വരുമോ ? കോവിഡ്19-നെക്കാള്‍ മാരക വൈറസ്, ഡബ്ല്യുഎച്ച്ഒ മേധാവി പറയുന്നത് ഇതാണ്

  • 76-ാമത് വേള്‍ഡ് ഹെല്‍ത്ത് അസംബ്ലിയില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്
  • ലോകം സാധാരണ നിലയിലേക്ക് മെല്ലെ നീങ്ങുമ്പോഴാണ് ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഡബ്ല്യുഎച്ച്ഒ തലവന്‍ രംഗത്തുവന്നിരിക്കുന്നത്.
  • അടുത്ത മഹാമാരി പൊട്ടിപുറപ്പെട്ടാല്‍ ഒരുമിച്ചു നിന്ന് നേരിടാന്‍ നാം തയാറായിരിക്കണമെന്നു ടെഡ്രോസ് അദാനോം പറഞ്ഞു

Update: 2023-05-24 06:05 GMT

ഈ മാസം 5-ാം തീയതിയാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) കോവിഡ്-19 ഇനി ആഗോള മഹാമാരിയല്ലെന്ന ആശ്വാസ പ്രഖ്യാപനം നടത്തിയത്. എന്നാല്‍ കോവിഡ്-19 അവസാനിച്ചുവെന്നല്ല ഇതിനര്‍ഥം പകരം, ആഗോള ആരോഗ്യ അടിയന്തരാവസ്ഥ നീക്കി എന്നാണെന്നും ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

2020 മാര്‍ച്ച് 11-നായിരുന്നു കോവിഡ്-19നെ ആഗോള മഹാമാരിയായി ഡബ്ല്യുഎച്ച്ഒ പ്രഖ്യാപിച്ചത്. വെറും മൂന്നു വര്‍ഷം കൊണ്ട് ലോകത്തെ എല്ലാ രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയെ താറുമാറാക്കുകയും നിരവധി പേരുടെ ജീവനെടുക്കുകയും ചെയ്ത വൈറസാണ് കോവിഡ്-19.

കോവിഡ്-19 സംഹാരതാണ്ഡവമാടിയ മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ലോകം സാധാരണ നിലയിലേക്ക് മെല്ലെ നീങ്ങുമ്പോഴാണ് ഞെട്ടിക്കുന്ന ഒരു പ്രഖ്യാപനവുമായി ലോകാരോഗ്യ സംഘടനയുടെ തലവന്‍ ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്.

ലോകം അടുത്ത മഹാമാരിയെ നേരിടാന്‍ തയാറാകണമെന്നും അത് കോവിഡ്-19നെക്കാള്‍ മാരകമായ വൈറസായിരിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് ഡബ്ല്യുഎച്ച്ഒ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് കഴിഞ്ഞദിവസം പറഞ്ഞത്. ജനീവയില്‍ ഡബ്ല്യുഎച്ച്ഒയിലെ 194 അംഗരാജ്യങ്ങളുടെ 76-ാമത് വേള്‍ഡ് ഹെല്‍ത്ത് അസംബ്ലിയില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഭാവിയിലെ പകര്‍ച്ചവ്യാധികള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള ചര്‍ച്ചകള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചു അദ്ദേഹം ഊന്നിപ്പറയുകയും ചെയ്തു.

രോഗത്തിന്റെ കാര്യത്തിലും മരണത്തിന്റെ എണ്ണത്തിലും കുതിച്ചുചാട്ടത്തിനു കാരണമായേക്കാവുന്ന മറ്റൊരു വകഭേദം ഉയര്‍ന്നുവരാനുള്ള സാധ്യത അവശേഷിക്കുന്നുണ്ട്.

അടുത്ത മഹാമാരി പൊട്ടിപുറപ്പെട്ടാല്‍ ഒരുമിച്ചു നിന്ന് അതിനെ നേരിടാന്‍ നാം തയാറായിരിക്കണമെന്നും ടെഡ്രോസ് അദാനോം പറഞ്ഞു.

പൊതുജനാരോഗ്യത്തിന് ഏറ്റവും വലിയ അപകടസാധ്യതയുള്ള ഒമ്പത് രോഗങ്ങളെ ലോകാരോഗ്യ സംഘടന തിരിച്ചറിഞ്ഞിട്ടുണ്ട്. ചികിത്സയുടെ അഭാവം അല്ലെങ്കില്‍ ഒരു പകര്‍ച്ചവ്യാധി ഉണ്ടാക്കാനുള്ള കഴിവ് എന്നിവ കാരണം ഈ രോഗങ്ങള്‍ അപകടകരമാണെന്ന് ഡബ്ല്യുഎച്ച്ഒചൂണ്ടിക്കാണിക്കുന്നു.

ഡബ്ല്യുഎച്ച്ഒയുടെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ജനീവയില്‍ നടക്കുന്ന 10-ദിവസത്തെ വേള്‍ഡ് ഹെല്‍ത്ത് അസംബ്ലി ഭാവിയിലെ പകര്‍ച്ചവ്യാധികള്‍, പോളിയോ നിര്‍മാര്‍ജനം, റഷ്യയുടെ അധിനിവേശം കാരണം സംജാതമായിരിക്കുന്ന ഉക്രെയ്‌നിലെ ആരോഗ്യ അടിയന്തരാവസ്ഥ ലഘൂകരിക്കുന്നതിനുള്ള നടപടികള്‍ എന്നിവ ഉള്‍പ്പെടെയുള്ള ആഗോള ആരോഗ്യ വെല്ലുവിളികളെ നേരിടാന്‍ സജ്ജമാക്കിയിട്ടുള്ളതാണ്.

ഏറ്റവും പുതിയ കണക്ക്പ്രകാരം ഇന്ത്യയില്‍ 552 പേര്‍ക്കാണ് കൊറോണ ബാധയുള്ളതായി സ്ഥരീകരിച്ചിരിക്കുന്നത്. അതേസമയം ആക്ടീവ് കേസുകള്‍ 7,104-ല്‍ നിന്ന് 6,591 ആയി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെ ഒരു പത്രക്കുറിപ്പിൽ അറിയിച്ചു. ഇതുവരെയുള്ള മരണസംഖ്യ 5,31,849 ആണ്. കോവിഡ്-19 കേസുകളുടെ എണ്ണം 4.49 കോടിയായി രേഖപ്പെടുത്തിയിട്ടുണ്ട്.

മൊത്തം ആക്ടീവ് കേസുകളുടെ എണ്ണം ഇപ്പോഴത്തെ അണുബാധിതരുടെ  0.01 ശതമാനം വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. കോവിഡ്-19ല്‍ നിന്നു മുക്തി നേടിയവരുടെ ദേശീയ നിരക്ക് 98.80 ശതമാനമായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

Tags:    

Similar News