2 ലക്ഷം കോടി ഡോളറിന്റെ കയറ്റുമതി ലക്ഷ്യം കൈവരിക്കും: പിയൂഷ് ഗോയല്‍

  • നിലവിലെ ഇന്ത്യയുടെ കയറ്റുമതി 770-775 ബില്യണ്‍ ഡോളര്‍
  • ഏകദേശം 1500 കോടി രൂപയുടെ ചണമാണ് നിലവില്‍ ഇന്ത്യ കയറ്റുമതി ചെയ്യുന്നത്
  • ഇസ്രായേല്‍ സംഘര്‍ഷം, ചെങ്കടലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവ വ്യാപാരത്തെ ബാധിക്കുന്ന ഘടകങ്ങളാണെന്ന് മന്ത്രി

Update: 2024-01-06 11:06 GMT

ഭൗമരാഷ്ട്രീയ പ്രതിസന്ധികളും പണപ്പെരുപ്പ ആശങ്കകളും ഉണ്ടെങ്കിലും 2030-ഓടെ ഇന്ത്യ 2 ലക്ഷം കോടി ഡോളറിന്റെ കയറ്റുമതി ലക്ഷ്യം കൈവരിക്കുമെന്നു കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

കൊല്‍ക്കത്തയിലെ ന്യൂ ടൗണില്‍ ജൂട്ട് കമ്മീഷണറുടെ ഓഫീസും ജൂട്ട് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെയും നാഷണല്‍ ജൂട്ട് ബോര്‍ഡിന്റെയും ആസ്ഥാനവും പ്രവര്‍ത്തിക്കുന്ന പത്സന്‍ ഭവന്റെ ഉദ്ഘാടന ചടങ്ങിലാണു മന്ത്രി ഇക്കാര്യം പറഞ്ഞത്.

ഉക്രെയ്ന്‍ യുദ്ധം, ഇസ്രായേല്‍ സംഘര്‍ഷം, ചെങ്കടലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവ വ്യാപാരത്തെ ബാധിക്കുന്ന ഘടകങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

' ഭക്ഷ്യധാന്യ ഉല്‍പ്പാദനം കുറഞ്ഞത് പരിഹരിക്കാനും, ആഭ്യന്തര പണപ്പെരുപ്പം തടയാന്‍ ചില നിയന്ത്രണങ്ങളും നടപ്പാക്കിയിട്ടുണ്ട്. എങ്കിലും, ഈ വെല്ലുവിളികളെല്ലാം ഉണ്ടെങ്കിലും ഇന്ത്യയുടെ കയറ്റുമതി വളര്‍ച്ച തുടരുമെന്ന് മന്ത്രി പറഞ്ഞു. നിലവിലെ 770-775 ബില്യണ്‍ ഡോളറില്‍ നിന്ന് ഇന്ത്യയുടെ കയറ്റുമതി 2030 ഓടെ 2 ലക്ഷം കോടി ഡോളറിലെത്തുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

ചണ വ്യവസായത്തിന്റെ സാധ്യതകളെ അദ്ദേഹം എടുത്തുപറഞ്ഞു.

'ചണമേഖലയില്‍ നിന്നുള്ള സംഭാവനയും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ യോജിച്ച പരിശ്രമവും കൊണ്ട് നമുക്ക് പുതിയ ഉയരങ്ങള്‍ കൈവരിക്കാന്‍ കഴിയും' മന്ത്രി പറഞ്ഞു.

ഏകദേശം 1500 കോടി രൂപയുടെ ചണമാണ് നിലവില്‍ ഇന്ത്യ കയറ്റുമതി ചെയ്യുന്നത്.

Tags:    

Similar News