന്നു ഇദ്ദേഹം .

ആസ്തിയുടെ കണക്ക് പറയുകയാണെങ്കിൽ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ മറികടന്ന് 1,35,400 കോടി ഡോളറിന്റെ ആസ്തിയോടെ ഇന്ത്യക്കാരനായ ഗൗതം അദാനി ഫോബ്‌സിന്റെ ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തിയതും ഈ കൊല്ലം തന്നെ. മുകേഷ് അംബാനിയെ മറികടന്നു ഇന്ത്യയിലെ പണക്കാരിൽ ഒന്നാം സ്ഥാനത്തായതും 2022-ലാണ്.

ടെക് ഭീമന്മാരായ ഗൂഗിളിന്റെയും മെറ്റയുടെയും ട്വിറ്റെറിന്റേയും ആമസോണിന്റെയും സിസ്‌കോയുടെയും  ഉൾപ്പെടെ അനവധി വമ്പൻ കോർപറേറ്റുകളുടെ കൂട്ടപിരിച്ചുവിടലിനും ഈ വര്ഷം സാക്ഷിയാകേണ്ടി വന്നു , ഏകദേശം ഒരു ലക്ഷത്തിലധികം ആളുകളെയാണ് പിരിച്ചു വിട്ടത്. ഈ പിരിച്ചു വിടലുകൾക്കിടയിൽ തന്നെ ചില ടെക് ഭീമന്മാർക്ക് നഷ്ട്ടമായതാവട്ടെ 3.2 ട്രില്ലിയൻ ഡോളറിലധികവും .

അന്താരാഷ്ട്ര ക്രിപ്റ്റോ കറൻസിയെ തകർച്ചയിലേക്ക് നയിച്ച സംഭവങ്ങളും ഈ കൊല്ലം തന്നെയാണ് അരങ്ങേറിയത് . ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ച് എഫ്‌ ടി എക്‌സ് ഏറ്റെടുക്കുന്നതിൽ നിന്ന് ബിനാൻസ് പിന്മാറിയതിന് ശേഷം, സ്ഥാപകനും മുൻ എഫ്‌ടിഎക്‌സ് സിഇഒയുമായ സാം ബാങ്ക്മാൻ ഫ്രൈഡ് തന്റെ സ്ഥാനത്ത് നിന്ന് രാജിവച്ചു, എഫ്‌ടിഎക്സ് പാപ്പരത്തത്തിനായി ഫയൽ ചെയ്തു, ഈ തകർച്ച നിക്ഷേപകർക്കും കടക്കാർക്കും ഇതിനകം തന്നെ ശതകോടിക്കണക്കിന് ഡോളർ നഷ്ടമാക്കി; ആ നഷ്ടം ഇപ്പോഴും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

യു കെ യെ മറികടന്ന് അഞ്ചാമത്തെ വലിയ സമ്പത് വ്യവസ്ഥയായി മാറാൻ ഇന്ത്യയ്ക്ക് സാധിച്ചു എന്നതാണ് ഈ വർഷത്തെ ഒരു നേട്ടം.

പിന്നാലെ മറ്റൊരു നേട്ടം കൂടി, ഡിസംബറിൽ അടുത്ത വർഷത്തേക്കുള്ള ജി 20 ഗ്രൂപ്പ് ന്റെ പ്രസിഡന്റ് സ്ഥാനം ഇന്ത്യ ഏറ്റെടുത്തു. ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ ജി 20 യുടെ പ്രസിഡന്റ് സ്ഥാനം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറി.

വർഷം അവസാനിക്കുമ്പോഴും തുടക്കത്തിലേ പോലെ തന്നെ നിൽക്കുന്ന ഒരു ഭീഷണി കോവിഡ് തന്നെ എന്ന് നമുക്ക് കാണാനാവും. സീറോ-കോവിഡ് നയത്തിന് കീഴിലുള്ള കർശനമായ ലോക്ക്ഡൗൺ മാർഗ്ഗനിർദ്ദേശങ്ങൾ ചൈനീസ് സർക്കാർ തിരുത്തിയതിനെത്തുടർന്ന് ചൈനയിലെ കോവിഡ് മരണ നിരക്ക് ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. എങ്കിലും രണ്ട്‌ വർഷം മുമ്പ് കോവിഡ് പൊട്ടിപ്പുറപ്പെടുമ്പോഴുള്ള ഒരു സ്ഥിതിയല്ല ഇപ്പോൾ എന്നത് ആശ്വാസം പകരുന്നു. അന്ന് ആ മഹാമാരിക്കെതിരേ മരുന്നില്ലായിരുന്നെങ്കിൽ ഇന്ന് അങ്ങനെയല്ല. മനുഷ്യരാശിയുടെ മുന്നോട്ടുള്ള ഗതിയിൽ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാനുള്ള കഴിവ് എക്കാലവും ആർജ്ജിട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ 2023 -ലേക്ക് പ്രതീക്ഷകളോടെ തന്നെ നമുക്ക് ചുവട് വെക്കാം.

Tags:    

Similar News