തെരഞ്ഞെടുപ്പുകൾ ഇന്ത്യ-യുകെ ഉടമ്പടികളെ ബാധിക്കില്ലെന്ന് സര്‍ക്കാര്‍
- ഉടമ്പടി തുല്യവും നീതിയുക്തവും സന്തുലിതവുമാകുന്നതുവരെ ചര്‍ച്ചകള്‍ തുടരും
വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പുകള്‍ ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര ഉടമ്പടികളെ ബാധിക്കില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ഉടമ്പടികളിന്മേല്‍ ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ നിര്‍ത്തി വക്കേണ്ട സാഹചര്യം ഇല്ലെന്നാണ് വിവരം. അടുത്തിടെ ബ്രിട്ടണ്‍ പ്രധാനമന്ത്രിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡഗ്ലസ് മക്‌നീലടങ്ങുന്ന ഉന്നത പ്രതിനിധി സംഘം കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍, വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍, പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. 26 ഓളം വിഭാഗങ്ങളുള്ള ഉടമ്പടിയില്‍ ബിസിനസ് വിസകള്‍, ഉത്പന്നങ്ങളുടെ നിര്‍മ്മാണ വിതരണ നിയമങ്ങള്‍, മദ്യം- ഓട്ടോമൊബൈലുകള്‍ എന്നിവയുടെ തീരുവ വെട്ടിക്കുറയ്ക്കല്‍, സാമ്പത്തിക സേവനങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ തീരുമാനമാകാനുണ്ട്.
'നമ്മള്‍ കൃത്യമായ നയം പിന്തുടരുന്നു. ഞങ്ങള്‍ വിട്ടുവീഴ്ച ചെയ്യുകയും മറ്റ് അഭ്യര്‍ത്ഥനകള്‍ അംഗീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ ഉടമ്പടി തുല്യവും നീതിയുക്തവും സന്തുലിതവുമാകുന്നതുവരെ ചര്‍ച്ചകള്‍ തുടരും,' ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇന്ത്യയുടെ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ചര്‍ച്ചകള്‍ പുരോഗമിക്കാതിരുന്നാല്‍ ബ്രിട്ടണ്‍ തിരഞ്ഞെടുപ്പില്‍ കുടുങ്ങാനുള്ള സാധ്യതയുണ്ട്.
'യുകെയില്‍ മറ്റൊരു പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിച്ചാലും, ഇന്ത്യയുമായുള്ള നിര്‍ദിഷ്ട എഫ്ടിഎ ഭീഷണി നേരിടില്ല. എല്ലാവരും ഇന്ത്യയുമായി ബിസിനസ്സ് ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യ ഉറപ്പു നല്‍കുന്ന അവസരങ്ങളും സാധ്യതകളും മറ്റ് വിപണികലില്‍ ഇല്ലാത്തതാണ് കാരണം, '' ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എഫ്ടിഎ ഉടന്‍ നടപ്പാക്കിയാല്‍, 2030ഓടെ ഉഭയകക്ഷി വ്യാപാരം ഇരട്ടിയായി 100 ബില്യണ്‍ ഡോളറായി ഉയരുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഇരു രാജ്യങ്ങളും.