28 % നികുതി, ഗെയിമിങ് മേഖല ആശങ്കയിൽ
- നിലവിലുള്ള നികുതി 18ശതമാനം
- വിദേശ സ്ഥാപനങ്ങളും നികുതി നല്‍കണം
കഴിഞ്ഞ ദിവസം നടന്ന ജിഎസ്‍ടി കൗൺസിൽ യോഗ൦ ഓൺലൈൻ ഗെയിമിംഗ്, കാസിനോ,കുതിര പന്തയം എന്നിവക്കു ചുമത്തിയ 28 ശതമാനം നികുതി, ഒക്ടോബര്‍ ഒന്നിന് നിലവിൽ വരും. പ്രാബല്യത്തിൽ വന്ന് ആറ് മാസത്തിന് ശേഷം കൗൺസിൽ തീരുമാനത്തിന്‍റെ ആഘാതം വിലയിരുത്തും. ഇപ്പോൾ 18 ശതമാനമാണ് ഇവയുടെ നികുതി.
ഓണ്‍ലൈന്‍ ഗെയിമിംഗിന്‍റെ കാര്യത്തിൽ 28 ശതമാനം നികുതി എന്‍ട്രി ലെവല്‍ സമയത്ത് മാത്രമേ ഈടാക്കുകയുള്ളൂവെന്നു 51-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. രാജ്യത്തു ഏറ്റവും കൂടുതൽ ഗെയിമിങ് നടക്കുന്ന ഡൽഹി, ഗോവ, സിക്കിം എന്നീ സംസ്ഥാനങ്ങൾ 28 ശതമാനം നികുതി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, നികുതി അടയ്ക്കാതെ സേവനങ്ങൾ നൽകുന്ന വെബ്സൈറ്റുകളും പോർട്ടലുകളും നിരീക്ഷിക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്‍ടി ഇന്റലിജൻസ് (ഡിജിജിഐ) ഓഫീസ് സെൽ രൂപീകരിക്കുമെന്ന് റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്ര പറഞ്ഞു. നികുതി വെട്ടിപ്പ് നടത്തുന്ന വിദേശ സ്ഥാപനങ്ങൾക്ക് ആദായനികുതി നിയമപ്രകാരം പിഴ ചുമത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് ഓൺലൈൻ ഗെയിമിംഗ് സേവനങ്ങൾ നൽകുന്ന വിദേശ സ്ഥാപനങ്ങൾ ഇവിടെ രജിസ്റ്റർ ചെയ്യേണ്ടിവരുമെന്നും മൽഹോത്ര കൂട്ടിച്ചേർത്തു.
ഗെയിമിംഗ് മേഖലയുടെ പ്രതികരണങ്ങൾ
പുതിയ നികുതി ഇന്ത്യൻ ഓൺലൈൻ ഗെയിമിംഗ് വ്യവസായത്തെ വലിയ പ്രതിസന്ധിയിലാക്കുമെന്നു ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഫാന്റസി സ്പോർട്‍സും (എഫ്ഐഎഫ്എസ്) ഇ-ഗെയിമിംഗ് ഫെഡറേഷനും (ഇജിഎഫ്) സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. 50 ഇന്ത്യൻ ഓൺലൈൻ ഗെയിമിംഗ് കമ്പനികളെ പ്രതിനിധീകരിക്കുന്നു സംഘടനകളാണ് എഫ്ഐഎഫ്എസും, ഇജിഎഫും.
കനത്ത നികുതി ഭാരം ഗെയിമിംഗ് കമ്പനികൾക്കും ഗെയിമർമാർക്കും തിരിച്ചടിയാകുമെന്നും, ഗെയിം ഡെവലപ്പർമാരുടെ ഉപജീവനമാർഗത്തെ ബാധിക്കുമെന്നും ടെക് പോളിസി അഭിഭാഷക ശിവാനി ഝാ പറഞ്ഞു. കൂടാതെ, ഇത് ഉപയോക്താക്കളെ അനധികൃത വിദേശ വാതുവയ്പ്പ് പ്ലാറ്റ്‍ഫോമുകളിലേക്ക് നയിച്ചേക്കാമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.