കൊച്ചിൻ ഷിപ്പ് യാഡ് പുതിയ സംരംഭത്തിന് വിദേശ പങ്കാളിയെ തേടുന്നു

ഇതിനായി താല്‍പ്പര്യ പത്രം (EoI) ക്ഷണിക്കാനുള്ള തയാറെടുപ്പിലാണു സിഎസ്എല്‍ മാനേജ്‌മെന്റ്

Update: 2023-11-23 12:49 GMT

കൊച്ചി: കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ് (സിഎസ്എല്‍) 970 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന  കപ്പൽ റിപ്പയറിങ് സംരഭത്തിന് ( ഇന്റര്‍നാഷണല്‍ ഷിപ്പ് റിപ്പയര്‍ ഫെസിലിറ്റി - ഐഎസ്ആര്‍എഫ്) വിദേശ പങ്കാളിയെ തേടുന്നു. ഇതിനായി താല്‍പ്പര്യ പത്രം (EoI) ക്ഷണിക്കാനുള്ള തയാറെടുപ്പിലാണു സിഎസ്എല്‍ മാനേജ്‌മെന്റ് എന്നാണു സൂചന.

സാങ്കേതിക സഹകരണത്തിനാണ്  വിദേശ പങ്കാളിയെ  തേടുന്നതെന്നു  ' മൈഫിന്‍ പോയിന്റിനോട് ' ഒരു  സിഎസ്എല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അന്താരാഷ്ട്ര പങ്കാളികള്‍ക്ക് സ്വന്തം നിലയില്‍ ഇന്റര്‍നാഷണല്‍ ഷിപ്പ് റിപ്പയര്‍ ഫെസിലിറ്റി പ്രവര്‍ത്തിപ്പിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അതും പരിഗണിക്കും. ഇക്കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെന്ന് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

സിഎസ്എല്ലിന് പ്രധാന യാര്‍ഡില്‍ കപ്പല്‍ നന്നാക്കാന്‍ സൗകര്യമുണ്ട്. പുതിയ സംരംഭം  വെല്ലിംഗ്ടണ്‍ ഐലന്‍ഡിലാണ്  സ്ഥാപിക്കുന്നത്. ഈ സൗകര്യം ഡ്രൈ-ഡോക്ക് സംവിധാനമല്ല. പകരം ഷിപ്പ് ലിഫ്റ്റ് അടിസ്ഥാനത്തിലുള്ളതാണ്.

നിര്‍ദ്ദിഷ്ട അന്താരാഷ്ട്ര പങ്കാളിത്തത്തിലൂടെ, വിദേശ വിപണികളില്‍ നിന്നും പുതിയ ബിസിനസുകള്‍ നേടാൻ  സാധിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

കൊച്ചിക്കു പുറമേ, മുംബൈ, കൊല്‍ക്കത്ത, പോര്‍ട്ട് ബ്ലെയര്‍ എന്നിവിടങ്ങളിലെ യൂണിറ്റുകളില്‍ സിഎസ്എല്‍ കപ്പലിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നുണ്ട്.

സിഎസ്എല്‍ ഒരു വലിയ ഡ്രൈ  ഡോക്ക് നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. അത് പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. അത് പൂര്‍ത്തിയായാല്‍ 1799 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന സിഎസ്എലിന്റെ മൂന്നാമത്തെ ഡ്രൈ  ഡോക്ക് സൗകര്യമായിരിക്കും.

ഡ്രൈ  ഡോക്ക് നിര്‍മാണത്തില്‍ 83 ശതമാനം പുരോഗതി കൈവരിച്ചതായി സിഎസ്എല്‍ മാനേജ്‌മെന്റ് അറിയിച്ചു. കൊറിയയില്‍ നിന്ന് ഹ്യുണ്ടായ് സാംഹോ ഹെവി ഇന്‍ഡസ്ട്രീസ് നിര്‍മിക്കുന്ന 600 ടണ്‍ ഗാന്‍ട്രി ക്രെയിനിന്റെ സ്ട്രക്ചറല്‍ ഘടകങ്ങള്‍ നൽകിയതോടെ  ഡ്രൈ  ഡോക്ക് പദ്ധതിയുടെ ഒരു സുപ്രധാന ഘട്ടത്തില്‍ എത്തിയതായി ഉന്നത മാനേജ്‌മെന്റ് അംഗം പറഞ്ഞു.

80 ശതമാനത്തിലധികം പൂര്‍ത്തിയായ ഡ്രൈ  ഡോക്കില്‍ തുടക്കത്തില്‍ കപ്പല്‍ നിര്‍മാണം ആരംഭിക്കാനാണു പദ്ധതിയിടുന്നത്.

ഡ്രൈ ഡോക്ക് ഡ്യുവല്‍ പര്‍പ്പസ് ആയതിനാല്‍ അറ്റകുറ്റപ്പണികളും കപ്പല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കാന്‍ കഴിയും.

' ഞങ്ങള്‍ ഇതിനകം നേടിയ കപ്പല്‍ നിര്‍മാണ കരാറുകള്‍ പുതിയ ഡ്രൈ  ഡോക്കില്‍ നിന്നായിരിക്കും നടപ്പിലാക്കുക. ഞങ്ങള്‍ ഉദ്ദേശിക്കുന്നതുപോലെ സംഗതികൾ പുരോഗമിക്കുകയാണെങ്കിൽ, രണ്ടാമത്തെ തദ്ദേശീയ വിമാന വാഹിനി കപ്പലിന്റെ (ഐഎസി) ജോലി ഈ ഡ്രൈ  ഡോക്കില്‍ നിന്ന് ചെയ്യാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നതായി ' മാനേജ്‌മെന്റ് പ്രതീക്ഷ പ്രകടിപ്പിച്ചു.


Tags:    

Similar News