സ്വര്‍ണ വില ഇനിയും ഉയരാന്‍ വലിയ സാധ്യത: എംകെ വെല്‍ത്ത് മാനേജ്‌മെന്റ്

  • ഔണ്‍സിന് $2100 എന്ന നില മറികടന്നേക്കാം
  • സാമ്പത്തിക അനിശ്ചിതാവസ്ഥകള്‍ സ്വര്‍ണത്തെ പിന്തുണയ്ക്കുന്നു
  • ഔണ്‍സിന് $1930 എന്നതിന് താഴേപ്പോകാന്‍ സാധ്യത വിരളം

Update: 2023-04-17 10:39 GMT

ആഗോള തലത്തില്‍ സ്വര്‍ണവില ഇനിയും ഉയരാന്‍ മികച്ച സാധ്യത നിലനില്‍ക്കുന്നതായി എംകെ വെല്‍ത്ത് മാനേജ്‌മെന്റിന്റെ നിരീക്ഷണം. സ്വര്‍ണം ഔണ്‍സിന് $2020 എന്നതിനോട് അടുത്ത് നില്‍ക്കുന്നതിനുള്ള സാധ്യതകളാണ് ഹ്രസ്വകാലത്തേക്ക് ഉള്ളത്. ഇത് $2080 വരെ ഉയരുന്നതിന് വലിയ സാധ്യതകള്‍ നിലനില്‍ക്കുന്നതായും ഒരു പക്ഷേ $2100 എന്ന നില മറികടക്കാമെന്നും നിരീക്ഷിക്കപ്പെടുന്നു. എംകെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ വെല്‍ത്ത് മാനേജ്‌മെന്റ്, അഡൈ്വസറി വിഭാഗമാണ് എംകെ വെല്‍ത്ത് മാനേജ്‌മെന്റ്.

യുഎസ് ഡോളറിന്റെ മൂല്യത്തില്‍ സംഭവിക്കുന്ന ഇടിവാണ് നിലവില്‍ സ്വര്‍ണത്തിന് കരുത്താകുന്നത്. ബാങ്കിംഗ് രംഗം നേരിടുന്ന സമ്മര്‍ദ്ദം മാന്ദ്യത്തിന്റെ സാഹചര്യം നേരത്തേയാക്കുമെന്നാണ് ഫെഡ് റിസര്‍വിലെ ചില എക്‌സിക്യൂട്ടിവുകള്‍ കണക്കുകൂട്ടുന്നത്. ഇതും സ്വര്‍ണത്തെ മുന്നോട്ടു നയിക്കും. നിലവിലെ സംഭവഗതികള്‍ സുരക്ഷിത നിക്ഷേപം എന്ന സ്വര്‍ണത്തിന്റെ ഖ്യാതി ഉയര്‍ത്തിയതായും എംകെ വെല്‍ത്ത് മാനേജ്‌മെന്റ് ചൂണ്ടിക്കാണിക്കുന്നു.

നിലവില്‍ ഔണ്‍സിന് $1960-2060 എന്ന നിലയിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഒരുമാസ കാലയളവില്‍ രണ്ടുതവണ ഇത് $2060നു മുകളിലേക്ക് പോകുന്ന സാഹചര്യമുണ്ടായി. ഇപ്പോഴത്തെ സാഹചര്യത്തില്‍ $1930ഉം $1960ഉം സ്വര്‍ണത്തിന്റെ കരുത്തുള്ള സപ്പോര്‍ട്ടിംഗ് ലെവലുകളാണ്. യുഎസിലെ സാഹചര്യങ്ങള്‍ക്കൊപ്പം അതിന് അനുബന്ധമായി യൂറോപ്പിലുണ്ടായ ചലനങ്ങളും സ്വര്‍ണ വിലയ്ക്ക് അനുകൂലമാണ്. മറ്റ് രാജ്യങ്ങളിലേക്കും സാമ്പത്തിക അനിശ്ചിതാവസ്ഥ പരക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. കേന്ദ്രബാങ്കുകള്‍ ധനനയം കൂടുതല്‍ കടുപ്പിക്കുന്നതിന് വിമുഖത പ്രകടപ്പിക്കുമെന്നും വിലയിരുത്തപ്പെടുന്നു. ഇതെല്ലാം സ്വര്‍ണ്ണ വിലയെ മുന്നോട്ടുനയിക്കും.

സ്വര്‍ണവില ഔണ്‍സിന് $1930 എന്ന തലത്തിന് താഴേക്ക് പോകുന്നതിനുള്ള സാധ്യത നിലവില്‍ വളരേ വിരളമാണ്. വാസ്തവത്തില്‍ അത്തരമൊരു ഇടിവിലേക്ക് അടുത്തിടെ നീങ്ങിയെങ്കിലും ഉടന്‍ തന്നെ തിരിച്ചുവരവ് നടത്തുകയായിരുന്നു.

Tags:    

Similar News