H1 2023-24: ഇന്ത്യയുടെ വലിയ വ്യാപാര പങ്കാളി യുഎസ്; രണ്ടാമത് ചൈന
- യുഎഇ-യാണ് ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരത്തില്‍ മൂന്നാം സ്ഥാനത്തുള്ളത്
- യുഎസുമായുള്ള ഉഭയകക്ഷി വ്യാപാരം ഉയരുമെന്ന് വിലയിരുത്തല്‍
ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയില്‍ കയറ്റുമതിയും ഇറക്കുമതിയും കുറയുമ്പോഴും നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി യുഎസ് മാറിയെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
വാണിജ്യ മന്ത്രാലയത്തിന്റെ താൽക്കാലിക കണക്കുകൾ പ്രകാരം, ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2023 ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ 11.3 ശതമാനം ഇടിഞ്ഞ് 59.67 ബില്യൺ ഡോളറിലെത്തി, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 67.28 ബില്യൺ ഡോളറായിരുന്നു.
യുഎസിലേക്കുള്ള കയറ്റുമതി ഒരു വർഷം മുമ്പ് സമാന കാലയളവില്‍ ഉണ്ടായിരുന്ന 41.49 ബില്യൺ ഡോളറിൽ നിന്ന് 38.28 ബില്യൺ ഡോളറായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 25.79 ബില്യൺ ഡോളറുമായി താരതമ്യപ്പെടുത്തുമ്പോൾ നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ ആറ് മാസങ്ങളിൽ ഇറക്കുമതി 21.39 ബില്യൺ ഡോളറായി കുറഞ്ഞു.
ചൈന രണ്ടാം സ്ഥാനത്ത്
അതുപോലെ, ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 3.56 ശതമാനം ഇടിഞ്ഞ് 58.11 ബില്യൺ ഡോളറിലെത്തി. ചൈനയിലേക്കുള്ള കയറ്റുമതി നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 7.74 ബില്യൺ ഡോളറായി കുറഞ്ഞു. മുന്‍ സാമ്പത്തിക വര്‍ഷം സമാന കാലയളവില്‍ ഇത് 7.84 ബില്യൺ ഡോളറായിരുന്നു. ചൈനയില്‍ നിന്നുള്ള ഇറക്കുമതി52.42 ബില്യൺ ഡോളറിൽ നിന്ന് 50.47 ബില്യൺ ഡോളറായി കുറഞ്ഞു.
ഇന്ത്യ-യുഎസ് ബന്ധം വളരുമെന്ന് പ്രതീക്ഷ
യുഎസുമായുള്ള ഉഭയകക്ഷി വ്യാപാരം വരുന്ന വര്‍ഷങ്ങളില്‍ വളര്‍ച്ചയിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉഭയകക്ഷി വ്യാപാരത്തില്‍ ഇന്ത്യയ്ക്ക് വ്യാപാര മിച്ചമുള്ള ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് അമേരിക്ക. ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം യുഎസ് പരിഗണിക്കുമെന്നാണ് കയറ്റുമതിക്കാരുടെ പ്രതീക്ഷ.
2022-23ൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായിരുന്നു യു.എസ്. ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2021-22ലെ 119.5 ബില്യൺ ഡോളറിൽ നിന്ന് 2022-23ൽ 7.65 ശതമാനം ഉയർന്ന് 128.55 ഡോളറായി. 2020-21ൽ ഇത് 80.51 ബില്യൺ ഡോളറായിരുന്നു.
യുഎഇ മൂന്നാം സ്ഥാനത്ത്
നേരത്തെ, 2013-14 മുതൽ 2017-18 വരെയും പിന്നീട് 2020-21ലും ഇന്ത്യയുടെ മികച്ച വ്യാപാര പങ്കാളിയായിരുന്നു ചൈന. ചൈനയ്ക്ക് മുമ്പ്, യുഎഇ ആയിരുന്നു രാജ്യത്തിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളി. 2022-23 ൽ, 76.16 ബില്യൺ യുഎസ് ഡോളറിന്റെ ഉഭയകക്ഷി വ്യാപാരവുമായി ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയായി യുഎഇ മാറി.
സൗദി അറേബ്യ (52.72 ബില്യൺ യുഎസ് ഡോളർ), സിംഗപ്പൂർ (35.55 ബില്യൺ യുഎസ് ഡോളർ) എന്നിവയാണ് തൊട്ടുപിന്നിലുള്ള സ്ഥാനങ്ങളിലുള്ളത്. 2023 ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 36.16 ബില്യൺ യുഎസ് ഡോളറാണ്.