റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി പുനരാരംഭിച്ച് അമേരിക്ക
- 2022 മാര്‍ച്ചിലാണ് റഷ്യയില്‍ നിന്നുള്ള എണ്ണ, ഗ്യാസ്, എന്നിവ ഇറക്കുമതി ചെയ്യുന്നതിന് അമേരിക്ക വിലക്കേര്‍പ്പെടുത്തിയത്
- ഒക്ടോബറില്‍ 36,800 ബാരലും, നവംബറില്‍ 9,900 ബാരല്‍ എണ്ണയുമാണ് റഷ്യയില്‍ നിന്നും വാങ്ങിയത്
- റഷ്യന്‍ എണ്ണ ഇറക്കുമതി പുനരാരംഭിക്കാനുള്ള യുഎസ് തീരുമാനത്തിനു പിന്നിലെ കാരണങ്ങള്‍ വ്യക്തമല്ല
ഉക്രൈനിലെ സൈനിക ഇടപെടലിന്റെ പേരില്‍ മോസ്‌കോയ്‌ക്കെതിരെ ഉപരോധമേര്‍പ്പെടുത്തിയെങ്കിലും അമേരിക്ക റഷ്യയില്‍ നിന്നും എണ്ണയുടെ ഇറക്കുമതി പുനരാരംഭിച്ചതായി റഷ്യന്‍ മാധ്യമമായ സ്പുട്‌നിക് ഗ്ലോബ് റിപ്പോര്‍ട്ട് ചെയ്തു.
2023 ഒക്ടോബറില്‍, വാഷിംഗ്ടണ്‍ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയെന്നാണ്. തുടര്‍ന്ന് നവംബറിലും ആവര്‍ത്തിച്ചുള്ള വാങ്ങല്‍ നടത്തി.
ഒക്ടോബറില്‍ 36,800 ബാരലും, നവംബറില്‍ 9,900 ബാരല്‍ എണ്ണയുമാണ് റഷ്യയില്‍ നിന്നും വാങ്ങിയതെന്ന് യുഎസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ കണക്കുകള്‍ പറയുന്നു.
ഒക്ടോബറില്‍ ഒരു ബാരല്‍ എണ്ണയ്ക്ക് 74 ഡോളറായിരുന്നു വില. നവംബറില്‍ 76 ഡോളറുമായിരുന്നു വില. ഒരു ബാരല്‍ എണ്ണയ്ക്ക് യുഎസ്സും സഖ്യകക്ഷികളും നിശ്ചയിച്ച 60 ഡോളറെന്ന പ്രൈസ് ക്യാപ്പിനും മുകളിലുള്ള വിലയ്ക്കാണ് യുഎസ് റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്തത്.
ഉപരോധങ്ങള്‍ നടപ്പാക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്ന യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രഷറിയുടെ ഓഫീസ് ഓഫ് ഫോറിന്‍ അസറ്റ് കണ്‍ട്രോള്‍ (OFAC) അനുവദിച്ച നിര്‍ദ്ദിഷ്ട ലൈസന്‍സുകള്‍ ഉപയോഗിച്ചാണ് ഇറക്കുമതി ചെയ്തത്.
2022 മാര്‍ച്ചിലാണ് റഷ്യയില്‍ നിന്നുള്ള എണ്ണ, ഗ്യാസ്, എന്നിവ ഇറക്കുമതി ചെയ്യുന്നതിന് അമേരിക്ക വിലക്കേര്‍പ്പെടുത്തിയത്.
റഷ്യന്‍ എണ്ണ ഇറക്കുമതി പുനരാരംഭിക്കാനുള്ള യുഎസ് തീരുമാനത്തിനു പിന്നിലെ കാരണങ്ങള്‍ വ്യക്തമല്ല. എന്നാല്‍ ആഗോള ഊര്‍ജ്ജ പ്രതിസന്ധി കാരണമായിരികുമെന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ അനുമാനിക്കുന്നത്.