നിരക്ക് കൂട്ടി 'പണിമേടിച്ച് ' ടെലികോം കമ്പനികൾ; നേട്ടം കൊയ്ത് ബിഎസ്എന്‍എൽ
മുൻനിര ടെലികോം കമ്പനികളായ ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ (വിഐ) എന്നിവർ നിരക്ക് വർധിപ്പിച്ചതോടെ വരിക്കാരുടെ എണ്ണത്തിൽ ഇടിവ് നേരിട്ടതായി റിപ്പോർട്ട്. എന്നാൽ ഇക്കാലയളവിൽ സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എന്‍എല്ലിന് 54.64 ലക്ഷം പുതിയ വരിക്കാരെ ലഭിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. രണ്ടു വർഷക്കാലമായി വരിക്കാരുടെ എണ്ണത്തിൽ ഇടിവ് നേരിട്ട ബിഎസ്എൻഎൽ ജൂലൈയിലെയും ഓഗസ്റ്റിലെയും കണക്കുകൾ പരിശോധിക്കുമ്പോൾ വരിക്കാരുടെ എണ്ണത്തിൽ കുതിപ്പ് തുടരുകയാണ്.
കേരളത്തിലും ബിഎസ്എൻഎൽ ഒഴികെയുള്ള ടെലികോം കമ്പനികൾക്ക് ജൂലൈയിലും ഓഗസ്റ്റിലും വരിക്കാരുടെ എണ്ണത്തിൽ വൻ ഇടിവുണ്ടായി. ഏറ്റവും കൂടുതൽ വരിക്കാരുള്ള റിലയൻസ് ജിയോയ്ക്ക് രാജ്യമാകെ 47.77 ലക്ഷം വരിക്കാരെയാണ് നഷ്ടമായത്. കേരളത്തിൽ മാത്രം 1.73 ലക്ഷം വരിക്കാരുടെ കുറവുണ്ടായി. രാജ്യമൊട്ടാകെ എയർടെലിന് 41.03 ലക്ഷം വരിക്കാരെയും വോഡഫോണിന് 32.88 ലക്ഷം വരിക്കാരെയും നഷ്ടമായി. എന്നാൽ ഈ രണ്ട് മാസത്തിനിടെ ബിഎസ്എന്‍എല്ലിന് കേരളത്തിൽ 91,444 പുതിയ വരിക്കാരെ ലഭിച്ചു.
ജൂലൈയിൽ താരിഫുകൾ 11-25% ഉയർത്തിയതിന് പിന്നാലെ ഓഗസ്റ്റിൽ ജിയോയ്ക്ക് 4.01 ദശലക്ഷം വരിക്കാരെ നഷ്ടപ്പെട്ടപ്പോൾ ഭാരതി എയർടെല്ലിന് 2.4 ദശലക്ഷവും വോഡഫോൺ ഐഡിയയ്ക്ക് 1.8 ദശലക്ഷം വരിക്കാരെയും നഷ്ടപ്പെട്ടു. താരിഫ് വർധിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിന്ന ബിഎസ്എന്‍എൽ മാത്രമാണ് പുതിയ വരിക്കാരെ നേടിയത്. ഈ കാലയളവിൽ 2.5 ദശലക്ഷം വരിക്കാരെ ചേർക്കാൻ ബിഎസ്എന്‍എല്ലിന് സാധിച്ചു.