ഡൽഹി ജി20 ഉച്ചകോടിയില്‍ സംയുക്ത പ്രസ്താവനക്ക് സാധ്യത കുറവ്

  • ആഗോളതലത്തിലെ ഭിന്നതകള്‍ ഉച്ചകോടിയില്‍ പുറത്തുവരുമെന്ന് വിലയിരുത്തല്‍
  • ഇന്ത്യയുടെ പ്രസിഡന്‍സിക്ക് കീഴില്‍ നടന്ന ഏകദേശം 20 മന്ത്രിതലയോഗങ്ങളില്‍ ഒന്നിലുംസംയുക്ത പ്രസ്താവന ഉണ്ടായില്ല
  • ഉച്ചകോടിയെ പ്രധാനമായും സ്വാധീനിക്കുക പാശ്ചാത്യ രാജ്യങ്ങളും സഖ്യരാജ്യങ്ങളും ആയിരിക്കും

Update: 2023-09-05 08:48 GMT

ഉക്രൈന്‍ യുദ്ധവും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിന്റയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെയും അഭാവവും ജി20 ഉച്ചകോടിയില്‍ നിഴല്‍ വീഴ്ത്തുമെന്ന് ആശങ്ക. റഷ്യയുടെ സൈനിക ഇടപെടലുമായി ബന്ധപ്പെട്ട് ഉയരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍, ഭക്ഷ്യ സുരക്ഷ നേരിടുന്ന വെല്ലുവിളികൾ, വര്‍ധിച്ചുവരുന്ന കട൦ , കാലാവസ്ഥാ വ്യതിയാനം ഇവയെല്ലാം നിര്‍ണായകമായ ആഗോള പ്രശ്നങ്ങളുടെ പരിഹാരത്തിന് കാര്യമായ ഭീഷണി ഉയര്‍ത്തുന്നു.

ലോകത്തെ ഏറ്റവും സ്വാധീനമുള്ള രാജ്യങ്ങള്‍ ഈ വാരാന്ത്യത്തില്‍ ന്യൂഡല്‍ഹിയില്‍ യോഗം ചേരുമ്പോള്‍, ഈ ഭിന്നതകള്‍ വലുതാകുകയാണ് എന്ന് വിലയിരുത്തലുകളുണ്ട്.

ഈ വര്‍ഷം ഇന്ത്യയുടെ ജി 20 പ്രസിഡന്‍സിക്ക് കീഴില്‍ നടന്ന ഏകദേശം 20 മന്ത്രിതല യോഗങ്ങളില്‍ ഒരു സംയുക്ത പ്രസ്താവന പോലും ഉണ്ടായിട്ടില്ലെന്നത് ഇതിനുദാഹരണമാണ്. സംഘര്‍ഷം സംബന്ധിച്ച് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ കാരണം സമവായം കണ്ടെത്താനായില്ല. ചൈനയോ ,റഷ്യയോ ഒരു സമവായത്തിനില്ലെന്ന നിലപാടാണ് അവരുടെ നേതാക്കള്‍ പങ്കെടുക്കില്ലെന്ന പ്രഖ്യാപനത്തിലൂടെ പുറത്തുവന്നിട്ടുള്ളത്.

തല്‍ഫലമായി, സെപ്റ്റംബര്‍ 9 ന് ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ദ്വിദിന ഉച്ചകോടിയെ പ്രധാനമായും സ്വാധീനിക്കുന്നത് പാശ്ചാത്യ രാജ്യങ്ങളും അവരുടെ സഖ്യകക്ഷികളും ആയിരിക്കും. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, സൗദി അറേബ്യയുടെ മുഹമ്മദ് ബിന്‍ സല്‍മാന്‍, ജപ്പാനിലെ ഫ്യൂമിയോ കിഷിദ എന്നിവര്‍ പങ്കെടുക്കാന്‍ പോകുന്ന ജി 20 നേതാക്കളില്‍ ഉള്‍പ്പെടുന്നു.

ഉച്ചകോടി പരാജയമാണെങ്കില്‍ അത് പാശ്ചാത്യ, പാശ്ചാത്യേതര ശക്തികള്‍ തമ്മിലുള്ള അന്തരം തുറന്നുകാട്ടുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടുചെയ്തു. അവര്‍ക്ക് സൗകര്യപ്രദമായ ഗ്രൂപ്പുകളെ തിരിച്ചറിയാനും അംഗങ്ങളെ കൂടെക്കൂട്ടാനും അത് സഹായിക്കുമെന്ന് വിശകലന വിദഗ്ധര്‍ പറഞ്ഞു.

ഉച്ചകോടിയില്‍ ഒരു സമവായം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര പ്രശസ്തിയെയും ബാധിക്കും. ന്യൂഡല്‍ഹിയുടെ പദവി ശക്തിപ്പെടുത്താന്‍ ഇപ്പോള്‍ മോദി ഇന്ത്യയുടെ പ്രസിഡന്‍സിയെ ഉപയോഗപ്പെടുത്തുന്ന അവസരമാണിത്.

നേതാക്കളുടെ ഉച്ചകോടി പരാജയപ്പെട്ടാല്‍ ന്യൂഡല്‍ഹിക്കും പ്രത്യേകിച്ച് മോദിക്കും വലിയ നയതന്ത്രപരവും രാഷ്ട്രീയവുമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് വാഷിംഗ്ടണിലെ വില്‍സണ്‍ സെന്ററിലെ സൗത്ത് ഏഷ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ മൈക്കല്‍ കുഗല്‍മാന്‍ പറഞ്ഞു.

''ബാലി ഉച്ചകോടിക്ക് ശേഷം നിലപാടുകള്‍ കഠിനമായി. അതിനുശേഷം റഷ്യയും ചൈനയും തങ്ങളുടെ നിലപാട് കടുപ്പിച്ചിരിക്കുന്നു, ഒരു സമവായം ഇവിടെ വളരെ ബുദ്ധിമുട്ടായിരിക്കും'' ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബാലിയില്‍, ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ അവസാന നിമിഷം സംയുക്ത പ്രസ്താവന നടത്തി. അവസാന നിമിഷം നേതാക്കള്‍ക്ക് വീണ്ടും എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നതായും ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.ഉക്രൈന്‍ യുദ്ധം 18 മാസം തികയുമ്പോള്‍, ബാലി പ്രഖ്യാപനത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷയോട് പോലും രാജ്യങ്ങള്‍ യോജിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും പുടിനു പകരം വരുന്ന റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവും ഇതിനകം അഭിപ്രായവ്യത്യാസങ്ങള്‍ വ്യകതമാക്കിക്കഴിഞ്ഞു.

അതേസമയം ജി20 ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും പങ്കെടുക്കാത്തത് സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങളും പുറത്തിറങ്ങുന്നു. ഷിക്കുപകരം ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ് ആയിരിക്കും ജി20യില്‍ പങ്കെടുക്കുക. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുശേഷം ഉച്ചകോടി ഒഴിവാക്കുന്ന രണ്ടാമത്തെ നേതാവാണ് ഷി. 2008-ല്‍ നടന്ന ആദ്യ പതിപ്പിന് ശേഷം ഒരു ചൈനീസ് പ്രസിഡന്റ് ഉച്ചകോടിയിൽ നിന്ന് വിട്ടുനിൽക്കുന്നത്  ഇതാദ്യമാണ്.

ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുത്തതിന് തൊട്ടുപിന്നാലെ ജി 20 `വെസ്റ്റ് ഹെവി ക്ലബ് ഷി ഒഴിവാക്കിയത് 'കിഴക്ക് ഉയരുന്നു, പടിഞ്ഞാറ് താഴുന്നു'എന്ന ചൈനീസ് പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന് അനുസൃതമായിരിക്കാമെന്ന് ഓസ്ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്റിസ്റ്റ് വെന്‍-ടി സുങ് പറയുന്നു. കൂടാതെ ഉക്രൈന്‍ യുദ്ധവിഷയത്തില്‍ റഷ്യയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനും ഈ അവസരം ബെയ്ജിംഗ് ഉപയോഗിക്കും.

മറുവശത്ത്, സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ലീ ക്വാന്‍ യൂ സ്‌കൂള്‍ ഓഫ് പബ്ലിക് പോളിസിയിലെ അസോസിയേറ്റ് പ്രൊഫസറായ ആല്‍ഫ്രഡ് വു പറയുന്നത് ആഭ്യന്തര പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ വിദേശയാത്ര നടത്താന്‍ ഷി വിമുഖത കാട്ടുന്നു എന്നാണ്. ഇന്ത്യയെ അവഹേളിക്കാനുള്ള ചൈനയുടെ ഒരു ശ്രമമായും ചിലര്‍ ഇതിനെ വിലയിരുത്തുന്നുണ്ട്. ചൈനീസ് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച ഇപ്പോള്‍ മന്ദഗതിയിലാണ്. എന്നാല്‍ ഇന്ത്യയുടെ വളര്‍ച്ച അതിവേഗമാണ്. അതിനാല്‍ ഇന്ത്യക്ക് ആഗോളതലത്തില്‍ മേധാവിത്വം ഉണ്ടാകുന്ന ഒരു അവസരത്തെയും ചൈന പിന്തുണക്കില്ല. ജി20 ഉച്ചകോടി അത്തരത്തിലൊരു അവസരമാണ്. അപ്പോള്‍ ബെയ്ജിംഗ് അതിനെ വിലകുറച്ചു മാത്രമെ കാണുകയുള്ളുവെന്നും നിരീക്ഷകര്‍ പറയുന്നു.

Tags:    

Similar News