എന്നും അങ്ങനെ താഴ്ന്നാലോ? സ്വര്‍ണത്തിന് ഇന്ന് നേരിയ വിലവര്‍ധന
- ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ചു
- സ്വര്‍ണം ഗ്രാമിന് 7105 രൂപ
- പവന് 56840 രൂപ
സ്വര്‍ണമല്ലേ? എന്നും വില കുറയാനാകുമോ? വിലക്കയറ്റത്തിനിടയില്‍ രണ്ടുദിവസം കൂപ്പുകുത്തിയശേഷം നേരിയ വര്‍ധനയുമായാണ് പൊന്ന് ഇന്ന് വിപണിയിലെത്തിയത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7105 രൂപയും പവന് 56840 രൂപയുമായി ഉയര്‍ന്നു.
കഴിഞ്ഞ രണ്ടു ദിവസമായി സ്വര്‍ണവില പവന് 1760 രൂപ കുറഞ്ഞിരുന്നു. ഇതോടെ വിവാഹ ആവശ്യങ്ങള്‍ക്കായി പൊന്നുവാങ്ങാനിരുന്നവര്‍ക്ക് ആശ്വാസമായിരുന്നു. പലരും സ്വര്‍ണം ബുക്കുചെയ്യാനും തുടങ്ങിയിരുന്നു. എന്നാല്‍ വീണ്ടും ട്രെന്‍ഡ് മാറി.
ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ നിര്‍മ്മിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചിട്ടുണ്ട്. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5870 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. എന്നാല്‍ വെള്ളിക്ക് ഇന്ന് വില വ്യത്യാസം ഉണ്ടായിട്ടില്ല. ഗ്രാമിന് 96 രൂപയാണ് ഇന്നത്തെ വിപണിവില.
അന്താരാഷ്ട്രതലത്തില്‍ ഉണ്ടാകുന്ന സംഘര്‍ഷങ്ങള്‍ എന്നും സ്വര്‍ണത്തിന് മുവന്‍തൂക്കം നല്‍കാറുണ്ട്. കൂടാതെ സാമ്പത്തികമായ ചാഞ്ചാട്ടങ്ങളും പൊന്നിനെ കൂടുതല്‍ കരുത്തുറ്റതാക്കുന്നു.
യുഎസില്‍ പലിശ നിരക്ക് കുറയ്ക്കുന്നതില്‍ തിടുക്കമില്ലെന്ന് എഫ് ഒ എംസി മീറ്റിംഗ് മിനിറ്റ് സൂചിപ്പിച്ചതാണ് സ്വര്‍ണത്തിന് കരുത്തായത്. നിരക്ക് കുറയ്ക്കല്‍ ഇനി ക്രമേണയാകാം എന്നാണ് കരുതുന്നത്. പണപ്പെരുപ്പം ലക്ഷ്യമിടുന്ന 2 ശതമാനത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. തൊഴില്‍ വിപണിയിലെ സാഹചര്യങ്ങളും മികച്ചതാണ്. അതിനാല്‍ ഡിസംബറില്‍ നടക്കുന്ന യോഗത്തില്‍ നിരക്ക് കുറയ്ക്കില്ലെന്നാണ് കരുതുന്നത്.