തിരിച്ചെത്തി എഫ്ഐഐകൾ, കത്തിക്കയറി അദാനി ഓഹരികൾ; പച്ചയണിഞ്ഞ് വിപണി
- വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ചൊവ്വാഴ്ച 1,157.70 കോടി രൂപയുടെ ഓഹരികൾ വാങ്ങി
- സ്വർണം ട്രോയ് ഔൺസിന് ഒരു ശതമാനം ഉയർന്നു
- ഡോളറിനെതിരെ രൂപയുടെ മൂല്യം 15 പൈസ ഇടിഞ്ഞു
അസ്ഥിരമായ വ്യാപാരത്തിനൊടുവിൽ ആഭ്യന്തര വിപണി നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചെത്തിയത് നേട്ടത്തിന് ആക്കം കൂട്ടി. അദാനി ഗ്രൂപ്പ് ഓഹരികളിലെ കുത്തനെയുള്ള റാലിയും സൂചികകൾക്ക് താങ്ങായി.
സെൻസെക്‌സ് 230.02 പോയിൻ്റ് അഥവാ 0.29 ശതമാനം ഉയർന്ന് 80,234.08ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 80.40 പോയിൻ്റ് അഥവാ 0.33 ശതമാനം ഉയർന്ന് 24,274.90 ൽ ക്ലോസ് ചെയ്തു..
സെസൻസെക്സിൽ അദാനി പോർട്ട്‌സ് 6 ശതമാനം ഉയർന്നു. എൻടിപിസി, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിനാൻസ്, മാരുതി, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ടൈറ്റൻ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഏഷ്യൻ പെയിൻ്റ്‌സ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, എച്ച്‌സിഎൽ ടെക്, സൺ ഫാർമ, ഇൻഡസ്ഇൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക് ഓഹരികൾ ഇടിഞ്ഞു.
സെക്ടറൽ സൂചികകളുടെ വ്യാപാരം സമ്മിശ്രമായിരുന്നു. നിഫ്റ്റി എനർജി, കമ്മോഡിറ്റീസ്, പിഎസ്ഇ സൂചികകൾ ഒരു ശതമാനത്തോളം ഉയർന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ചൊവ്വാഴ്ച 1,157.70 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ഏഷ്യൻ വിപണികളിൽ ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നേട്ടത്തിലും സിയോൾ, ടോക്കിയോ എന്നിവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ചൊവ്വാഴ്ച യുഎസ് വിപണികൾ നേട്ടത്തിലാണ് അവസാനിച്ചത്.
ബ്രെൻ്റ് ക്രൂഡ് 0.63 ശതമാനം ഉയർന്ന് ബാരലിന് 73.23 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് ഒരു ശതമാനം ഉയർന്ന് 2674 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 15 പൈസ ഇടിഞ്ഞ് 84.44ൽ എത്തി