ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള തൊഴിലാളികളുടെ കരാർ സഹകരണ സംഘമാണ് കോഴിക്കോട് വടകര ആസ്ഥാനമായി പ്രവർത്തിക്കുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സഹകരണസംഘം. കേരള നവോത്ഥാന കാലത്ത് 1925-ൽ വാഗ്ഭടാനന്ദ ഗുരുവിന്റെയും അദ്ദേഹം സ്ഥാപിച്ച പരിഷ്ക്കരണ പ്രസ്ഥാനമായിരുന്ന ആത്മവിദ്യാസംഘത്തിൻ്റെയും അനുയായികളായ തൊഴിലാളികളാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സഹകരണസംഘം സ്ഥാപിച്ചത്.ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ലേബർ സൊസൈറ്റിയും, ഏഷ്യയിലെ ഏറ്റവും വലിയ ലേബർ സൊസൈറ്റിയുമാണ് യുഎൽസിസിഎസ്.
അംഗങ്ങൾക്കും നാട്ടുകാർക്കും തൊഴിൽ നൽകുക എന്ന ലക്ഷ്യത്തിൽ നിർമ്മാണപ്രവൃത്തികൾ കരാറെടുത്ത് സ്വയം നിർവ്വഹിക്കുന്ന ഈ സംഘം ഇതിനകം 8000-ഓളം പദ്ധതികൾ പൂർത്തിയാക്കിയിട്ടുണ്ട്. മറ്റു പല മേഖലകളിലും തൊഴിൽ സൃഷ്ടിക്കുന്ന വിവിധ ഉപസ്ഥാപനങ്ങളും ഈ സംഘത്തിനുകീഴിൽ പ്രവൃത്തിക്കുന്നു. സാധാരണതൊഴിലാളികളും, നൈപുണ്യം നേടിയ തൊഴിലാളികളും കരകൗശലവിദഗ്ദ്ധരും മുതൽ എഞ്ചിനീയർമാരും,മാനേജ്‌മെൻ്റ് വിദഗ്ദ്ധരും അടക്കം 18,000-ത്തോളം പേർക്ക് ഈ സൊസൈറ്റി ഇന്നു തൊഴിൽ നൽകുന്നു.
ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി നിർമ്മിച്ചതും നിർമ്മിക്കുന്നതുമായ പ്രധാനപദ്ധതികളിൽ ദേശീയപാത ആറുവരിയാക്കൽ, ഏഷ്യയിൽ ഏറ്റവും നീളമുള്ള കോൺക്രീറ്റ് ബോ സ്റ്റ്രിങ് പാലമായ വലിയഴീക്കൽ പാലം, മാതൃകാപൊതുവിടമായി രാജ്യാന്തരമാദ്ധ്യമങ്ങൾവരെ പ്രശംസിച്ച വാഗ്ഭടാനന്ദ പാർക്ക്, ദക്ഷിണേൻഡ്യയിലെ ഏറ്റവും വലിയ പാലങ്ങളിൽ ഒന്നാകാൻ പോകുന്ന പെരുമ്പളം പാലം, സെമി-എലിവേറ്റഡ് ഹൈവേ ആയ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ്, ഡിജിറ്റൽ ഹബ്ബ്, ലൈഫ് സയൻസ് പാർക്ക് തുടങ്ങിയവ ഉൾപ്പെടുന്നു.
സൊസൈറ്റിയുടെ പ്രഥമമേഖലയായ നിർമ്മാണരംഗത്ത് ലോകത്ത് എവിടെയും വികസിക്കുന്ന അത്യാധുനിക സംവിധാനങ്ങളും,യന്ത്രോപകരണങ്ങളും സംഘം പലപ്പോഴും ഉപയോഗപ്പെടുത്താറുണ്ട്.ഏറ്റുമാനൂർ മണ്ഡലത്തിലെ കാരിതാസ് മേൽപ്പാലം അനുഭവസാക്ഷ്യത്തിൽ ഉള്ളതാണ്.നിർമ്മാണത്തൊഴിലാളികൾക്കു രാജ്യത്തേതന്നെ ഉയർന്ന വേതനവും ആനുകൂല്യങ്ങളുമാണ് ഊരാളുങ്കൽ സൊസൈറ്റി നല്കുന്നത്. നിർമാണത്തൊഴിലാളികൾക്ക് സർക്കാർ മേഖലയിലെ ജീവനക്കാരുടേതിന് സമാനമായ പിഎഫ്, ഗ്രാറ്റുവിറ്റി, ഇൻഷുറൻസ് ആനുകൂല്യങ്ങൾ ഊരാളുങ്കൽ സൊസൈറ്റി നൽകിവരുന്നു.
പല നിർമാണ പ്രവൃത്തികളും ഏറ്റെടുത്ത കരാർ കാലാവധിക്ക് മുൻപ് തന്നെ പൂർത്തിയാക്കിയിട്ടുണ്ട് യുഎൽസിസിഎസ്. 24 മാസത്തെ കരാർകാലാവധി ഉണ്ടായിരുന്ന കോഴിക്കോട് ബൈപ്പാസിന്റെ നിർമ്മാണം 16 മാസംകൊണ്ടാണ് പൂർത്തിയാക്കിയത് . 85 കോടിയുടെ ഭരണാനുമതിയും 74.96 കോടിയുടെ സാങ്കേതികാനുമതിയും ലഭിച്ച രാമനാട്ടുകര പാലം നിശ്ചിതസമയത്തിന് മുമ്പേ പൂർത്തിയാക്കി. തകരാറിൽ ആയിരുന്ന പാലരിവട്ടം പാലം പൊളിച്ചു പുനർനിർമ്മിക്കുന്ന പ്രവൃത്തി 5 മാസവും 10 ദിവസവുംകൊണ്ട് പൂർത്തിയാക്കി.
കരാർ തുകയിൽ കുറവ് പണം ചെലവായാൽ അത് സർക്കാരിൽ തിരിച്ചടയ്ക്കുന്ന രീതിയും യുഎൽസിസിഎസ് പലപ്പോഴും പിന്തുടർന്നിട്ടുണ്ട്. കോഴിക്കോട് തൊണ്ടയാട്ടെയും രാമനാട്ടുകരയിലെയും മേല്പാലങ്ങൾ എസ്റ്റിമേറ്റിലും കുറച്ചു പണിതീർത്തു 2018-ൽ സംസ്ഥാനത്തിനു കോടികൾ തിരിച്ചടച്ചു. 85 കോടി രൂപയ്ക്ക് ഭരണാനുമതിയും 74.96 കോടി രൂപയ്ക്ക് സാങ്കേതികാനുമതിയും ലഭിച്ച രാമനാട്ടുകര പാലം കാലാവധിക്കു മുമ്പേ 63 കോടി രൂപയ്ക്കു പൂർത്തിയാക്കി 11.96 കോടിരൂപ സർക്കാരിനു തിരികെനല്കി. പേരാമ്പ്ര - പയ്യോളി റോഡിന്റെ നവീകരണം 2019-ൽ ടെൻഡർത്തുകയിലും 4.25 കോടിരൂപ കുറവിൽ കാലാവധിക്കു മുമ്പേ പൂർത്തീകരിച്ച് ആ തുകയും സർക്കാരിനു തിരികെനല്കിയിട്ടുണ്ട്.
സ്വന്തം തൊഴിലാളികളും ഉപകരണങ്ങളും അസംസ്കൃതവസ്തുശേഖരവും സാങ്കേതികവൈദഗ്ദ്ധ്യവും ഉള്ളതിനാലാണ് ഇതു സാധിക്കുന്നത്. ഇത്രയേറെ തൊഴിലാളികൾക്കു തൊഴിൽ ലഭ്യമാക്കുകയാണ് സൊസൈറ്റിക്കു പ്രധാനം എന്നതിനാൽ പണികൾ നീട്ടിക്കൊണ്ടുപോകാതെ വേഗം തീർത്തു കൂടുതൽ പ്രവൃത്തികൾ ഏറ്റെടുത്തു ചെയ്യുക എന്നതാണ് സൊസൈറ്റി പിന്തുടരുന്ന മാതൃക.