വരുമാനത്തിന്റെ പകുതിയും നികുതി; കണക്കുനിരത്തിയ ട്വീറ്റ് വൈറല്‍
- ഒരു ദിവസത്തെ വരുമാനത്തില്‍നിന്നും നികുതി കണക്കുകൂട്ടിയ ട്വീറ്റുകള്‍
- ഈ ട്വീറ്റുകള്‍ വ്യാപക ചര്‍ച്ചക്കും വഴിതുറന്നു
- അനുകൂലിച്ചും പ്രതികൂലിച്ചും നെറ്റിസണ്‍സ്
ബെംഗളൂരു നഗരത്തില്‍ നിന്നുള്ള ഒരാള്‍ തന്റെ വരുമാനത്തിന്റെ 50 ശതമാനത്തിലധികം സര്‍ക്കാരിന് നികുതിയായി അടച്ചതിന്റെ നിരാശ പങ്കുവെച്ച ട്വീറ്റ് വൈറലായി. ഫ്ളിപ്കാര്‍ട്ടിലെ കാറ്റഗറി മാനേജരായ സഞ്ചിത് ഗോയല്‍ തന്റെ 5000 രൂപ വരുമാനത്തിന് 30 ശതമാനം നികുതിയായി സര്‍ക്കാരിലേക്ക് അടയ്ക്കേണ്ടി വന്നതെങ്ങനെയെന്ന് തന്റെ ട്വീറ്റില്‍ വിശദീകരിച്ചു. ബാക്കിയുള്ള പണത്തില്‍നിന്ന് കുറച്ച് പാനീയങ്ങള്‍ വാങ്ങിയപ്പോള്‍ കൂടുതലായി ഒരു 28ശതമാനം നികുതികൂടി അദ്ദേഹം അടച്ചു.
അതായത് ഒരു ദിവസം 12 മണിക്കൂര്‍ ജോലി ചെയ്യുന്ന ഒരാള്‍ തന്റെ വരുമാനത്തിന്റെ 50 ശതമാനത്തിലധികം സര്‍ക്കാരിന് അടയ്ക്കേണ്ടതുണ്ടെന്നും അദ്ദേഹം വിശദമാക്കുന്നു. ഈ ട്വീറ്റിനും അദ്ദേഹം വിശദീകരിച്ച കണക്കിനും വളരെയേറെപേരാണ് പിന്തുണയുമായി എത്തിയത്. ചിലരാകട്ടെ എതിര്‍ത്തു, മറ്റുചിലര്‍ കണക്കുകള്‍ക്ക് ചിരിയുടെ മേമ്പൊടി തൂകി. എന്തുതന്നെയായാലും ഗോയലിന്റെ ഈ ട്വീറ്റുകള്‍ വ്യാപകമായ ഒരു ചര്‍ച്ചക്കുംകൂടിയാണ് വഴിമരുന്നിട്ടത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ട്വീറ്റുകള്‍ കത്തിനില്‍ക്കുകയാണ്. അഭിപ്രായങ്ങള്‍ നിലച്ചിട്ടില്ല.
ജൂലൈ 15-നാണ് ഗോയല്‍ ആദായനികുതി സംബന്ധിച്ച വിഷയത്തില്‍ ട്വീറ്റ് ചെയ്തത്. തന്റെ ട്വീറ്റില്‍ അദ്ദേഹം കുറിച്ചു 'ഇന്ന് ഞാന്‍ 5,000 രൂപ സമ്പാദിച്ചു. എനിക്ക് അതിന്റെ 30 ശതമാനം സര്‍ക്കാരിന് നികുതിയായി നല്‍കേണ്ടി വന്നു. ബാക്കിയുള്ള പണത്തില്‍ നിന്ന് കുറച്ച് കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ വാങ്ങി. അവിടെ 28 ശതമാനം നികുതി നല്‍കേണ്ടി വന്നു. എന്റെ വരുമാനത്തിന്റെ 50 ശതമാനത്തിലധികം സര്‍ക്കാരിന് നല്‍കാനാണ് ഞാന്‍ ദിവസം 12 മണിക്കൂര്‍ ജോലി ചെയ്യുന്നതെന്ന് മനസിലായി'.
അദ്ദേഹത്തിന്റെ ട്വീറ്റിന് ട്വിറ്ററില്‍ 593.8K വ്യൂകളും 8,917 ലൈക്കുകളും 2,139 റീട്വീറ്റുകളുമാണ് ലഭിച്ചത്. ചുരുക്കത്തില്‍ ട്വിറ്ററില്‍ പ്രസ്തുത പോസ്റ്റ് കൊടുങ്കാറ്റ് സൃഷ്ടിച്ചു. പ്രത്യേകിച്ചും വിഷയം നികുതി സംബന്ധിച്ചതായപ്പോള്‍ വന്‍ ചലനമാണ് അത് സൃഷ്ടിച്ചത്. ഗോയലിന്റെ ട്വീറ്റിനെ പിന്തുണയ്ക്കുന്നതായി ഭൂരിപക്ഷം നെറ്റിസണ്‍സും പ്രതികരിച്ചു.ഒരു ഉപയോക്താവ് എഴുതി, ''കൃഷിയില്‍ നിന്ന് പണം സമ്പാദിക്കുക, കരിക്കിന്‍വെള്ളം കുടിക്കുക. നികുതി നല്‍കേണ്ടതില്ല'
'നികുതി വരുമാനത്തിന്റെ വലിയൊരു ഭാഗം അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിനുപകരം ശമ്പളം, സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍, അനാവശ്യ സൗജന്യങ്ങള്‍ എന്നിവയിലേക്ക് പോകുന്നു എന്നറിയുമ്പോള്‍ നിങ്ങളുടെ രക്തം തിളച്ചുമറിയുന്നു', എന്നാണ് മറ്റൊരാള്‍ പ്രതികരിച്ചത്.
അദ്ദേഹത്തിന്റെ ട്വീറ്റിനോട് വിയോജിക്കുന്ന മറ്റ് ചിലര്‍ എഴുതി, ''ഒരു വ്യക്തിക്ക് 10 ലക്ഷത്തിന് മുകളിലുള്ള വാര്‍ഷികവരുമാനത്തിന് 30ശതമാനം നികുതിയാണ്. അതില്‍ നിന്ന് ആനുപാതികമായി സംരക്ഷിക്കാനുള്ള പല മാര്‍ഗങ്ങളും ഉണ്ട്. കൂടാതെ, ഇന്ത്യയിലെ നികുതിഭാരം പല വികസിത രാജ്യങ്ങളേക്കാളും കുറവുമാണ്'. അതിന് അദ്ദേഹം മറുപടി പറഞ്ഞു, 'നാം രാജ്യങ്ങളെ താരതമ്യം ചെയ്യുകയാണെങ്കില്‍, ഈടാക്കുന്ന നികുതികള്‍ക്ക് അതിനനുസരിച്ചുള്ള സൗകര്യങ്ങള്‍ അവര്‍ ലഭ്യമാക്കുന്നുണ്ട്. യുഎഇ പോലുള്ള രാജ്യങ്ങള്‍ നികുതിയില്ലാതെതന്നെ മികച്ച സൗകര്യങ്ങള്‍ നല്‍കുന്നു. ഞാന്‍ നികുതി അടക്കാന്‍ തയ്യാറാണ്. എന്നാല്‍ അത് തുടങ്ങാന്‍ എനിക്ക് മെച്ചപ്പെട്ട വായുവും ഭക്ഷണവും വെള്ളവും വേണം.'ഗോയല്‍ പറഞ്ഞു.
ഇതാണ് മധ്യവര്‍ഗത്തിന്റെ ഇന്നത്തെ വേദനയെന്ന് ചിലര്‍ പ്രതികരിച്ചു. ഒരു കാര്‍ വാങ്ങിയാല്‍ അതിനു 28ശതമാനം ജിഎസ്ടി.പുറമേ 22ശതമാനം സെസും ഉണ്ട്. കൂടാതെ പത്ത് ശതമാനം റോഡ് നികുതിയും നല്‍കണം. ഇതിനുപുറമേയാണ് ഏതാണ്ട് 150ശതമാനം വരുന്ന ഇന്ധന നികുതി. ഇതിനുപുറമേയാണ് ടോള്‍ ഈടാക്കുന്നത്.
എന്നാല്‍ ചിലരാകട്ടെ ഇതിനോട് പ്രതികരിച്ചത് വേറിട്ട രീതിയിലാണ്. ''റോഡ് സൈഡ് കിരാന ഷോപ്പ് തുടങ്ങൂ, ഒരു ജ്യോതിഷിയാകൂ അല്ലെങ്കില്‍ ഒരു ഡേ കെയര്‍ തുടങ്ങൂ. കൂടെ നികുതി രഹിത വരുമാനം സ്വന്തമാക്കു ' എന്നിങ്ങനെ. സര്‍ക്കാര്‍ ഓഫീസുകള്‍ സന്ദര്‍ശിക്കുമ്പോള്‍ അവിടെ ചായയോ താമസ സൗകര്യമോ ചോദിക്കുന്നതില്‍ തെറ്റില്ല എന്നാണ് ഒരാളുടെ അഭിപ്രായം.
മറ്റൊരു ട്വീറ്റില്‍, 20 രൂപയുടെ ചോക്കോ ബാറിന് 27 ശതമാനം നികുതി സര്‍ക്കാര്‍ എങ്ങനെ നേടുന്നുവെന്നും ഗോയല്‍ എഴുതിയിട്ടുണ്ട്.