അദാനി പ്രൈവറ്റ് പ്ലേസ്മെന്റ് ബോണ്ട് വഴി ബില്യൺ ഡോളർ സമാഹരിക്കാൻ ഒരുങ്ങുന്നു
- രണ്ടു തവണയായി 1 ബില്യൺ ഡോളർ സമാഹരിക്കാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്
- അദാനി ഗ്രൂപ്പ് അധികൃതരോ, ബ്ലാക്ക് റോക്ക് ഇൻക്., ബ്ലാക്ക്‌സ്റ്റോൺ ഇൻക് കമ്പനികളോ പ്രതികരിച്ചിട്ടില്ല
അദാനി ഗ്രൂപ്പ് അവരുടെ ചില കമ്പനികളുടെ ബോണ്ട് പ്രൈവറ്റ് പ്ലേസ്മെന്റ് വഴി നൽകി തുക സമാഹരിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. പദ്ധതിയുടെ ഭാഗമായി ബ്ലാക്ക് റോക്ക് ഇൻക്, ബ്ലാക്ക്‌സ്റ്റോൺ ഇൻക്, പസഫിക് ഇൻവെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് എന്നി യു എസ് ആസ്ഥനമായുള്ള നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് പുറത്തു വരുന്ന റിപോർട്ടുകൾ.
ചില പ്രത്യേക നിക്ഷേപകർക്ക് മാത്രമായി വിൽക്കുന്ന ഡെബ്റ്റ് സെക്യൂരിറ്റികളാണ് പ്രൈവറ്റ് പ്ലേസ്മെന്റ് ബോണ്ട്. കമ്പനിയുടെ വിപുലീകരണത്തിനോ, വായ്പ തിരിച്ചടക്കുന്നതിനോ, ലാഭ വിഹിതം നൽകുന്നതിനോ മറ്റുമായി ഒരു കമ്പനിക്ക് പ്രൈവറ്റ് പ്ലേസ്മെന്റ് ബോണ്ട് വഴി തുക സമാഹരിക്കാനാകും.
രണ്ടു തവണയായി 1 ബില്യൺ ഡോളർ സമാഹരിക്കാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന വിവരം.
എന്നാൽ റിപ്പോർട്ടുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് അധികൃതരോ, ബ്ലാക്ക് റോക്ക് ഇൻക്., ബ്ലാക്ക്‌സ്റ്റോൺ ഇൻക് കമ്പനികളോ പ്രതികരിച്ചിട്ടില്ല.
അദാനി ഗ്രൂപ്പ് അവരുടെ മൂന്ന് കമ്പനികളുടെയെങ്കിലും പ്രൈവറ്റ് പ്ലേസ്മെന്റ് ബോണ്ടുകൾ നൽകി തുക സമാഹരിക്കാൻ ലക്ഷ്യമിടുന്നതായി ബ്ലൂംബെർഗ് ഫെബ്രുവരിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഏപ്രിൽ മാസത്തോടെ ഇടപാടുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിക്കുമെന്നും സെപ്റ്റംബറിൽ ആദ്യഘട്ട തുക സമാഹരിക്കുമെന്നാണ് കണക്കാക്കുന്നത്. ആദ്യ ഘട്ടത്തിൽ 450 മില്യൺ ഡോളറാണ് സ്വരൂപിക്കുക. 10 -20 വർഷത്തെ കാലാവധിയുള്ള ദീർഘകാല കടപ്പത്രമായിരിക്കും ഇത്. അദാനി ട്രാൻസ്മിഷൻ, അദാനി ഗ്രീൻ എന്നി കമ്പനികളുടെ ബോണ്ടുകളാണ് വിൽക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.