അദാനി ഗ്രൂപ്പുമായുള്ള ഇടപാടുകള്‍ ബംഗ്ലാദേശ് പുനഃപരിശോധിക്കും
- അദാനിയുമായുള്ള ഊര്‍ജ്ജ ഇടപാടുകള്‍ അവലോകന സമിതി പരിശോധിക്കും
- അദാനിക്കെതിരായ യുഎസ് നടപടിക്കു പിന്നാലെയാണ് ബംഗ്ലാദേശിന്റെ തീരുമാനം
- ബംഗ്ലാദേശ് കനത്ത കുടിശ്ശിക വരുത്തിയതിനെതുടര്‍ന്ന് ബംഗ്ലാദേശിലേക്കുളള വൈദ്യുതി വിതരണം അദാനി പവര്‍ വെട്ടിക്കുറച്ചിരുന്നു
അദാനി ഗ്രൂപ്പുമായുള്ള ഇടപാടുകള്‍ ഉള്‍പ്പെടെ ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് ഒപ്പുവെച്ച നിരവധി ഊര്‍ജ ഇടപാടുകളുടെ പുനര്‍മൂല്യനിര്‍ണയത്തിനും അവലോകനത്തിനും ബംഗ്ലാദേശ് ഒരുങ്ങുന്നു. ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ച ഒരു അവലോകന സമിതിയാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.
ഗൗതം അദാനി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സംഘത്തിലെ മുതിര്‍ന്ന എക്സിക്യൂട്ടീവുകള്‍ക്കെതിരെ യുഎസ് നീതിന്യായ വകുപ്പും സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷനും (എസ്ഇസി) കൈക്കൂലി പദ്ധതിയില്‍ കുറ്റം ചുമത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ നടപടി.
2009 മുതല്‍ 2024 വരെയുള്ള ഷെയ്ഖ് ഹസീനയുടെ ഭരണകാലത്തെ പ്രധാന വൈദ്യുതി ഉല്‍പ്പാദന കരാറുകളുടെ പുനരവലോകനത്തിനായി ഒരു സ്ഥാപനത്തെ നിയമിക്കണമെന്ന് വൈദ്യുതി, ഊര്‍ജ, ധാതു വിഭവ മന്ത്രാലയത്തിന്റെ ദേശീയ അവലോകന സമിതി ശുപാര്‍ശ ചെയ്തു.
അവലോകന സമിതിയുടെ സ്‌കാനറിന് കീഴിലുള്ള ഇടപാടുകളിലൊന്നില്‍ അദാനി പവര്‍ ജാര്‍ഖണ്ഡ് ലിമിറ്റഡിന്റെ (എപിജെഎല്‍) ഗോഡ്ഡ പവര്‍ പ്ലാന്റും ഉള്‍പ്പെടുന്നു. 2017-ല്‍, ജാര്‍ഖണ്ഡിലെ ഗോഡ്ഡ പവര്‍ പ്ലാന്റില്‍ നിന്ന് ദക്ഷിണേഷ്യന്‍ രാജ്യത്തേക്ക് 1,496 മെഗാവാട്ട് ശേഷിയുള്ള വൈദ്യുതി വിതരണത്തിനായി ബംഗ്ലാദേശ് പവര്‍ ഡെവലപ്മെന്റ് ബോര്‍ഡുമായി (ബിപിഡിബി) അദാനി ഗ്രൂപ്പ് പവര്‍ പര്‍ച്ചേസ് കരാറില്‍ (പിപിഎ) ഒപ്പുവച്ചു. 25 വര്‍ഷത്തേക്കായിരുന്നു പിപിഎ.
2023 ജൂലൈയില്‍ പവര്‍ പ്ലാന്റ് പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമായി. പ്ലാന്റ് നിര്‍മ്മിക്കാന്‍ ഇന്ത്യന്‍ കമ്പനിക്ക് ഏകദേശം മൂന്നര വര്‍ഷമെടുത്തു. ധാക്കയിലെ സ്‌കാനറിന് കീഴിലുള്ള മറ്റ് പ്ലാന്റുകളില്‍ ഒരു ചൈനീസ് കമ്പനിയും മറ്റുള്ളവ ഷെയ്ഖ് ഹസീനയുടെ ഭരണത്തോട് അടുത്തതായി കണക്കാക്കുന്ന സ്ഥാപനങ്ങളും നിര്‍മ്മിച്ചതാണ്.
പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് ഈ മാസം ആദ്യം അദാനി പവര്‍ ബംഗ്ലാദേശിലേക്കുള്ള വിതരണം 60 ശതമാനത്തിലധികം വെട്ടിക്കുറച്ചിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏകദേശം 800 മില്യണ്‍ ഡോളറിന്റെ കുടിശ്ശിക കമ്പനിക്ക് ബംഗ്ലാദേശ് സര്‍ക്കാര്‍ നല്‍കാനുണ്ട്. അദാനിയുടെ പേയ്മെന്റുകള്‍ ത്വരിതപ്പെടുത്തുന്നതിന് ധാക്ക 170 മില്യണ്‍ ഡോളറിന്റെ ക്രെഡിറ്റ് ലെറ്റര്‍ തുറന്നിട്ടുണ്ടെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.