യുഎസിലേക്കുള്ള ഇന്ത്യൻ ഇലക്ട്രോണിക്‌സ് കയറ്റുമതി ഇരട്ടിയായെന്ന് ഐസിഇഎ
- യുഎസിലേക്കുള്ള ഇലക്ട്രോണിക്‌സ് കയറ്റുമതി 6.6 ബില്യണ്‍ ഡോളറിലെത്തി
- ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി ഇലക്ട്രോണിക്സ് വ്യാപാരം 84 ശതമാനം വര്‍ധിച്ചു
- ചൈനയില്‍ നിന്ന് യുഎസ് വിപണിയിലേക്കുള്ള ഇലക്ട്രോണിക്‌സ് ഇറക്കുമതി കുറഞ്ഞു
ഡല്‍ഹി: 2023 ജനുവരി-സെപ്റ്റംബര്‍ കാലയളവില്‍ ഇന്ത്യയില്‍ നിന്ന് യുഎസിലേക്കുള്ള ഇലക്ട്രോണിക്‌സ് കയറ്റുമതി രണ്ട് മടങ്ങ് വര്‍ധിച്ച് 6.6 ബില്യണ്‍ ഡോളറിലെത്തിയതായി വ്യവസായ സംഘടനയായ ഇന്ത്യ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്സ് അസോസിയേഷന്‍ (ഐസിഇഎ; ICEA) അറിയിച്ചു.
ഇന്ത്യയില്‍ നിന്നുള്ള എക്കാലത്തെയും ഉയര്‍ന്ന ഇലക്ട്രോണിക്സ് കയറ്റുമതിയാണ് ഇതെന്ന് ഐസിഇഎ ചെയര്‍മാന്‍ പങ്കജ് മഹീന്ദ്രോ പറഞ്ഞു. അതേസമയം ചൈനയില്‍ നിന്ന് യുഎസ് വിപണിയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക്സിന്റെ വിഹിതം കുറഞ്ഞു.
ഈ വര്‍ഷം ജനുവരി-സെപ്റ്റംബര്‍ കാലയളവില്‍ ഇന്ത്യയുടെ യുഎസിലേക്കുള്ള ഇലക്ട്രോണിക്‌സ് കയറ്റുമതിയിലെ വളര്‍ച്ച ഏകദേശം 253 ശതമാനം വര്‍ധിച്ച് 6.6 ബില്യണ്‍ യുഎസ് ഡോളറായി രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 2.6 ബില്യണ്‍ ഡോളറായിരുന്നു.
ഐസിഇഎ പങ്കിട്ട ഡാറ്റ അനുസരിച്ച് യുഎസിലേക്കുള്ള ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതി 2018 ല്‍ കണക്കാക്കിയ 1.3 ബില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് 2022 ല്‍ 4.5 ബില്യണ്‍ ഡോളറായി 300 ശതമാനത്തിലധികം വര്‍ദ്ധിച്ചു.
ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി ഇലക്ട്രോണിക്സ് വ്യാപാരം 84 ശതമാനം വര്‍ധിച്ചു. 2023 ജനുവരി-സെപ്റ്റംബര്‍ കാലയളവില്‍ 9 ബില്യണ്‍ യുഎസ് ഡോളറാണ് വ്യാപാരം രേഖപ്പെടുത്തിയത്.
ഇന്തോ-യുഎസ് ടാസ്‌ക് ഫോഴ്സ്
2023 ഓഗസ്റ്റില്‍, ഐസിഇഎ ഉഭയകക്ഷി ഇലക്ട്രോണിക്സ് വ്യാപാരം ഉയര്‍ത്തുന്നതിനായി ഇന്തോ-യുഎസ് ടാസ്‌ക് ഫോഴ്സ് ആരംഭിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 8.4 ബില്യണ്‍ ഡോളറില്‍ നിന്ന് ഒരു ദശാബ്ദത്തിനുള്ളില്‍ ഇലക്ട്രോണിക്സ് വ്യാപാരം 100 ബില്യണ്‍ ഡോളറായി ഉയര്‍ത്തുക എന്നതായിരുന്നു ലക്ഷ്യം.
ഇന്തോ-അമേരിക്കന്‍ ടാസ്‌ക് ഫോഴ്സിനെ തുടര്‍ന്ന് 9 മാസത്തിനുള്ളില്‍ 9 ബില്യണ്‍ യുഎസ് ഡോളറായി കണക്കാക്കിയ നിലവിലെ വ്യാപാരത്തില്‍, മികച്ച പുരോഗതി കൈവരിച്ചു.
ചൈനയില്‍ നിന്ന് യുഎസിലേക്കുള്ള ഇലക്ട്രോണിക്‌സ് ഇറക്കുമതി വിഹിതം 2018-ല്‍ കണക്കാക്കിയ 46 ശതമാനത്തില്‍ നിന്ന് 2023 ജനുവരി-സെപ്റ്റംബര്‍ മാസങ്ങളില്‍ 24 ശതമാനമായി കുറഞ്ഞു. പല ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കും യുഎസ് 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയ വര്‍ഷമായിരുന്നു 2018.
അതേസമയം, വിയറ്റ്‌നാമും തായ്വാനും 2018 മുതല്‍ 2022 വരെ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഏറ്റവും വലിയ ഉയര്‍ച്ച കാഴ്ചവെച്ചിട്ടുണ്ട്. യുഎസിലേക്കുള്ള അവരുടെ കയറ്റുമതി യഥാക്രമം 420 ശതമാനവും 239 ശതമാനവും ഉയര്‍ന്നു.