കോവിഷീല്‍ഡ് നിര്‍മിച്ച പുനാവാലയ്ക്ക് ലണ്ടനില്‍ 1444 കോടി രൂപയുടെ മണിമാളിക
ഇന്ത്യയില്‍ കോവിഡ്-19 നെ പ്രതിരോധിക്കാനായി കോവിഷീല്‍ഡ് എന്ന വാക്‌സിന്‍ വികസിപ്പിച്ച സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ അദാര്‍ പുനാവാല ലണ്ടനിലെ മേഫെയറില്‍ കോടി കണക്കിന് പൗണ്ട് വിലമതിക്കുന്ന ഒരു മണിമാളിക സ്വന്തമാക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ലണ്ടനിലെ ഹൈഡ് പാര്‍ക്കിന് സമീപം സ്ഥിതി ചെയ്യുന്ന 25,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് പൂനാവാല സ്വന്തമാക്കുന്ന മണിമാളിക. അബെര്‍കോണ്‍ (Aberconway House) എന്നാണ് മണിമാളികയുടെ പേര്. അന്തരിച്ച പോളിഷ് വ്യവസായി ജാന്‍ കുല്‍സിക്കിന്റെ മകള്‍ ഡൊമിനിക കുല്‍സിക്ക് ആണ് 138 ദശലക്ഷം പൗണ്ടിന് (ഏകദേശം 1444.4 കോടി രൂപ) അബെര്‍കോണ്‍ പൂനാവാലയ്ക്ക് വില്‍ക്കുന്നത്.
സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ ബ്രിട്ടീഷ് സബ്‌സിഡിയറിയായ (ഉപസ്ഥാപനം) സെറം ലൈഫ് സയന്‍സസ് ആയിരിക്കും അബെര്‍കോണ്‍ സ്വന്തമാക്കുകയെന്നാണ് റിപ്പോര്‍ട്ട്.
കോവിഡ്-19 പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡ് ഇന്ത്യയില്‍ വികസിപ്പിച്ചത് പൂനാവാലയുടെ സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയായിരുന്നു. ആസ്ട്രാ സെനേക്ക, ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി എന്നിവരുമായി സഹകരിച്ചാണ് സെറം ഇന്‍സ്റ്റിറ്റിയൂട്ട് കോവിഷീല്‍ഡ് വികസിപ്പിച്ചത്.