ഓഹരി ഒന്നിന് 1540 രൂപ! കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ 5% ഓഹരികള്‍ വിൽപനയ്ക്ക്

Update: 2024-10-16 04:32 GMT

 കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ അഞ്ചു ശതമാനം ഓഹരി വിറ്റഴിക്കാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍. ഓഫര്‍ ഫോര്‍ സെയില്‍ വഴി ഇന്നും നാളെയുമായി ഓഹരി വില്‍പ്പന നടത്താനാണ് തീരുമാനം. 2.5% ഓഹരികളാണ് കേന്ദ്രം ഒഎഫ്എസ് വഴി വില്‍ക്കുക. അതായത് 65.77 ലക്ഷം ഓഹരികള്‍ ഒഎഫ്എസ് വഴി വിറ്റഴിക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. നിക്ഷേപകരില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചാല്‍, അധിക ഓഹരികള്‍ വിറ്റഴിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന 'ഗ്രീന്‍ ഷൂ' ഓപ്ഷന്‍ പ്രയോജനപ്പെടുത്തി 2.5% ഓഹരികള്‍ കൂടി വിറ്റഴിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതുവഴി 2000 കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 

നിലവിലെ ഓഹരി ഉടമകള്‍ കൈവശമുള്ള നിശ്ചിത ഓഹരികള്‍ വിറ്റഴിക്കുന്ന രീതിയാണ് ഓഫര്‍ ഫോര്‍ സെയില്‍. ഇന്ന് റീറ്റെയ്ല്‍ ഇതര നിക്ഷേപകര്‍ക്കും 17ന് റീറ്റെയ്ല്‍ (ചെറുകിട) നിക്ഷേപകര്‍ക്കും ഓഹരിക്കായി അപേക്ഷിക്കാം. ഓഹരി ഒന്നിന് 1,540 രൂപ അടിസ്ഥാനവിലയായി നിശ്ചയിച്ചിരിക്കുന്നത്. ചൊവ്വാഴ്ചത്തെ ക്ലോസിങ് വിലയായ 1672 രൂപയില്‍ നിന്ന് 7.89 ശതമാനം ഡിസ്‌ക്കൗണ്ടോടെയാണ് അടിസ്ഥാന വില നിശ്ചയിച്ചത്.

2017ല്‍ പ്രാരംഭ ഓഹരി വില്‍പന നടത്തുന്നതുവരെ കൊച്ചി കപ്പല്‍ശാലയുടെ 100% ഓഹരികളും കേന്ദ്രത്തിന്റെ പക്കലായിരുന്നു. ഐപിഒയ്ക്ക് ശേഷം ഓഹരി പങ്കാളിത്തം 75 ശതമാനത്തിന് താഴെയെത്തി. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 30 വരെയുള്ള കണക്കുപ്രകാരം 72.86% ഓഹരി പങ്കാളിത്തമാണ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ കേന്ദ്രത്തിനുള്ളത്.

Tags:    

Similar News