ഞായറാഴ്ച മാത്രം 25 വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി
- ഭീഷണികള്‍ ഇപ്പോഴും നിലനില്‍ക്കുന്നതായി ഉദ്യോഗസ്ഥര്‍
- തിരക്കുള്ള റൂട്ടുകളിലാണ് ഭീഷണി ഉണ്ടായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്
- യാത്രക്കാര്‍ക്ക് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു
യാത്രാ വിമാനങ്ങള്‍ക്കു നേരെയുള്ള ബോംബ് ഭീഷണി അവസാനിക്കുന്നില്ല. ഞായറാഴ്ച ഇന്ത്യന്‍ എയര്‍ലൈനുകളുടെ 25 ഓളം വിമാനങ്ങള്‍ക്കാണ് ഭീഷണി ഉണ്ടായത്. ഇത് നൂറുകണക്കിന് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും വിശദമായ പരിശോധനകള്‍ക്കായി ബന്ധപ്പെട്ട വിമാനത്താവളങ്ങളിലെ ഐസൊലേഷന്‍ ബേകളിലേക്ക് നിരവധി വിമാനങ്ങള്‍ മാറ്റാന്‍ അധികാരികളെ അധികാരികളെ പ്രേരിപ്പിക്കുകയും ചെയ്തു.
ഈ ആഴ്ച, നൂറോളം വിമാനങ്ങള്‍ക്കാണ് ഭീഷണി ഉണ്ടായിരിക്കുന്നത്. ഭീഷണികള്‍ വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു. ഇന്‍ഡിഗോ, വിസ്താര, എയര്‍ ഇന്ത്യ, ആകാശ എയര്‍ എന്നിവയുടെ ആറ് വിമാനങ്ങള്‍ക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഒരു വിമാനത്തിനെങ്കിലും ഞായറാഴ്ച ഭീഷണി ലഭിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇന്ത്യയിലെ വിവിധ വിമാനക്കമ്പനികളുടെ ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളില്‍ ഭീഷണി ഉണ്ടായി. അത് ഇപ്പോഴും നിലനില്‍ക്കുകയാണ്.
''പ്രോട്ടോക്കോളുകള്‍ക്ക് അനുസൃതമായി, ബന്ധപ്പെട്ട എല്ലാ അധികാരികളെയും ഉടന്‍ അറിയിക്കുകയും അവര്‍ നിര്‍ദ്ദേശിച്ച സുരക്ഷാ നടപടിക്രമങ്ങള്‍ നടപ്പിലാക്കുകയും ചെയ്തു,'' വിസ്താര വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. എയര്‍ ഇന്ത്യ വിമാനങ്ങളുടെ ആറ് വിമാനങ്ങള്‍ക്കെങ്കിലും ഭീഷണിയുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു.
കൊച്ചിയില്‍ നിന്ന് ദമാമിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ് 481 വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതായും വിമാനം സുരക്ഷിതമായി ദമാമില്‍ ഇറക്കിയതായും അധികൃതര്‍ അറിയിച്ചു. അതേസമയം ഞായറാഴ്ച, ചില വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി മുഴക്കിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ ഒരു ഹാന്‍ഡില്‍ തടഞ്ഞു.