കണ്ണുകള്‍ ഇനി യുഎസിലേക്ക്; പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍
- സര്‍വേകളില്‍ നേരിയ മുന്‍തൂക്കം കമലാ ഹാരിസിന്
- സര്‍വേകളില്‍ കമലയ്ക്ക് 48.5 ശതമാനമാണ് മുന്‍തൂക്കം
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. നവംബര്‍ അഞ്ചിനാണ് ലോകം കാത്തിരിക്കുന്ന തെരഞ്ഞെടുപ്പ് നടക്കുന്നത്. മത്സരത്തില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി കമലാ ഹാരിസും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രപ്രും ഇഞ്ചോടിഞ്ച് പൊരുതിക്കയറിയാണ് വോട്ടെടുപ്പിന് തയ്യാറാകുന്നത്.
അവസാന ഘട്ട സര്‍വേയിലും മുന്‍തൂക്കം കമലയ്ക്ക് തന്നെയെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ സര്‍വേകളില്‍ കമലയ്ക്ക് 48.5 ശതമാനമാണ് മുന്‍തൂക്കമുള്ളത്. എന്നാല്‍ തൊട്ടുപിറകെ ഒരു ശതമാനത്തിന്റെ മാത്രം വ്യത്യാസത്തിലാണ് ട്രംപ് ഉള്ളത്. 47.6 ശതമാനം പിന്തുണയോടെ ട്രംപ് തൊട്ടു പിന്നിലുണ്ട്.
ബൈഡന്‍ ഭരണകാലത്ത് സാമ്പത്തിക നില തകര്‍ന്നുവെന്നാണ് ട്രംപിന്റെ പ്രധാന ആരോപണം. അതേസമയം ജീവിതച്ചെലവ് കുറയ്ക്കാന്‍ പ്രവര്‍ത്തിക്കുമെന്നാണ് കമലയുടെ വാദം.
24 കോടി പേര്‍ക്കാണ് ഇക്കുറി തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളത്. ഏഴ് കോടിയിലധികം പേര്‍ ഇതുവരെ മുന്‍കൂര്‍ വോട്ടിംഗ്, പോസ്റ്റല്‍ സംവിധാനങ്ങളിലൂടെ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
18 വയസിന് മുകളിലുള്ളവര്‍ക്കാണ് അമേരിക്കയിലും വോട്ടവകാശം. യുഎസ് സമയം ഏഴ് മണിക്കാണ് വോട്ടെടുപ്പ് ആരംഭിക്കുന്നത്. രാത്രി പന്ത്രണ്ടോടെ ഫലസൂചന വ്യക്തമാകും.