ജി20യില്‍ ആഫ്രിക്കന്‍ യൂണിയന് സ്ഥിരാംഗത്വം
- ആഫ്രിക്കന്‍ യൂണിയനെ ജി20യില്‍ ഉള്‍പ്പെടുത്താന്‍ പരിശ്രമിച്ചത് ഇന്ത്യ
- ആഫ്രിക്കന്‍ രാജ്യങ്ങളുടെ പ്രതിസന്ധികള്‍ എന്നും ഇന്ത്യ ഉയര്‍ത്തിക്കാട്ടുന്നു
ജി20യില്‍ ആഫ്രിക്കന്‍ യൂണിയന് (എയു) സ്ഥിരാംഗത്വം നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. രണ്ടുദിവസത്തെ ഉച്ചകോടിയുടെ ഉദ്ഘാടന സെഷനിലായിരുന്നു പ്രഖ്യാപനം. പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, യൂണിയന്‍ ഓഫ് കൊമോറോസ് പ്രസിഡന്റും എയു ചെയര്‍പേഴ്‌സണുമായ അസലി അസ്സൗമാനി ജി 20 യുടെ അംഗമായി സ്ഥാനമേറ്റെടുത്തു.
'ഞങ്ങളുടെ ജോലി ആരംഭിക്കുന്നതിന് മുമ്പ്, സ്ഥിരാംഗമെന്ന നിലയില്‍ എയു പ്രസിഡന്റിനെ അദ്ദേഹത്തിന്റെ സ്ഥാനം ഏറ്റെടുക്കാന്‍ ഞാന്‍ ക്ഷണിക്കുന്നു' എന്ന് നരേന്ദ്ര മോദി അറിയിച്ചു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഗ്ലോബല്‍ സൗത്തിന്റെ, പ്രത്യേകിച്ച് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും അഭിലാഷങ്ങളും ഉയര്‍ത്തിക്കാട്ടുന്ന ഒരു പ്രമുഖ രാജ്യമായി ഇന്ത്യ മാറിയിട്ടുണ്ട്. പ്രധാനമന്ത്രി മോദി ഇക്കാര്യത്തില്‍ പ്രത്യേക പരിഗണന നല്‍കുന്നു. ആഫ്രിക്കന്‍ യൂണിയനെ ജി 20 അംഗമായി ഉള്‍പ്പെടുത്തുന്നതിന് വേണ്ടി ഏറ്റവും കൂടുതല്‍ പ്രയത്‌നിച്ചത് പ്രധാനമന്ത്രിയാണ്. എയുവിന് പൂര്‍ണ അംഗത്വം നല്‍കണമെന്ന് ആവശ്യപ്പെട്ട് ജി 20 രാജ്യങ്ങളുടെ നേതാക്കള്‍ക്ക് അദ്ദേഹം കത്തെഴുതുകയും ചെയ്തിരുന്നു.
ഏതാനും ആഴ്ചകള്‍ക്കുശേഷം, ഉച്ചകോടിക്കായുള്ള ഔദ്യോഗിക കരട് കമ്മ്യൂണിക്കില്‍ ഈ നിര്‍ദ്ദേശം കടന്നുവന്നു. ജൂലൈയില്‍ കര്‍ണാടകയിലെ ഹംപിയില്‍ ചേര്‍ന്ന മൂന്നാമത് ജി20 ഷെര്‍പാസ് മീറ്റിംഗിലാണ് ഈ ഉള്‍പ്പെടുത്തല്‍ നടന്നത്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലുടനീളമുള്ള രാഷ്ട്രങ്ങളെ ഒന്നിച്ച് പ്രതിനിധീകരിക്കുന്ന 55 അംഗരാജ്യങ്ങള്‍ അടങ്ങുന്ന ഒരു സുപ്രധാന സംഘടനയാണ് ആഫ്രിക്കന്‍ യൂണിയന്‍.
ഇന്ത്യ ആഫ്രിക്കക്ക് മുന്‍ഗണന നല്‍കുന്നുവെന്നും തങ്ങളുടെ ശബ്ദം കേള്‍ക്കുന്നില്ലെന്ന് കരുതുന്ന ആഗോള കാര്യങ്ങളില്‍ രാജ്യം അവര്‍ക്കുവേണ്ടി സംസാരിക്കുന്നുണ്ടെന്നും മുന്‍പ് പ്രധാനമന്ത്രി പറഞ്ഞിരുന്നു.
ജി20 അംഗ രാജ്യങ്ങള്‍ ലോക ജിഡിപിയുടെ ഏകദേശം 85 ശതമാനവും ആഗോള വ്യാപാരത്തിന്റെ 75 ശതമാനത്തിലേറെയും ആഗോള ജനസംഖ്യയുടെ ഏകദേശം മൂന്നില്‍ രണ്ട് ഭാഗവും വഹിക്കുന്നു.