എംഎസ്എംഇ സംരംഭകര്‍ക്ക് 2500 കോടി രൂപ കയറ്റുമതി വായ്പ സബ്‌സിഡി

  • അടുത്ത വര്‍ഷം ജൂണ്‍ 30 വരെ കാലാവധിയിലേക്കാണ് ഈ തുക അനുവദിച്ചിരിക്കുന്നത്
  • കയറ്റുമതിക്കായുള്ള വായ്പ കുറഞ്ഞ നിരക്കില്‍ ലഭിക്കും
  • 2015 ഏപ്രില്‍ ഒന്നിനാണ് പദ്ധതി ആരംഭിക്കുന്നത്

Update: 2023-12-09 14:30 GMT

എംഎസ്എംഇ സംരംഭകര്‍ക്ക് കയറ്റുമതിക്കായി നല്‍കുന്ന വായ്പയ്ക്കുള്ള സബ്‌സിഡി അല്ലെങ്കില്‍ ഇക്വലൈസേഷന്‍ പദ്ധതിക്കായി 2500 കോടി രൂപ അധികമായി അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. അടുത്ത വര്‍ഷം ജൂണ്‍ 30 വരെ കാലാവധിയിലേക്കാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.

ആഗോള സമ്പദ് വ്യവസ്ഥ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഇത് തെരഞ്ഞെടുക്കപ്പെട്ട മേഖലകളിലെ കയറ്റുമതിക്കാര്‍, എംഎസ്എംഇ മേഖലയിലെ കയറ്റുമതിക്കാര്‍ എന്നിവര്‍ക്ക് കയറ്റുമതിക്കായുള്ള വായ്പ കുറഞ്ഞ നിരക്കില്‍ ലഭിക്കും. നിലില്‍ 2024 ജൂലൈ 30 വരെയുള്ള കാലയളവിലേക്കായി 9,583 കോടി രൂപ ഈ പദ്ധതി പ്രകാരം അനുവദിച്ചിരുന്നു. അതിനു പുറമേയാണ് ഈ 2500 കോടി രൂപ അനുവദിച്ചിരിക്കുന്നത്.

നിര്‍ദ്ദിഷ്ട 410 ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന ഉത്ാപാദകര്‍, കയറ്റുമതിക്കാരായ വ്യാപാരികള്‍ എന്നിവര്‍ക്ക് രണ്ട് ശതമാനം സബ്‌സിഡിയും എംഎസ്എംഇ കയറ്റുമതിക്കാര്‍ക്ക് മൂന്ന് ശതമാനം സബ്‌സിഡിയുമാണ് ഈ പദ്ധതി പ്രകാരം ലഭിക്കുന്നത്. കൈത്തൊഴില്‍, ലെതര്‍, നിശ്ചിത തുണിത്തരങ്ങള്‍, കാര്‍പെറ്റ്, റെഡിമെയിഡ് തുണിത്തരങ്ങള്‍ എന്നീ മേഖലകളാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

എന്താണ് ഇന്ററസ്റ്റ് ഇക്വലൈസേഷന്‍ പദ്ധതി

കയറ്റുമതി ചെയ്യുന്നവര്‍ക്ക് അതിനുള്ള ചെലവ് ബാങ്കുകള്‍ വഴി വായ്പയായി നല്‍കും ഇങ്ങനെ നല്‍കുന്ന പണത്തിന്റെ പലിശയില്‍ ഇളവ് നല്‍കുന്നതാണ് പദ്ധതി. പദ്ധതിക്ക് യോഗ്യതയുള്ളവര്‍ ഓഡിറ്റര്‍മാരില്‍ നിന്നും ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ബാങ്കുകളില്‍ ഹാജരാക്കണം. അതിന്റെ അടിസ്ഥാനത്തിലാണ് ബാങ്ക് പണം നല്‍കുകയും റിസര്‍വ് ബാങ്കില്‍ നിന്നും റീഇംബേഴ്‌സ്‌മെന്റ് ക്ലെയിം നല്‍കുകയും ചെയ്യുന്നത്.

പദ്ധതിയുടെ തുടക്കം

2015 ഏപ്രില്‍ ഒന്നിനാണ് പദ്ധതി ആരംഭിക്കുന്നത്. 2020 മാര്‍ച്ച് 31 വരെ അഞ്ച് വര്‍ഷ കാലവധിയില്‍ ആരംഭിച്ച പദ്ധതി കോവിഡ് കാലത്ത് ഒരു വര്‍ഷത്തേക്ക് കൂടി തുടര്‍ന്നു. പിന്നീടും പദ്ധതിയും ഫണ്ട് അനുവദിക്കുന്നതും തുടരുകയുമായിരുന്നു. ഫണ്ട് പരിമിതപ്പെടുത്തിയിട്ടില്ല. എന്നാല്‍, പരിധികളൊന്നും ഇല്ലാതെ കയറ്റുമതിക്കാരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. വ്യക്തിഗത കയറ്റുമതിക്കാര്‍ക്കുള്ള നേട്ടം ഇംപോര്‍ട്ട് എക്‌സ്‌പോര്‍ട്ട് കോഡ് അനുസരിച്ച് 10 കോടി രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ, ബാങ്കുകള്‍ കയറ്റുമതിക്കാര്‍ക്ക് റിപ്പോയ്ക്കു പുറമേ നാല് ശതമാനവും ചേര്‍ന്നുള്ള നിരക്ക് എന്ന ശരാശരി നിരക്കിനു മുകളില്‍ പലിശ ചുമത്തിയാല്‍ അത്തരം ബാങ്കുകളെ ഈ പദ്ധതിയില്‍ നിന്നും ഡീബാര്‍ ചെയ്യുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

നടപ്പ് സാമ്പത്തിക വര്‍ഷം നവംബര്‍ 30 വരെ 2,641.28 കോടി രൂപ ഈ പദ്ധതി പ്രകാരം വിതരണം ചെയ്തിട്ടുണ്ട്. അനുവദിച്ചിരിക്കുന്ന തുക 2,932 കോടി രൂപയാണ്. 2022-23 വര്‍ഷത്തില്‍ 3,118 കോടി രൂപ, 2021-22 വര്‍ഷത്തില്‍ 3,488 കോടി രൂപ എന്നിങ്ങനെ ചെലവഴിച്ചു.

കയറ്റുമതി മേഖലയ്ക്ക് നേട്ടം

നിലവിലെ പ്രതികൂല സാഹചര്യത്തില്‍ ഈ തീരുമാനം നേട്ടമാകുമെന്നാണ് കയറ്റുമതിക്കാരുടെ അഭിപ്രായം.

കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും കയറ്റുമതി മേഖലയിലേക്കുള്ള പണലഭ്യത വര്‍ധിപ്പിക്കുന്നതിനും ഇത് ഒരു നല്ല നീക്കമാണെന്നും പ്രത്യേകിച്ച് വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ ഇത് വലിയ ആശ്വാസമാണെന്നും മുന്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ (എഫ്‌ഐഇഒ) വൈസ് പ്രസിഡന്റ് ഖാലിദ് ഖാന്‍ പറഞ്ഞു. പലിശനിരക്ക് കോവിഡിന് മുമ്പുള്ള നിലയിലെത്തിയതിനാല്‍ ഇളവ് അഞ്ച് ശതമാനമായും മൂന്ന്്ശതമാനമായും ഉയര്‍ത്തുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്ന് എഫ്്‌ഐഇഒ ഡയറക്ടര്‍ ജനറല്‍ അജയ് സഹായ് അഭിപ്രായപ്പെട്ടു.

ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍-ഒക്ടോബര് കാലയളവില് കയറ്റുമതി ഏഴ് ശതമാനം ഇടിഞ്ഞ് 24489 കോടി ഡോളറിലെത്തിയപ്പോള്‍ ഇറക്കുമതി 8.95 ശതമാനം ഇടിഞ്ഞ് 39196 കോടി ഡോളറിലുമെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 16714 കോടി ഡോാളറായിരുന്ന വ്യാപാരക്കമ്മി 14707 കോട് ഡോളറായും ഉയര്‍ന്നു.

Tags:    

Similar News